കൊച്ചി : നടിയോടു തന്റെ മകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചിട്ടില്ലെന്നും വിഷയം നിയമപരമായി തന്നെ നേരിടുമെന്നും പരാതിക്കാരി നനഞ്ഞിടം കുഴിക്കാന്...
കൊച്ചി : നടിയോടു തന്റെ മകന്‍ ലൈംഗിക ചുവയോടെ സംസാരിച്ചിട്ടില്ലെന്നും വിഷയം നിയമപരമായി തന്നെ നേരിടുമെന്നും പരാതിക്കാരി നനഞ്ഞിടം കുഴിക്കാന്‍ നോക്കുകയാണെന്നും നടനും സംവിധായകനുമായ ലാല്‍.
ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ജീന്‍ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്ന യുവതിയോട് ജീനും നടന്‍ ശ്രീനാഥ് ഭാസിയും മറ്റു രണ്ടു പേരും ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രതിഫലം കൊടുക്കാതെ വിട്ടുവെന്നുമാണ് പരാതി.
ഈ കേസില്‍ എല്ലാവരെയും പൊലീസ് ചോദ്യംചെയ്യാനിരിക്കെയാണ് മകനെ രക്ഷിക്കാനായി ലാല്‍ രംഗത്തുവന്നിരിക്കുന്നത്.
ലാലിന്റെ വാക്കുകള്‍:
പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണ്. സിനിമ കഴിഞ്ഞ് ഇത്രയും വൈകി പരാതി നല്‍കിയതിനു കാരണം നടിയോടു ചോദിക്കണം. ഇപ്പോഴത്തെ ആരോപണത്തിനു പിന്നില്‍ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ല.
അവരുടെ ആദ്യ സിനിമയായിരുന്നു ഇത്. 50,000 രൂപ പ്രതിഫലം പറഞ്ഞിരുന്നു. അഭിനയം ഒട്ടും തൃപ്തികരമായിരുന്നില്ല. സിനിമയ്ക്കായി കയ്യില്‍ ടാറ്റൂ കുത്തണമായിരുന്നു. അതിനോടും അവര്‍ അനുകൂല നിലപാടായിരുന്നില്ല.
ശ്രീനിവാസനും ലെനയും അഭിനയിക്കുന്ന ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതു കഴിയും വരെ കാത്തിരിക്കാന്‍ പോലും നടി തയ്യാറായിരുന്നില്ല. കൊച്ചിയിലെ ഹോട്ടല്‍ റമദയിലായിരുന്നു ഷൂട്ടിങ്. പുതിയ നടിക്കായി ശ്രീനിവാസനെപ്പോലെയുള്ള നടന്‍മാരോടു പിറ്റേദിവസം വരാന്‍ പറയാനാവില്ല.
ഇതുകഴിഞ്ഞ് ശ്രീനാഥ് ഭാസിയുമൊത്തുള്ള സീന്‍ എടുത്തു. തുടര്‍ന്ന് കാറില്‍ പെണ്‍കുട്ടി വന്നിറങ്ങുന്ന രംഗമെടുക്കണമെന്നു പറഞ്ഞപ്പോള്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നായിരുന്നു മറുപടി.
ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കംഫര്‍ട്ടബിള്‍ അല്ലെന്നും ഇപ്പോള്‍ ഷൂട്ടിങ് പറ്റില്ലെന്നും പറഞ്ഞത് , ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഷനിലായിരുന്ന സംവിധായകന് ദേഷ്യമുണ്ടാക്കി. തുടര്‍ന്ന് യുവതിയോടു പോയ്‌ക്കോളാന്‍ ജീന്‍ പറഞ്ഞു.
ഈ വിവരം അസിസ്റ്റന്റ് ഡയറക്ടര്‍ യുവതിയെ അറിയിച്ചു. ഇതുകേട്ടതും അവര്‍ ബാഗെടുത്ത് സെറ്റില്‍നിന്നു പോയി. സെറ്റില്‍ ഇങ്ങനെ പെരുമാറിയ ആള്‍ക്ക് പണം കൊടുക്കേണ്ടെന്നു ഞാനാണ് പറഞ്ഞത്.
ഹണി ബീ 2 ഇറങ്ങിയിട്ട് കുറെ മാസങ്ങളായി. ഒരു മാസം മുന്‍പാണ് വക്കീല്‍ നോട്ടീസ് കിട്ടിയത്. പൊലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. യഥാര്‍ഥ തിരക്കഥയും യുവതി അഭിനയിക്കാതിരുന്നതിനെ തുടര്‍ന്നു തിരുത്തിയ തിരക്കഥയും പൊലീസിനെ കാണിച്ചു. യുവതി പകുതി അഭിനയിച്ചുനിര്‍ത്തിപ്പോയ രംഗങ്ങളും പൊലീസിനെ കാണിച്ചിരുന്നു.
ഈ പെണ്‍കുട്ടി പോയതിനാല്‍ മറ്റൊരാളെ വച്ചാണ് ബാക്കി ഭാഗം മാറ്റി ഷൂട്ട് ചെയ്തത്.
അനാവശ്യ പരാതിയാണ് നടി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയെ പിന്‍തുണയ്ക്കുന്നത് അന്യായമാണ്. അര്‍ഹിക്കുന്നവര്‍ക്കു ന്യായം കിട്ടാതെ വരും.
ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ് ജീന്‍. ഞാനും അശ്ലീലം പറയാറില്ല. ഞങ്ങളെ അറിയുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇക്കാര്യം.
യുവതി 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് ചോദിച്ചത്. കൂടാതെ ജീന്‍ പോളും ശ്രീനാഥും ടിവിയില്‍ വന്നു മാപ്പു പറയണമെന്നും പറയുന്നു.
ഇതൊന്നും അംഗീകരിക്കാനാകില്ല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും എന്തും പറഞ്ഞ് സെന്‍സേഷനുണ്ടാക്കാമെന്ന സ്ഥിതിയാണ്.
ഈ അനാവശ്യ പരാതിക്കു പിന്നില്‍ ആരുമില്ലെന്നാണു കരുതുന്നത്. പക്ഷേ, ഒന്നും പ്രവചിക്കാന്‍ ഞാന്‍ ആളല്ല.
നിയമപരമായി ജീന്‍ പോളിനെതിരായ കേസ് നേരിടും. പണം കൊടുത്ത് ഒത്തുതീര്‍ക്കാനില്ല. സ്ത്രീകള്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ നിലപാടെടുക്കുന്നത്, ലാല്‍ പറഞ്ഞു.
എന്നാല്‍, യുവതി പണത്തിനു വേണ്ടിയാണോ പരാതി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ അതിനപ്പുറവും ചെയ്യുന്ന കാലമാണിതെന്നായിരുന്നു ലാലിന്റെ മറുപടി.
COMMENTS