അഭിനന്ദ് ന്യൂഡല്‍ഹി : കേന്ദ്രത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരേ പ്രതിപക്ഷം സമരപരമ്പരകള്‍ ആസൂത്രണം ചെയ്തിരിക്കെ, പതിവുപോലെ...
അഭിനന്ദ്
ന്യൂഡല്‍ഹി : കേന്ദ്രത്തിനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരേ പ്രതിപക്ഷം സമരപരമ്പരകള്‍ ആസൂത്രണം ചെയ്തിരിക്കെ, പതിവുപോലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്കു മുങ്ങി.
നോര്‍വീജിയന്‍ സര്‍ക്കാരില്‍ നിന്ന് ക്ഷണം സ്വീകരിച്ച് ഓസ്ലോയിലേക്കാണ് രാഹുല്‍ പോകുന്നത്. ഇനി കുറച്ചുദിവസം ഓസ്ലോയിലായിരിക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു നാട്ടുകാരെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ, ബിസിനസ് നേതാക്കളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ആശയങ്ങള്‍ കൈമാറുന്നതിനാണ് യാത്രയെന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പറയുന്നത്.
ബീഹാറിലും ഗുജറാത്തിലുമായി രണ്ടു പ്രധാന രാഷ്ട്രീയ റാലികള്‍ രാഹുല്‍ വേണ്ടെന്നുവയ്ക്കുന്നത് പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ഞായറാഴ്ച പട്‌നയില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് സംയുക്ത പ്രതിപക്ഷ റാലി സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ ഒന്നിന് ഗുജറാത്തിലും പ്രതിപക്ഷ ഐക്യത്തിന്റെ മഹാറാലി നടക്കുന്നുണ്ട്. രണ്ടിലും പങ്കെടുക്കാനാവില്ലെന്ന് രാഹുല്‍ അറിയിച്ചത് പ്രതിപക്ഷത്തു മാത്രമല്ല, കോണ്‍ഗ്രസിലും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കമെന്ന നിലയിലാണ് ഈ റാലികളെ പ്രതിപക്ഷം കാണുന്നത്. അപ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് തന്നെ വിട്ടുനില്ക്കുന്നതിലാണ് പ്രതിപക്ഷത്തിനു രോഷം.
നേരത്തേയും ഇതുപോലെ രാഹുല്‍ സുപ്രധാന ഘട്ടങ്ങളില്‍ വിദേശത്തേയ്ക്കു പോയിരുന്നു. ഇതേസമയം, അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദുമായി കൈകോര്‍ക്കുന്നതിലെ വിമുഖതയാണ് രാഹുല്‍ വിദേശത്തേയ്ക്കു മുങ്ങാന്‍ കാരണമെന്നും ശ്രുതിയുണ്ട്.
COMMENTS