സ്വന്തം ലേഖകന്‍ കൊച്ചി : ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഓണത്തിനു തീയറ്ററിലെത്തിക്കാന്‍ താരവുമായി അടുപ്പമുള്ളവര്‍ നീക്കമാരംഭിച്ച...
സ്വന്തം ലേഖകന്‍
കൊച്ചി : ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഓണത്തിനു തീയറ്ററിലെത്തിക്കാന്‍ താരവുമായി അടുപ്പമുള്ളവര്‍ നീക്കമാരംഭിച്ചു. എന്നാല്‍, ഓണത്തിന് മറ്റു സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രം റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും മറ്റു സിനിമകള്‍ ഇല്ലാത്ത സമയമായതിനാല്‍ ഉടന്‍ റിലീസ് ചെയ്യുന്നതായിരിക്കും നല്ലതെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍.രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അപ്പോഴാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ടെന്നും ജാമ്യം കിട്ടി താന്‍ പുറത്തിറങ്ങിയിട്ടു റിലീസ് ചെയ്താല്‍ മതിയെന്നും ദിലീപ് നിര്‍ദ്ദേശം കൊടുത്തത്.
ഇതോടെ, നിര്‍മാതാവ് ടോമിച്ചന്‍ മുകളകുപ്പാടം പ്രതിസന്ധിയിലായിരിക്കുകയാണ്. ചിത്രം പെട്ടിയില്‍ ഇരിക്കും തോറും തന്റെ പണമാണ് കത്തിത്തീരുന്നതെന്ന തിരിച്ചറിവാണ് ടോമിച്ചനെ വിഷമിപ്പിക്കുന്നത്.
തനിക്ക് അധികം വൈകാതെ ജാമ്യം കിട്ടുമെന്നും താന്‍ കൂടി പുറത്തുണ്ടെങ്കില്‍ അതു ചിത്രത്തിനു കൂടുതല്‍ ഗുണം ചെയ്യുമെന്നുമാണ് അരുണ്‍ ഗോപിയോട് ദിലീപ് പറഞ്ഞത്.
എന്നാല്‍, ഓണച്ചിത്രമായി രാമലീല എത്തിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്. അതിനകം ജാമ്യം നേടി ഇറങ്ങാമെന്നും ദിലീപ് കണക്കുകൂട്ടുന്നു.
എന്നാല്‍, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ... തുടങ്ങിയ ചിത്രങ്ങള്‍ ഓണത്തിനെത്തുന്നുണ്ട്. ഇവയ്‌ക്കൊപ്പം ദിലീപ് ചിത്രം കൂടി ഇറക്കുന്നത് ബുദ്ധിയായിരിക്കില്ലെന്ന ഉപദേശമാണ് ടോമിച്ചന് കിട്ടിയിട്ടുള്ളത്.
ദിലീപ് ചിത്രം ഓണത്തിന് എത്തുന്നതിനോട് സൂപ്പര്‍ താരങ്ങള്‍ക്കും അനിഷ്ടമാണെന്നാണ് അറിയുന്നത്. തങ്ങളുടെ ചിത്രങ്ങള്‍ക്കും ആളു കയറാത്ത സ്ഥിതി രാമലീല സൃഷ്ടിക്കുമെന്ന് സൂപ്പര്‍ താരങ്ങള്‍ ഭയക്കുന്നു.
ഇപ്പോള്‍ തന്നെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊന്നും വേണ്ടത്ര കളക്ഷന്‍ കിട്ടുന്നില്ല. സിനിമയോടു തന്നെ ജനത്തിനു വെറുപ്പുണ്ടായ സ്ഥിതിയാണ്. ഏറെ പ്രതീക്ഷയോടെ ഇറക്കിയ പുലിമുരുകന്‍ ത്രിഡി എട്ടു നിലയില്‍ പൊട്ടിയതു തന്നെ ഇതിനു തെളിവായി പറയുന്നു.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും നല്ല ചിത്രമെന്ന പേരെടുത്തിട്ടും കാര്യമായ കളക്ഷനുണ്ടാക്കാതെ പോവുകയായിരുന്നു. ഇതിനെല്ലാം കാരണം സിനിമ നേരിടുന്ന അപമാനം തന്നെയാണെന്നാണ് പൊതു വിലയിരുത്തല്‍.
ഈ ഓണത്തോടെ, ഇത്തരം പ്രതിസന്ധികളില്‍ നിന്നു കരേറാമെന്നു സിനിമാ പ്രവര്‍ത്തകര്‍ കരുതുമ്പോഴാണ് രാമലീലയുമായി എത്താന്‍ ദിലീപ് പദ്ധതിയുടുന്നത്.
COMMENTS