സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം തെറ്റായ ദിശയിലാണെന്നു ഡിജിപി ടി.പി. സെന്‍ ക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടക്കുന്ന അന്വേഷണം തെറ്റായ ദിശയിലാണെന്നു ഡിജിപി ടി.പി. സെന്‍ കുമാര്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരിക്കെ, ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടിമാരുടെ സംഘടന സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു.ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ഈ ആവശ്യമുന്നയിച്ചു മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വുമണ്‍ കളക്ടീവ് പ്രത്യേകവും നടി സ്വന്തം നിലയിലും സര്‍ക്കാരിനു കത്തുനല്കുന്ന കാര്യമാണ് ആലോചിക്കുന്നത്. എന്നാല്‍, അത്തരം നീക്കമൊന്നും തത്കാലം വേണ്ടെന്ന സമ്മര്‍ദ്ദവും നടിമാര്‍ക്കു മേലുണ്ട്.
സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടെന്ന നിലപാടാണ് വനിതാ സംഘടനയ്ക്ക്. കഴിഞ്ഞ ദിവസം അമ്മയുടെ യോഗത്തില്‍ റിമാ കല്ലിംഗല്‍ നടി ആക്രമിക്കപ്പെട്ട വിഷയം ഉന്നയിച്ചപ്പോള്‍ പ്രമുഖരെല്ലാവരും അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയായിരുന്നു. സംഘടനയുടെ അദ്ധ്യക്ഷന്‍ ഇന്നസെന്റ് ആകട്ടെ, ആരെയൊക്കെയോ സംരക്ഷിക്കാന്‍ പാടുപെടുന്ന തരത്തിലാണ് സംസാരിച്ചത്.
യോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനമാവട്ടെ, ഒരു തരം ഗുണ്ടാ വിളയാട്ടം പോലെയായിരുന്നു. സിപിഎമ്മിന്റെ എംഎല്‍എ അടക്കമുള്ളവര്‍ വേദിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെയും നടിക്കു നീതി കിട്ടിയില്ലെന്ന നിലപാടാണ് വനിതാ സംഘടനയ്ക്കുള്ളത്.
ഈ സാഹചര്യത്തിലാണ് നടിമാരുടെ സംഘടനയും അവരെ പിന്തുണയ്ക്കുന്നവരും വിഷയത്തില്‍ സിബി ഐ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന നിലപാട് എടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വഴങ്ങുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഡിജിപി തന്നെ അന്വേഷണം ശരിയല്ലെന്നു പറഞ്ഞിരിക്കെ, സിബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ പഴുത് ബാക്കിയുണ്ട്.
COMMENTS