അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ റിമാന്‍ഡ് ഈ മാസം 18 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി...
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ റിമാന്‍ഡ് ഈ മാസം 18 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി.
സുനിയെ കൂടാതെ കൂട്ടുപ്രതികളായ ബിജീഷ്, മാര്‍ട്ടിന്‍, മണികണ്ഠന്‍, വടിവാള്‍ സലീം, ചാര്‍ലി, പ്രദീപ് എന്നിവരെയും ഇന്ന് വിസ്തരിച്ചു.
ജയിലില്‍ വച്ച് തനിക്ക് മര്‍ദനമേറ്റെന്ന് സുനി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് സുനിയെ പരിശോധിച്ച ആലുവ താലൂക്ക് പൊലീസ് സര്‍ജനെ കോടതി വിസ്തരിക്കുകയും ചെയ്തു. എന്നാല്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചെന്ന് സുനി പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ കോടതിയെ അറിയിച്ചു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സുനിയെ ഇന്നു രാവിലെയാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് കോടതി വളപ്പില്‍വച്ച് സുനി മാധ്യമപ്രവര്‍ത്തകരോടു വിളിച്ചുപറഞ്ഞിരുന്നു.
ജീവനു ഭീഷണിയുള്ളതിനാല്‍ സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.
അഭിഭാഷകനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്. ഇതേ ചൊല്ലി സുനിയുടെ അഭിഭാഷകരായ അഡ്വ. ബി.എ.ആളൂരും അഡ്വ. ടെനിയും തമ്മില്‍ കോടതിയില്‍ തര്‍ക്കമുണ്ടായി.
ടെനിക്ക് പകരം ആളൂരിനെ വക്കാലത്ത് ഏല്‍പിക്കാന്‍ അനുവദിക്കണമെന്ന് സുനി കോടതിയോട് അഭ്യര്‍ഥിച്ചു. കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ആളൂരിനെ കോടതി താക്കീത് ചെയ്യുകയും ചെയ്തു.
ഇഷ്ടമുള്ള അഭിഭാഷകന് വക്കാലത്ത് നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ആളൂരിനെ കോടതി താക്കീതു ചെയ്യുകയും ചെയ്തു.
COMMENTS