അഭിനന്ദ് ന്യൂഡല്‍ഹി: 43,574 കോടി രൂപ മുടക്കി റിലയന്‍സ് ജിയോയില്‍ 9.9 ശതമാനം ഓഹരി ഫേസ് ബുക്ക് വാങ്ങിയത് ഭാവിയിലെ വലിയ കച്ചവട സാദ്ധ്യതകള...
അഭിനന്ദ്
ന്യൂഡല്‍ഹി: 43,574 കോടി രൂപ മുടക്കി റിലയന്‍സ് ജിയോയില്‍ 9.9 ശതമാനം ഓഹരി ഫേസ് ബുക്ക് വാങ്ങിയത് ഭാവിയിലെ വലിയ കച്ചവട സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള വിപണി മുങ്ങിത്താഴുമ്പോള്‍ ലോകത്ത് നിക്ഷേപകര്‍ കാണുന്ന അപൂര്‍വം പച്ചത്തുരുത്തുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യ. അതിവേഗം വളരുന്ന ഇന്ത്യയും വന്‍ വിപണിയില്‍ നിന്നു ലാഭം കൊയ്യുക തന്നെയാണ് മാര്‍ക് സുക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആകട്ടെ, കുറച്ചുകാലമായി അത്ര മെച്ചപ്പെട്ട നിലയിലല്ല. ഈ ഇടപാടോടെ കടം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് റിലയന്‍സിന് കഴിയും.
2021 മാര്‍ച്ചോടെ മൊത്തംകടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ നീക്കങ്ങള്‍ക്ക് ഈ കരാര്‍ സഹായകമാവുമെന്നാണ് കരുതുന്നത്.
''ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, കൂടാതെ ജിയോ ഇന്ത്യയില്‍ സൃഷ്ടിച്ച നാടകീയമായ പരിവര്‍ത്തനം ഞങ്ങളെ ആവേശഭരിതരുമാക്കി'' എന്നാണ് ഫേസ് ബുക്ക് പ്രതികരിച്ചത്.
റിലയന്‍സ് ജിയോയില്‍ ഈ ഓഹരി വാങ്ങുന്നതിലൂടെ ഫേസ് ബുക്കിന് എന്ത് നേട്ടമുണ്ടാകും:
ഫേസ് ബുക്ക് ഇപ്പോള്‍ റിലയന്‍സ് ജിയോയുടെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി.
ജിയോയുടെ 388 ദശലക്ഷം ഉപഭോക്താക്കളിലൂടെ ഫേസ് ബുക്കിന് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ കടന്നെത്താനാവും.
ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയിലുടനീളം 60 ദശലക്ഷം ചെറുകിട ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഫേസ് ബുക്ക് പ്രതീക്ഷിക്കുന്നു.
വളരുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഫേസ് ബുക്കിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവസരം കൈവരുന്നു.
ഫേസ് ബുക്കിന്റെ തന്നെ ഉടമയിലുള്ള വാട്ട്സ് ആപ്പിന്റെ ശക്തി കൂടി ഉപയോഗപ്പെടുത്തി ജിയോയുടെ ചെറുകിട ബിസിനസ്സ് സംരംഭമായ ജിയോ മാര്‍ട്ടിനെ കൂടുതല്‍ ഉയരത്തിലെത്തിക്കാനുമാവും.
ജിയോയുമായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പുതിയ വാതിലുകള്‍ തുറക്കുന്നതിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കും ആക്കം കൂട്ടുമെന്നുമാണ് ഫേസ് ബുക്ക് പറയുന്നതെങ്കിലും വലിയ കച്ചവടക്കണ്ണു തന്നെയാണ് ഫേസ് ബുക്കിനുള്ളത്.
ഇന്ത്യയിലെ ഒരു കമ്പനിയില്‍ ഫേസ്ബുക്ക് ഓഹരി വാങ്ങുന്നത് ഇതാദ്യമല്ല. ഒരു സോഷ്യല്‍ കൊമേഴ്സ് കമ്പനിയായ മീഷോയിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ അണ് അക്കാഡമിയിലും ന്യൂനപക്ഷ ഓഹരി ഫേസ്ബുക്കിന് സ്വന്തമാണ്.
മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച റിലയന്‍സ് ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറി.
ചില ബിസിനസുകളില്‍ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആര്‍ഐഎല്‍ കുറച്ചു നാളായി നടത്തുന്നുണ്ടായിരുന്നു. സൗദി അരാംകോയുമായും കനേഡിയന്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റുമായും സമാനമായ ചില വില്പന ചര്‍ച്ചകള്‍ മുകേഷ് അംബാനി നടത്തുന്നുണ്ട്.
ഫേസ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യ ഒരു നിര്‍ണായക വിപണിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഈ സാദ്ധ്യത പരമാവധി വിറ്റു കാശാക്കുകയാണ് ഫേസ് ബുക്കിന്റെ ലക്ഷ്യം.
COMMENTS