In Kanchamajira village of Odisha's Rayagada district, a young couple was tied to a plow and plowed for marrying in violation of customs
ഭുവനേശ്വര്‍: ആചാരങ്ങള്‍ മറികടന്നു വിവാഹം കഴിച്ചതിന് ഒഡീഷയിലെ രായഗഡ ജില്ലയിലെ കഞ്ചമജിര ഗ്രാമത്തില്‍ യുവ ദമ്പതികളെ കലപ്പയില്‍ കെട്ടി നിലം ഉഴുതു.
ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു ക്രൂരമായ പീഡനം നടത്തിയത്. വധുവിന്റെ പിതൃസഹോദരിയുടെ മകനാണ് വരന്‍. ഈ വിഭാഗക്കാരുടെ ആചാരപ്രകാരം ഈ ബന്ധം നിഷിദ്ധമാണ്. അതിനാലാണ് ബന്ധുക്കള്‍ തന്നെ ക്രൂരമായ ശിക്ഷ വിധിച്ചത്.
ബന്ധുക്കളായ യുവാവും യുവതിയും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. എന്നാല്‍, പുരുഷന്‍ സ്ത്രീയുടെ പിതൃസഹോദരിയുടെ മകനായത് പ്രാദേശിക ആചാരങ്ങള്‍ അനുസരിച്ച് വിവാഹത്തിനു നിഷിദ്ധമായ ബന്ധമായി ഇവര്‍ കണക്കാക്കപ്പെടുന്നു.
വിവാഹം നിയമപരമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഗ്രാമീണരും ബന്ധുക്കളും ഇത് അംഗീകരിച്ചില്ല. മുളയും മരത്തടികളും കൊണ്ട് ഉണ്ടാക്കിയ നുകത്തിലാണ് ദമ്പതികളെ ബന്ധിച്ചത്. ഇവരെ പീഡിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് പുരുഷന്മാര്‍ ദമ്പതികളെ വടികൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഒരു വൃദ്ധയും കമ്പുമായി വന്ന് യുവാവിനെ തല്ലുന്നുണ്ട്. നുകത്തില്‍ നിന്നു കുതറി മാറിയ യുവാവിനെ കലപ്പ പിടിച്ചിരുന്നയാള്‍ ചെകിട്ടിന് അടിക്കുന്നതും കാണാം.
വയലില്‍ ഉഴുതുമറിച്ച ശേഷം, ദമ്പതികളെ ഗ്രാമത്തിലെ ദേവാലയത്തിലേക്കു കൊണ്ടുപോയി. അവിടെ മുതിര്‍ന്നവര്‍ അവരെ ശുദ്ധീകരണ ചടങ്ങുകള്‍ നടത്തി. സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ദമ്പതികള്‍ 'പാപം' ചെയ്‌തെന്നാണ് ഗ്രാമവാസികളുടെ വിലയിരുത്തല്‍. അതിനാലാണ് ശുദ്ധീകരണ പ്രവൃത്തികള്‍ ചെയ്തത്രേ. ഈ ശിക്ഷ അവരെ നാണം കെടുത്താനും അവരുടെ ധിക്കാരം പൊറുത്ത് സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരം പ്രതിലോമകരവും നിയമവിരുദ്ധവുമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചുവെന്നും ഉടന്‍ കേസെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് എസ് സ്വാതി കുമാര്‍ പറഞ്ഞു.
ജനുവരിയില്‍ സമാനമായ ഒരു സംഭവത്തില്‍, ഒരു സ്ത്രീ മറ്റൊരു ജാതിയില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, രായഗഡ ജില്ലയിലെ ഒരു കുടുംബത്തിലെ 40 അംഗങ്ങള്‍ 'ശുദ്ധീകരണ' ആചാരത്തിന്റെ ഭാഗമായി തല മൊട്ടയടിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
Summary: In Kanchamajira village of Odisha's Rayagada district, a young couple was tied to a plow and plowed for marrying in violation of customs. Authorities said the marriage was legal. However, the villagers and relatives did not accept this.
COMMENTS