* രാത്രി ഒന്നരയ്ക്ക് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ കുമ്മനം അവിടെയുണ്ടായിരുന്നു * കാവലിനുണ്ടായിരുന്ന പൊലീസുകാരെ നോക്കുകുത്തികള...
* രാത്രി ഒന്നരയ്ക്ക് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ കുമ്മനം അവിടെയുണ്ടായിരുന്നു
* കാവലിനുണ്ടായിരുന്ന പൊലീസുകാരെ നോക്കുകുത്തികളാക്കി അക്രമം
* വെളുപ്പിനു മൂന്നരയോടെ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചു
* വൈകുന്നേരം മുതല്‍ മണക്കാട്, ആറ്റുകാല്‍ ഭാഗത്ത് സംഘര്‍ഷം, നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനം പോലും തകര്‍ക്കും വിധം ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരേ അതിക്രമം നടന്നതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടിനു നേരേയും ആക്രമണം.തന്നെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ബിജെപി കാര്യാലയത്തിനു നേര്‍ക്കു നടന്ന അക്രമത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് അടക്കം ആറു കാറുകള്‍ തകര്‍ക്കുകയും ചെയ്തു.
രാത്രി ഒന്നരയ്ക്ക് അക്രമം നടക്കുമ്പോള്‍ കുമ്മനം ഓഫീസില്‍ തങ്ങുന്നുണ്ടായിരുന്നു. പുറത്ത് പൊലീസ് കാവലുമുണ്ടായിരുന്നു. പൊലീസിനെ നോക്കുകുത്തിയായി നിറുത്തിയായിരുന്നു അതിക്രമം. അക്രമികളെ തടയാന്‍ നോക്കിയ ഒരു പൊലീസ് ഓഫീസര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
മണക്കാട് കൗണ്‍സിലറും സിപിഎം നേതാവുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നു ബിജെപി ആരോപിച്ചു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ മണക്കാട്, ആറ്റുകാല്‍ പ്രദേശങ്ങളില്‍ ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തങ്ങളുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ആക്രമണമെന്നാണ് ബിജെപി ആരോപിക്കുന്നത്.
മണക്കാട് പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലിലും ആക്രമണങ്ങളിലും നിരവധി വീടുകള്‍ തകര്‍ത്തിരുന്നു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം മുതലാണ് സംഘര്‍ഷം തുടങ്ങിയത്. ആറ്റുകാലിലെ സ്വകാര്യ കോളജില്‍ നടന്ന തിരഞ്ഞെടുപ്പാണ് വ്യാപക സംഘര്‍ഷത്തിലേക്കു നയിച്ചത്.
ഇതിനു പിന്നാലെ വെളുപ്പിനു മൂന്നരയോടെയാണ് മരുതംകുഴിയിലെ ബിനീഷിന്റെ വീട് ആക്രമിക്കപ്പെട്ടത്. ആക്രമണവേളയില്‍ കോടിയേരി ഇവിടെയുണ്ടായിരുന്നില്ല.
വീടിന്റെ ചില്ലുകളും മുന്നിലുണ്ടായിരുന്ന വാഹനങ്ങളും അക്രമത്തില്‍ തകര്‍ക്കപ്പെട്ടു. ബിനീഷും സഹോദരനും കുടുംബവും വീട്ടിലുണ്ടായിരുന്നു.
എന്നാല്‍, തന്നെ ഉന്നമിട്ടാണ് ആക്രമണം നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം അക്രമങ്ങള്‍ നടത്തുന്നതെന്ന് കോടിയേരി ആരോപിച്ചു.
COMMENTS