സ്വന്തം ലേഖകന്‍ കൊച്ചി: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ...
സ്വന്തം ലേഖകന്‍
കൊച്ചി: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. കേസിലെ പ്രതി സ്വപ്ന സുരേഷ് കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സിക്കു വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്ന് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് എത്തി ശിവശങ്കറിനെ തിരുവനന്തപുരത്തെ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ നിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
അപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നു വ്യക്തമായിരുന്നു. അറസ്റ്റ് ഭയക്കുന്നുണ്ടോ എന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ഇത് അറസ്റ്റാണെന്നു മനസ്സിലായില്ലേ എന്നായിരുന്നു ക്ഷുഭിതനായി ശിവശങ്കര്‍ തിരിച്ചു ചോദിച്ചത്.
കൊച്ചിയിലെ ഇഡി ഓഫീസില്‍ ആറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സ്വര്‍ണം കള്ളക്കടത്ത് ആസൂത്രണം ചെയ്തത് ശിവശങ്കര്‍ തന്നെയാകാമെന്ന് കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ നിലപാടെടുത്തിരുന്നു. ഇപ്പോള്‍ അന്വേഷണം ആ വഴിക്കു തന്നെയാണ് നീങ്ങുന്നത്.
ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്‍പ് ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തിയിരുന്നു. തിരികെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിച്ചു. നാളെ രാവിലെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
ശിവശങ്കര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കര്‍ ഒറ്റയ്ക്കാണെന്നു കരുതുന്നില്ലെന്നും നാളെ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ട സ്ഥിതി വരുമെന്നും ചെന്നിത്തല പറഞ്ഞു.
COMMENTS