വിന്‍സെന്റ് എംഎല്‍എയെ നെയ്യാറ്റിന്‍കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്...
വിന്‍സെന്റ് എംഎല്‍എയെ നെയ്യാറ്റിന്‍കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം. വിന്‍സെന്റ് എംഎല്‍എയെ നെയ്യാറ്റിന്‍കര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തുടര്‍ന്ന് അദ്ദേഹത്തെ നെയ്യാറ്റിന്‍കര സബ് ജയിലേക്ക് മാറ്റി. രാത്രിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
ഈ വിഷയത്തിന്റെ പേരില്‍ രാജിയില്ലെന്നും തന്റെ മുന്‍ഗാമികളാരും ഇത്തരം കേസുകളില്‍ രാജിവച്ച ചരിത്രമില്ലെന്നുമാണ് വിന്‍സെന്റ് പറയുന്നത്.
ഇതിനിടെ, വിന്‍സെന്റിന് ആശ്വാസമായി അദ്ദേഹത്തെ തുണച്ച് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ രംഗത്തുവന്നിട്ടുണ്ട്. വിന്‍സെന്റിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് ഹസ്സനും പറയുന്നത്. എന്നാല്‍, വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം പാര്‍ട്ടിക്കാരനായ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എ എന്ന പരിഗണന നഷ്ടപ്പെട്ടാല്‍ കേസില്‍ പിടിച്ചുനില്‍ക്കാനുള്ള പഴുതുകള്‍ നഷ്ടപ്പെടുമെന്നതിനാലാണ് വിന്‍സെന്റ് രാജിവയ്ക്കാത്തതെന്നാണ് സൂചന. അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിച്ചാല്‍ ആ സീറ്റ് നഷ്ടമാവുമെന്ന ആശങ്കയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്.
തനിക്ക് ഇനി സീറ്റ് കിട്ടാന്‍ പോകുന്നില്ലെന്നും തന്റെ രാഷ്ട്രീയ ഭാവിക്കു മേല്‍ കനത്ത കരിനിഴലാണ് വീണിരിക്കുന്നതെന്നും വിന്‍സെന്റിനും അറിയാം. അതുകൊണ്ടുകൂടിയാണ് ഇന്നലെ രാജിക്ക് ഭാഗികമായി തയ്യാറെടുത്തിരുന്ന വിന്‍സെന്റ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
തന്നെ അറസ്റ്റുചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും രാജിവയ്ക്കില്ലെന്നും എം. വിന്‍സെന്റ് എംഎല്‍എ പ്രഖ്യാപിച്ചതോടെ പുതിയൊരു രാഷ്ട്രീയ വടംവലിക്കു കളമൊരുങ്ങുന്നു.
സാധാരണ നിലയില്‍ ഇത്തരം അധമവൃത്തികളില്‍ ആരോപണവിധേയരായാല്‍ പോലും ജനപ്രതിനിധികള്‍ കൈയോടെ രാജിവയ്ക്കുകയാണ് പതിവ്. ഇവിടെ പക്ഷേ, വിന്‍സെന്റ് മറിച്ചൊരു നിലപാടെടുത്തതോടെ കടുത്ത നടപടിക്കു സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലില്‍ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം വാഹനത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍നിന്നു പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിയ എംഎല്‍എയെ അവിടെവച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി.
അവിടെനിന്ന് അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തിരിക്കുന്നത്.
എസ്പി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. 900 തവണയാണ് എംഎല്‍എ വീട്ടമ്മയെ ഒരു മാസത്തിനുള്ളില്‍ ഫോണ്‍വിളിച്ചിരിക്കുന്നത്.
ഇത്തരം തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു ചോദ്യംചെയ്യല്‍. പരാതിക്കാരിക്ക് മാനസികവിഭ്രാന്തിയുണ്ടെന്നു മാത്രമായിരുന്നു വിന്‍സന്റ് വാദിച്ചത്. 900 തവണ വിളിച്ചതിനു കാരണമെന്തെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ഇല്ലതാനും.
അറസ്റ്റ് ഒഴിവാക്കാന്‍ എംഎല്‍എ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല.
ബാലരാമപുരത്തെ കടയില്‍ കടന്നുചെന്നു വിന്‍സെന്റ് ഭീഷണിപ്പെടുത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്നുമാണ് വീട്ടമ്മ പരാതിപ്പെട്ടിരിക്കുന്നത്.
എംഎല്‍എയുടെ ശല്യം സഹിക്കാനാവാതെ ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയിലാണ്. വീട്ടമ്മയുമായി അടുപ്പമുള്ള മൂന്നുപേര്‍ കൂടി എംഎല്‍എയ്‌ക്കെതിരേ രഹസ്യമൊഴി കൊടുത്തിട്ടുണ്ട്.
COMMENTS