വിക്ടോറിയ ബെക്കാം. വിശേഷണങ്ങളോ പരിചയപ്പെടുത്തലോ വേണ്ടാത്ത പേരാണിത്. ലോകമെമ്പാടും സാകൂതം നോക്കുന്ന സാക്ഷാല്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ. സ...
വിക്ടോറിയ ബെക്കാം. വിശേഷണങ്ങളോ പരിചയപ്പെടുത്തലോ വേണ്ടാത്ത പേരാണിത്. ലോകമെമ്പാടും സാകൂതം നോക്കുന്ന സാക്ഷാല്‍ ഡേവിഡ് ബെക്കാമിന്റെ ഭാര്യ. സ്‌പൈസ് ഗേള്‍സ് എന്ന ലോകോത്തര ഗായകസംഘാംഗം. നാലുകുട്ടികളുടെ അമ്മ. ഫാഷന്‍ ലോകത്തെ മിന്നും താരം. വൈവിധ്യമേറെയാണ് വിക്ടോറിയയുടെ ജീവിതത്തിന്.
തിരക്കേറിയ സെലിബ്രിറ്റി ജീവിതത്തില്‍ ഗ്ലാമര്‍ രാത്രികളും ഫോട്ടോഷൂട്ടുകളും യാത്രകളുമെല്ലാം പതിവാണ്. എന്നാല്‍ ഇതൊന്നും തന്നെ സ്വാധീനിക്കില്ലെന്ന് വിക്ടോറിയ പറയുന്നു. മാത്രമല്ല, ഗ്ലാമര്‍ ജീവിതത്തേക്കാള്‍ തനിക്ക് ആശ്വാസവും ആനന്ദവും നല്‍കുന്നത് കുടുംബാന്തരീക്ഷമാണെന്ന് വിക്ടോറിയ പറയുന്നു.
എല്ലാവരും കരുതുന്നത് ഞങ്ങള്‍ ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നാണ്. പക്ഷേ അത് വെറും തെറ്റിദ്ധാരണയാണ്. എല്ലാവരെയുംപോലെ സാധാരണ ജീവിതമാണ് ഞങ്ങളും നയിക്കുന്നത്. മക്കളുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം. കുട്ടികള്‍ രാത്രി ശാന്തമായി ഉറങ്ങുമ്പോഴാണ് സമാധാനം ലഭിക്കുന്നത്- വിക്ടോറിയ പറയുന്നു.
ബെക്കാം – വിക്ടോറിയ ദമ്പതികള്‍ക്ക് നാലു മക്കളാണുളളത്. 14കാരന്‍ ബ്രൂക്ലിന്‍, പത്തുവയസ്സുകാരന്‍ റോമിയോ, എട്ടുവയസ്സുകാരന്‍ റോമിയോ പിന്നെ രണ്ടു വയസ്സുകാരി ഹാര്‍പറും.
വിവാഹംകഴിച്ച് ഏറെനാള്‍ കഴിയുംമുന്‍പേ വേര്‍പിരിയുന്നതും പുതിയ പങ്കാളികളെ തേടിപ്പോവുന്നതും യൂറോപ്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ ബെക്കാമും വിക്ടോറിയയും ഇവര്‍ക്കൊക്കെ മാതൃകയാണ്. മാത്രമല്ല, നാലു കുട്ടികളുമായി സസുഖം കുടുംബ ജീവിതം നയിക്കുന്നു. അതുകൊണ്ടുതന്നെ ബെക്കാമിനെക്കുറിച്ച് പറയുമ്പോള്‍ വിക്ടോറിയയ്ക്ക് നൂറുനാവാണ്.
ബെക്കാമിന്റെ നേട്ടങ്ങളില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. പതിനഞ്ച് വര്‍ഷമായി ഞങ്ങള്‍ ബെക്കാമിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. കളിക്കളത്തിലും പുറത്തും ബെക്കാമിന് കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇത് ബെക്കാമും ആഗ്രഹിക്കുന്നു, ഇഷ്ടപ്പെടുന്നു. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുളള താരമാണ് ബെക്കാം. എന്നിട്ടും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ബെക്കാം സമയം കണ്ടെത്തുന്നു. ഞാനും മക്കളും ഭാഗ്യം ചെയ്തവരാണ്.
ഭാര്യയും ഭര്‍ത്താവും സെലിബ്രിറ്റികളായതിനാല്‍ കുടുംബ ജീവിതം ഭംഗിയായി കൊണ്ടുപോകാന്‍ തനിക്ക് ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ടെന്നും വിക്ടോറിയ സമ്മതിക്കുന്നു. കുടുംബ ജീവിതം വളരെ എളുപ്പമുളള ഒന്നല്ല. ഇതില്‍ വിജയിക്കണമെങ്കില്‍ വിട്ടുവീഴ്ചകളും മനസ്സിലാക്കലും കഠിനാദ്ധ്വാനവും ആവശ്യമാണ്. മിക്കപ്പോഴും ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല, വിജയങ്ങളും തിളക്കങ്ങളും മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുക, അതിന് പിന്നിലെ ത്യാഗത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും ചിന്തിക്കാറില്ല.
എന്നെ മഹത്വവല്‍ക്കരിക്കാന്‍ പറയുന്നതല്ല ഇത്. എന്നെപോലെ ജോലിചെയ്യുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങളാണിത്. ഞാനിതില്‍ ചെറിയൊരു കണ്ണിമാത്രം. പക്ഷേ, ഒരുകാര്യം സത്യമാണ്. ഇതൊട്ടും എളുപ്പമുളള കാര്യമല്ല- വിക്ടോറിയ വ്യക്തമാക്കുന്നു.
COMMENTS