അഭിനന്ദ് ന്യൂഡല്‍ഹി : ഗുജറാത്തിലെ തങ്ങളുടെ കൂടുതല്‍ എംഎല്‍എമാരെ ബിജെപി പാട്ടിലാക്കുമെന്ന് ഭയന്ന് ശേഷിച്ച 46 നിയമസഭാംഗങ്ങളെ കോണ്‍ഗ്രസ്...
അഭിനന്ദ്
ന്യൂഡല്‍ഹി : ഗുജറാത്തിലെ തങ്ങളുടെ കൂടുതല്‍ എംഎല്‍എമാരെ ബിജെപി പാട്ടിലാക്കുമെന്ന് ഭയന്ന് ശേഷിച്ച 46 നിയമസഭാംഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ബാംഗഌരിലേക്ക് കൂട്ടിക്കൊണ്ടുവന്നു.അഹമ്മദാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് 46 പേരെയും ബാംഗഌരിലെത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടകം എന്ന ധൈര്യത്തിലാണ് ഇവരെ ഇവിടെയെത്തിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മൂന്ന് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേയ്ക്കു പോയത് കോണ്‍ഗ്രസിനു വലിയ തിരിച്ചടിയായിരുന്നു.
നിലവിലെ അവസ്ഥയിലേതിലും ദുരന്തത്തിലേക്കായിരിക്കും പാര്‍ട്ടി വരുന്ന തിരഞ്ഞെടുപ്പില്‍ പോവുകയെന്ന ഭയമാണ് കോണ്‍ഗ്രസിനെ ഇത്തരമൊരു നീക്കത്തിലേക്കു നയിച്ചത്.
കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. നേരത്തേയും സമാനമായ പ്രതിസന്ധികളില്‍ പാര്‍ട്ടി ആശ്രയിച്ചിട്ടുള്ളത് ശിവകുമാറിന്റെ റിസോര്‍ട്ടാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ആറ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നു രാജി വച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം അമ്പരന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന തിരിച്ചറിവാണ് എംഎല്‍എമാരെ രാജിക്കു പ്രേരിപ്പിക്കുന്നത്.
ചനഭായ് ചൗധരി, മന്‍സിന്‍ ചൗഹാന്‍, റാംസിന്‍ പാര്‍മര്‍ എന്നിവരാണ് ആദ്യം രാജിവച്ചത്. അമുല്‍ ഡയറി ചെയര്‍മാന്‍ ആണ് പര്‍മാര്‍. ഗുജറാത്ത് അംസംബഌയില്‍ കോണ്‍ഗ്രസിന്റെ ശക്തി 57 ല്‍ നിന്ന് 51 ആയി കുറഞ്ഞിരിക്കുകയാണ്. അത് ഇനിയും കുറയുമെന്ന ഭയത്തിലാണ് പാര്‍ട്ടി.
ചില എംഎല്‍എമാരുടെ സെല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞു ശ്രമിക്കുകയാണ്.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് എട്ടിനു നടക്കുകയാണ്. അതിനു മുന്‍പ് പരമാവധി പേരെ രാജിവയ്പ്പിക്കുകയാണ് ബിജെപി തന്ത്രം. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ്. എല്ലാവരുംകൂടി രാജിവച്ചു പോയാല്‍ പട്ടേല്‍ പച്ചതൊടില്ല. ഇതു കോണ്‍ഗ്രസിനു മാനക്കേടുമാവും. ഓഗസ്റ്റ് എട്ടിലെ തിരഞ്ഞെടുപ്പിനു മുന്‍പു മാത്രമേ ഇനി എംഎല്‍എമാരെ തിരിച്ചെത്തിക്കൂ എന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് റിബല്‍ ബല്‍വന്ദ് സാഹ്നിക്ക് വോട്ടു മറിച്ച് അഹമ്മദ് പട്ടേലിനെ മാനം കെടുത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. സഭയില്‍ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയുണ്ടാക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമം നടത്തുന്നത്.
അമിത് ഷായും സ്മൃതി ഇറാനിയും ബിജെപി സ്ഥാനാര്‍ത്ഥികളായി ഗുജറാത്തില്‍ നിന്നു മത്സരിക്കുന്നുണ്ട്. ഇരുവരുടെയും ജയം ഉറപ്പുമാണ്.
അഞ്ചു മുതല്‍ പത്തു കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് എംഎല്‍എമാരെ ബിജെപി കൊണ്ടുപോകുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Keywords: Congress Party, BJP, Sonia Gandhi, Ahmmed patel, Rajyasabha Election
COMMENTS