തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിനടുത്ത് തേമ്പാംമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വെള്ളി സജീവ്, ഷജിത്ത്, നജീബ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു തടിമില്ലില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്മുഖം യൂണിറ്റ് പ്രസിഡന്റും സിപിഎം കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരെയാണ് രാത്രി പന്ത്രണ്ടരയോടെ ഗുണ്ടാസംഘം വടിവാളിന് വെട്ടിക്കൊന്നത്. അക്രമികളുടെ ലക്ഷ്യം ഹഖ് മുഹമ്മദ് ആയിരുന്നുവെന്നും കൂട്ടത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മിഥിലാജും കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് കരുതുന്നത്. മിഥിലാജ് സംഭവ സ്ഥലത്തും ഹഖ് മുഹമ്മദ് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിനു കാരണമെന്നു തിരുവനന്തപുരം റൂറല്‍ എസ് പി പറഞ്ഞു. അക്രമികള്‍ എത്തിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന സിസി ടിവി ക്യാമറ ദിശതിരിച്ചുവച്ച നിലയിലാണ്. സംഭവം ആസൂത്രിതമായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇക്കാര്യം.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിനിടെ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു.
ഈ സംഭവത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ പലവട്ടം സംഘര്‍ഷമുണ്ടായിട്ടുണ്ട്.
മേയ് മാസത്തില്‍ ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമം നടന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായി ഏതാനും ദിവസം മുന്‍പ് ജാമ്യത്തിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊലപാതകത്തില്‍ പങ്കെടുത്തുവെന്നു പൊലീസ് സംശയിക്കുന്നു.
കൊലപാതകത്തിനു നേതൃത്വം കൊടുത്തത് സജീവാണെന്ന് ഓടി രക്ഷപ്പെട്ട എസ് എഫ് ഐ തേമ്പാംമൂട് മേഖലാ സെക്രട്ടറി
ഷഹീനും മറ്റു ദൃക്സാക്ഷികളും മൊഴി കൊടുത്തിട്ടുണ്ട്. അക്രമികള്‍ എത്തിയ ബൈക്കിന്റെ ഉടമ നജീബും അറസ്റ്റിലായിട്ടുണ്ട്.
അക്രത്തിനു പിന്നില്‍ ഉന്നത തല ഗൂഢാലോചന നടന്നതായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹിം ആരോപിച്ചു. മിഥിലാജിന്റെ വീട്ടിലേക്കു ബൈക്കില്‍ പോവുകയായിരുന്നു മൂവര്‍ സംഘം. തേമ്പാംമൂട്ടില്‍ വച്ച് ഇവരെ ഗുണ്ടാസംഘം തടഞ്ഞുനിര്‍ത്തി നെഞ്ചിലും മുഖത്തും വെട്ടുകയായിരുന്നു. ഷഹിന്‍ ഓടി രക്ഷപ്പെട്ടു.
മൃതദേഹങ്ങള്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഡിവെഎഫ്ഐ നേതാവ് ഫൈസലിനെ തേമ്പാംമൂട്ടില്‍ വച്ചു രണ്ടു മാസം മുന്‍പ് ഗുണ്ടാസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
Summary: Five people, including Congress local leaders Velli Sajeev, Shajith and Najeeb, have been taken into police custody in connection with the hacking of two DYFI activists at Thembammoodu near Venjaramoodu. They were caught from a sawmill.
COMMENTS