ന്യൂഡല്‍ഹി: ലഡാക്കില്‍ പാൻഗോങ് തടാകക്കരയിൽ ഇന്ത്യൻ സൈനികർക്കു നേരേ ചൈനീസ് സേന കല്ലെറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു....
ന്യൂഡല്‍ഹി: ലഡാക്കില്‍ പാൻഗോങ് തടാകക്കരയിൽ ഇന്ത്യൻ സൈനികർക്കു നേരേ ചൈനീസ് സേന കല്ലെറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
90 സെക്കൻഡുള്ള വീഡിയോയാണ് പുറത്തുവന്നത്. അതിക്രമിച്ചു കയറിയ ചൈനീസ് സേനയെ ഇന്ത്യൻ സേന തടയുന്നതും ചൈനീസ് സൈനികർ കല്ലെറിയുന്നതും ഇന്ത്യൻ സേന തിരിച്ചടിക്കുന്നതും വീഡിയോയിൽ കാണാം.
കല്ലേറില്‍ ഇരുപക്ഷത്തും സൈനികര്‍ക്കു പരിക്കുണ്ടെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
സേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയിലാണ് പാൻഗോങ് തടാകം.
ഇവിടെ ഫിങ്കര്‍ 4, ഫിംഗര്‍ 5 മേഖലകളിലാണ് കടന്നുകയറ്റ ശ്രമമുണ്ടായത്. ശക്തമായ കല്ലേറ് ഇരു ഭാഗത്തുനിന്നുമുണ്ടായി. ഇന്ത്യയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ചൈനീസ് സേന പിന്മാറുകയായിരുന്നു എന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ട്.
രണ്ടു തവണയാണ് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമം നടത്തിയത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ മുക്കാലി ജംഗ്ഷനായ ദോക് ലാമിലെ സംഘര്‍ഷത്തിനു പുറമേയാണ് ലഡാക്കിലും ചൈനീസ് പട്ടാളം ഇന്ത്യന്‍ ക്ഷമ പരിശോധിക്കുന്നത്.
അടുത്തിടെ , ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ബരാഹോട്ടിയില്‍, രണ്ടു തവണ ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തു കടന്നുകയറിയിരുന്നു. ഇവിടെയും ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.
ലഡാക്കില്‍ ഇപ്പോള്‍ കടന്നുകയറിയ പ്രദേശം എന്നും സംഘര്‍ഷം നിലനില്ക്കുന്നതാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ കുറഞ്ഞപ്പോഴും ചൈന ഇവിടെ കടന്നുകയറിയിരുന്നു.
ഹിമാലയത്തിൽ 13900 അടി ഉയരത്തിലാണ് പാൻഗോങ് തടാകം. 134 കിലോമീറ്റർ ദൈർഘ്യമുള്ള തടാകത്തിന്റെ 45 കിലോമീറ്റർപ്രദേശം ഇന്ത്യൻ നിയത്രണത്തിലും 90 കിലോമീറ്റർപ്രദേശം ചൈനയുടെ അധീനതയിലുമാണ്. തടാകത്തിന്റെ പേരിൽ ചൈന പലപ്പോഴും അനാവശ്യ അവകാശവാദം നടത്താറുണ്ട്.
COMMENTS