സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ലോക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കേരളത്തില്‍ പാസ്സില്ലാതെ എത്തിയത് പതിനായിരത്തോളം പേര്‍. ഇവര്‍ സ്വയം ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ലോക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം കേരളത്തില്‍ പാസ്സില്ലാതെ എത്തിയത് പതിനായിരത്തോളം പേര്‍. ഇവര്‍ സ്വയം ക്വാറന്റീനില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ ധാരണയില്ല.
ഇവര്‍ പുറത്തിറങ്ങി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍ അതുണ്ടാക്കുക ഗുരുതര ഭവിഷ്യത്തായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുന്നറിയിപ്പ്. ആരോഗ്യ മന്ത്രി കെ കെ ശൈലജയും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ഇത്തരത്തില്‍ വരുന്നവരെ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. അന്തര്‍സംസ്ഥാന യാത്രകള്‍ സുഗമമാവുന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പേര്‍ എത്തിയാല്‍ അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
വരുന്ന മൂന്നു മാസം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നൂറിനു മുകളിലെത്തിയ രോഗികളുടെ എണ്ണം ഈ മാസാവസാനത്തോടെ പ്രതിദിനം 170 വരെ എത്താം. ജൂലായ് അവാനമാകുമ്പോള്‍ ഇത് 275 വരെ ആകാം. ഓഗസ്റ്റില്‍ പ്രതിദിന രോഗികളുടെ എണ്ണം 350 വരെ എത്താനാണ് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സമയമാകുമ്പോള്‍ മരണം 150 കടന്നേക്കാം.
പുറത്തുനിന്നെത്തുന്നവര്‍ക്ക് സമ്പൂര്‍ണ ക്വാറന്റീനും വൃദ്ധര്‍ക്കും കുട്ടികള്‍ക്കും റിവേഴ്‌സ് ക്വാറന്റീനും ശക്തമായി നടപ്പാക്കിയാല്‍ ഈ പ്രതിസന്ധിയെ കേരളത്തിനു മറികടക്കാനാവുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
പക്ഷേ, തെരുവില്‍ പൊലീസുകാരുടെ എണ്ണം കുറയുകയും വാഹന പരിശോധന കുറയ്ക്കുകയും ചെയ്തതോടെ ഒരു കാര്യവുമില്ലാതെ പോലും പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിനൊപ്പം മദ്യം കൂടി സുലഭമായതോടെ സാമൂഹിക അകലം പാലിക്കുന്നവരുടെ എണ്ണവും കുറയുകയാണ്.
ക്വാറന്റീന്‍, മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയിലൂടെ മാത്രമേ രോഗത്തെ പിടിച്ചുകെട്ടാനാവൂ എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു തരുന്നു.
Keywords: After the lockdown was withdrawn, around 10,000 people came to Kerala without a pass. The state government is not clear whether they have gone to Quarantine or not. At a meeting of Health Department officials chaired by the Chief Minister, the experts warned that if they go out and have contact with the people it would be a serious matter. Health Minister KK Shailaja was also present at the meeting.
Keywords: Lockdown, Kerala, Health Department, Chief Minister,,Health Minister, KK Shailaja , Meeting
COMMENTS