തിരുവനന്തപുരം: കെ.ടി ജലീലിനെതിരേയുള്ളതു കെട്ടിച്ചമച്ച കഥകളാണെന്നും അതിന്റെ പേരില്‍ മന്ത്രി രാജിവക്കേണ്ടതില്ലെന്നും ബാങ്കില്‍ പോയതിന്റെ പേര...
തിരുവനന്തപുരം: കെ.ടി ജലീലിനെതിരേയുള്ളതു കെട്ടിച്ചമച്ച കഥകളാണെന്നും അതിന്റെ പേരില്‍ മന്ത്രി രാജിവക്കേണ്ടതില്ലെന്നും ബാങ്കില്‍ പോയതിന്റെ പേരില്‍ മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയ്ക്കെതിരേ അപവാദ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഒരു കുറ്റവും ജലീലിനെതിരെ ആരോപിക്കാനില്ല. വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ് കെ ടി ജലീല്‍. റമദാന് കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും കുറ്റകരമല്ല. യുഎഇ കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ ജലീലിന്റെ സഹായം സ്വീകരിക്കുകയായിരുന്നു.
ഖുറാന് എത്തിയത് യുഎഇ കോണ്‍സുലേറ്റ് വഴിയാണ്. ഇക്കാര്യങ്ങള്‍ ജലീലിനോട് അന്വേഷണ ഏജന്‍സി ചോദിച്ചു മനസിലാക്കിയെന്നാണ് അറിയുന്നത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങള്‍ അതിലില്ലെന്നാണ് മനസിലാക്കിയത്.
കോണ്‍സുലേറ്റിന്റെ സന്ദേശം വന്ന വിവിരം ജലീല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്ത് കുറ്റമാണ് അതിലുള്ളത്. ഇത്തരമൊരു കാര്യത്തില്‍ ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീല്‍. സാധാരണ നടക്കുന്ന കാര്യം നടന്നു എന്നു മാത്രമേ കാണേണ്ടതുള്ളൂ.
ഇപി ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയെന്നതും ലോക്കര്‍ ഉപയോഗിച്ചു എന്നതും വസ്തുതയുടെ ഭാഗമായിരിക്കാം. സ്വര്‍ണം തൂക്കി നോക്കിയിട്ടുമുണ്ടാകും. സ്വര്‍ണം തൂക്കിയെന്നത് മഹാ ആശ്ചര്യകരമായ കാര്യമല്ല. അവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് അവരുടെ ലോക്കറിലേക്ക് പോകുകയും സ്വര്‍ണം എത്രയുണ്ടെന്ന് നോക്കുകയും ചെയ്തു. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടാകും.
(കോവിഡ് സംശയിച്ചു ക്വാറന്റീനിലിരിക്കെയാണ് മന്ത്രിപത്നി തിടുക്കപ്പെട്ടു ബാങ്കില്‍ പോയത്. തിരികെയെത്തിയ അവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്കു നിരീക്ഷണത്തില്‍ പോകേണ്ടിയും വന്നിരുന്നു.)
സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായി ബന്ധപ്പെട്ട ഇവരുടെ മകന്റെ ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബാങ്കില്‍ പോയതെന്ന് ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. ഇക്കാര്യത്തില്‍ ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്?
നമ്മുടെ നാട്ടില്‍ എന്താണ് നടക്കുന്നത്. അന്വേഷണ ഏജന്‍സികളെ ദുര്ബോധനപ്പെടുത്താനാണ് ശ്രമം. പരാതികള്‍ ചെല്ലുമ്പോള്‍ സ്വാഭാവികമായി അന്വേഷണ ഏജന്‍സി അതിനെക്കുറിച്ച് അന്വേഷിക്കും.
എനിക്കെതിരെ ഒരാരോപണമുണ്ടായപ്പോള്‍ അന്വേഷണ ഏജന്‍സി എന്നെ വിളിപ്പിച്ചു. ആരോപണം കളവാണെന്നറിയാമെന്നും എന്താണെന്നറിയാന്‍ വിളിപ്പിച്ചു എന്നേ ഉളളുവെന്നും അവര്‍ പറഞ്ഞിരുന്നു.
ചില താത്പര്യക്കാര്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും. മാധ്യമങ്ങള്‍ അതേറ്റെടുക്കരുത്, മുഖ്യമന്ത്രി പറഞ്ഞു.
COMMENTS