പെരുമ്പാവൂര്‍: ബാങ്ക് ഒഫ് ബറോഡ പെരുമ്പാവൂര്‍ ബ്രാഞ്ചിന്റെ വാതിലിലെ ചില്ല് വയറ്റില്‍ തുളഞ്ഞുകയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ നിയമനടപടിയുമായി ...
പെരുമ്പാവൂര്‍: ബാങ്ക് ഒഫ് ബറോഡ പെരുമ്പാവൂര്‍ ബ്രാഞ്ചിന്റെ വാതിലിലെ ചില്ല് വയറ്റില്‍ തുളഞ്ഞുകയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന നിലപാടിലാണ് നാട്ടുകാരും. ചേരാനല്ലൂര്‍ മങ്കുഴി വടക്കേവീട്ടിലാന് ബീന നോബി (46)ക്കാണ് ദാരുണാന്ത്യമുണ്ടായത്.
പെരുമ്പാവൂര്‍ എ എം റോഡ് ബാങ്ക് ഒഫ് ബറോഡ ബ്രാഞ്ചില്‍ ഇന്നു പകല്‍ 12.30നാണ് സംഭവം. ടൂ വീലറിലെത്തിയ ബീന ബാങ്കില്‍ കയറിയപ്പോഴാണ് വണ്ടിയുടെ താക്കോല്‍ എടുക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്. തിടുക്കത്തില്‍ പുറത്തേക്കിറങ്ങിയ ബീന പ്രവേശനകവാടത്തിലെ ഗ്ലാസിലിടിച്ച് താഴെവീണു.
തീരെ കനം കുറഞ്ഞ ഗ്ളാസായിരുന്നു കവാടത്തില്‍ ഉപയോഗിച്ചിരുന്നത്. ഇതു പൊട്ടി ബീനയുടെ വയറ്റില്‍ കുത്തിക്കയറി. ആഴത്തില്‍ മുറിവേറ്റാണ് മരണം.
ബീനയുടെ മൂത്ത മകള്‍ അഖില മംഗലാപുരത്തു നഴ്സിംഗ് വിദ്യാര്‍ഥിനിയാണ്. എംബിഎ വിദ്യാര്‍ഥി ജിസ്മോനും എട്ടാം ക്ലാസുകാരന് ജെയ്മോനുമാണു മറ്റു മക്കള്‍. അങ്കമാലി വേങ്ങൂര്‍ മേനാച്ചേരി കുടുംബാംഗമാണു ബീന.
നൂറുകണക്കിനു പേര് നിത്യവും എത്തുന്ന ബാങ്കിലെ വാതിലിന് തട്ടിയാല്‍ പൊട്ടുന്ന ഗ്ലാസ് ഉപയോഗിച്ചത് നിരുത്തരവാദപരമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
ഇത്തരം സ്ഥലങ്ങളില്‍ ടഫന്‍ഡ് ഗ്ളാസ് ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഇത്തരം വാതിലുകള്‍ക്ക് ഉപയോഗിക്കുന്ന ചില്ല് കട്ടി കൂടിയതും പൊട്ടിയാല്‍ ദേഹത്തു തട്ടി മുറിവേല്ക്കാത്തതുമായിരിക്കണമെന്നുണ്ട്.
വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഉടഞ്ഞാല്‍ നുറുങ്ങുകളായി ചിതറുന്ന ചില്ലായിരുന്നെങ്കില്‍ ബീനയ്ക്ക് ദാരുണമായ അന്ത്യമുണ്ടാവില്ലായിരുന്നു.
ബാങ്കിനെതിരേ നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം മിനി ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്ന അവര്‍ പറഞ്ഞു.
പൊലീസ് നടപടികളുമായി സഹകരിക്കുമെന്നു മാത്രമേ ഇപ്പോള്‍ പ്രതികരിക്കാനാവൂ എന്ന് ബാങ്ക് ഒഫ് ബറോഡ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
COMMENTS