സ്‌കൈപ്പിലും വാട്‌സ് ആപ്പിലും വരെ മൊഴി ചൊല്ലി മുസ്ലിം പെണ്‍കുട്ടികളെ അനാധരാക്കുന്നത് വ്യാപകമായതോടെയാണ് കോടതി ഇടപെടലുണ്ടായത് സ്വന്തം ല...
സ്‌കൈപ്പിലും വാട്‌സ് ആപ്പിലും വരെ മൊഴി ചൊല്ലി മുസ്ലിം പെണ്‍കുട്ടികളെ അനാധരാക്കുന്നത് വ്യാപകമായതോടെയാണ് കോടതി ഇടപെടലുണ്ടായത്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്ത്യയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് മുത്തലാഖുകളാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ കണ്ണീരു കുടിക്കുകയും ചെയ്യുന്നുണ്ട്.ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്കു മുന്നില്‍ വന്ന കേസില്‍ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിനെ തന്നെ തീരുമാനമെടുക്കാന്‍ നിയോഗിച്ചത്. മതപരമായ വിഷയമായതിനാല്‍ കോടതി വളരെ സൂക്ഷിച്ചാണ് കേസ് കൈകാര്യം ചെയ്തത്.
ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍, സിഖ് , സൊരാഷ്ട്രിയന്‍ വിശ്വാസങ്ങളില്‍ നിന്നുള്ള അഞ്ചു ജഡ്ജിമാരുടെ പാനലിനെയാണ് ഇക്കാര്യത്തില്‍ വിധി പറയാനായി കോടതി നിശ്ചയിച്ചത്. ഇവര്‍ക്ക് സ്വാഭാവികമായും ഏകാഭിപ്രായത്തിലെത്താനാവാതെ പോയി. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് തന്നെ വിയോജിച്ചുകൊണ്ടാണ് വിധി വന്നത്.
പക്ഷേ, ഭരണഘടനാ ബെഞ്ചില്‍ എല്ലാ ന്യായാധിപന്മാര്‍ക്കും തുല്യ അധികാരമാണെന്നിരിക്കെ മൂന്നു ജഡ്ജിമാര്‍ പുറപ്പെടുവിച്ച വിധി അംഗീകരിക്കപ്പെടുകയായിരുന്നു.
എന്നാല്‍, ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹാര്‍ കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചതിനൊപ്പം പ്രത്യേകം വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഭരണഘടനാ ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ ചീഫ് ജസ്റ്റിസിന്റെ വിധിയെ അനുകൂലിച്ചു.
മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, റോഹില്‍ടണ്‍ നരിമാന്‍, യു.യു. ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്.
മതാചാരത്തിന്റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെയെന്നും അതിന് ആറ് മാസം സമയം അനുവദിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിധി. ഇതോടെ, ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
പക്ഷേ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഈ വിഷയം കേന്ദ്രം ഏറ്റെടുക്കുമോ എന്നു കണ്ടറിയണം. മുസ്ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്നും ഖെഹാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു
ണ്ട്. ഈ ആറ് മാസത്തേക്ക് മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും ഈ കാലയളവില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നില്ലെങ്കില്‍ മുത്തലാഖ് നിരോധനം തുടരുമെന്നും ഖെഹാറിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ പാര്‍ലമെന്റ് ഉടന്‍ ഇടപെട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല.
മതപരമായ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെക്കാള്‍ ഉചിതം പാര്‍ലമെന്റ് ഇടപെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ് മുത്തലാഖെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിന്യായത്തില്‍ വ്യക്തമാക്കി.
അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്തലാഖ് പാടില്ലെന്നു വിധിച്ചതോടെ അത് കോടതി വിധിയായി മാറുകയായിരുന്നു. ഭരണഘടന ബെഞ്ചില്‍ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണുള്ളത്.
സ്‌കൈപ്പിലും വാട്‌സ് ആപ്പിലും വരെ മൊഴി ചൊല്ലി മുസ്ലിം പെണ്‍കുട്ടികളെ അനാധരാക്കുന്നത് വ്യാപകമായതോടെയാണ് കോടതി ഇടപെടലുണ്ടായത്.
അഖിലേന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുത്തലാഖ് നിരോധിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
പാകിസ്ഥാന്‍ ഉള്‍പ്പെടെ പല ഇസ്ലാമിക രാജ്യങ്ങളും മുത്തലാഖ് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ഇത് എന്തിന് ഇന്ത്യയില്‍ അനുവദിക്കണമെന്നും കോടതി ചോദിച്ചു.
COMMENTS