സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: നേമം നിയമസഭാ സീറ്റ് ബിജെപിയില്‍ നിന്നു പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: നേമം നിയമസഭാ സീറ്റ് ബിജെപിയില്‍ നിന്നു പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ, ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.
അതെല്ലാം കേട്ടുകേഴ് വി മാത്രമാണെന്നും അര നൂറ്റാണ്ടായി മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.
എന്നാല്‍, മകന് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ന്ലിക്കൊണ്ട്, നേമത്തു മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എതിര്‍പ്പില്ലെന്നാണ് അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ പറയുന്നത്.
താന്‍ മാറുമ്പോള്‍ മകന്റെ രാഷ്ട്രീയഭാവി സുരക്ഷിതമാക്കുക എന്ന രണ്ടു ലക്ഷ്യം ഒരുമിച്ചു നേടാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്.
നേമത്ത്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന് എന്നിവരില്‍ ഒരാള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന് ആദ്യം നിര്‍ദ്ദേശിച്ചത്. കെ മുരളീധരന് വന്നാല്‍ വടകര സീറ്റ് കൈവിട്ടുപോകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. പാര്‍ലമെന്റില്‍ പാര്‍ട്ടി നാമമാത്രമായ സ്ഥിതിയില്‍ നില്‍ക്കെ, ഉള്ള എംപിമാരെ വച്ചു ചൂതാട്ടത്തിന് നേതൃത്വത്തിന് ആശങ്കയുണ്ട്.
ചെന്നിത്തലയാകട്ടെ ഹരിപ്പാട്ടു തന്നെ മത്സരിക്കാനാണ് താത്പര്യം കൂടുതല്‍ കാട്ടുന്നത്. ഇതെല്ലാം ഉമ്മന്‍ ചാണ്ടി നേമത്തു നില്ക്കാന് സാദ്ധ്യത കൂട്ടുന്നുണ്ട്. നേമത്ത് ആരായിരിക്കുമെന്നു രമേശ് ചെന്നിത്തലയും പ്രതീകരിക്കുന്നില്ല. ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്നാണ് എല്ലാവരും പറയുന്നത്. ആ ശക്തന് ഉമ്മന്‍ ചാണ്ടി അല്ലാതെ ആരെന്നാണ് പാര്ട്ടിക്കാര് തന്നെ ചോദിക്കുന്നത്.
ഇതേസമയം, ഉമ്മന്‍ ചാണ്ടി നേമത്തു വരുമെന്ന വാര്‍ത്തകള്‍ ബിജെപി ക്യാമ്പിലും സിപിഎം ക്യാമ്പിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും സിപിഎം സ്ഥാനാര്‍ത്ഥി വി ശിവന് കുട്ടിയുമാണ്.
COMMENTS