സ്വന്തം ലേഖകന്‍ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നത്തിനായി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മൂത്തിരിക്കുന്നതിനിടെ, ജോസഫ് ഗ്രൂപ്പ് സ...
സ്വന്തം ലേഖകന്‍
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നത്തിനായി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മൂത്തിരിക്കുന്നതിനിടെ, ജോസഫ് ഗ്രൂപ്പ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തി സര്‍വരേയും അമ്പരപ്പിച്ചു. ജോസഫിന്റെ നീക്കം യുഡിഎഫില്‍ ഒരേസമയം അമ്പരപ്പും ആശയക്കുഴപ്പവും ഉണ്ടാക്കിയിരിക്കുകയാണ്.
കര്‍ഷക യൂണിയന് സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ജോസഫിന്റെ സ്ഥാനാര്‍ത്ഥി. പത്രിക സമര്‍പ്പിക്കാനായി വരണാധികാരിക്ക് മുന്നിലെത്തി. ജോസഫ് കണ്ടത്തില്‍, ഔദ്യോഗിക സ്ഥാനാര്‍ത്ഥി താനാണെന്ന കത്തും ഹാജരാക്കി. ഇതോടെ, രണ്ടില ചിഹ്നം അദ്ദേഹത്തിനു ലഭിക്കുമെന്ന് ഉറപ്പാണ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണിയും കത്ത് നല്‍കിയതിനു പിന്നാലെയാണ് ജോസഫിന്റെ നീക്കം.
കെ എം മാണിയുടെ വിയോഗമെന്ന ഒറ്റ കാരണം മാത്രം പറഞ്ഞ് അനായാസം ജയിക്കാമെന്നു കരുതിയ യുഡിഎഫ് നേതാക്കളെ ആകെ അമ്പരപ്പിലാഴ്ത്തുന്നതാണ് ജോസഫിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നീക്കം. രണ്ടില ജോസ് ടോമിനു കൊടുത്താല്‍ അതോടെ, ചിഹ്നം തങ്ങള്‍ക്ക് ഭാവിയില്‍ അവകാശപ്പെടാനാവാതെ പോകുമെന്ന ഭയവും ഔദ്യോഗിക പക്ഷമെന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയുമാണ് ജോസഫിന്.
എന്നാല്‍, ഏതെങ്കിലും കാരണത്താല്‍ ജോസ് ടോമിന്റെ പത്രിക നിരസിച്ചാല്‍ പകരം സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് ജോസഫ് കണ്ടത്തിലിനെ നിയോഗിച്ചിരിക്കുന്നതെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. പത്രികാ സമര്‍പ്പണം സാങ്കേതികം മാത്രമാണെന്നും ജോസ് ടോമിന്റെ പതിക്ര സ്വീകരിക്കപ്പെട്ടാല്‍ താന്‍ പിന്മാറുമെന്നും ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
പി.ജെ. ജോസഫ് അറിഞ്ഞുകൊണ്ടല്ല താന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താന്‍ മത്സരിക്കുന്നതെന്നും കൂടി പറഞ്ഞ് ആശയക്കുഴപ്പം കൂട്ടിയിട്ടുമുണ്ട് ജോസഫ് കണ്ടത്തില്‍. എന്നാല്‍, പി.ജെ.ജോസഫിന്റെ പി.എയും അടുത്ത അനുയായികളും പത്രികാ സമര്‍പ്പണത്തിന് എത്തിയതോടെ ഇതൊരു നാടകമാണെന്നു വ്യക്തമാവുകയും ചെയ്തു.
സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യു.ഡി.എഫിലുണ്ടായ ധാരണ ജോസഫ് വിഭാഗം ലംഘിച്ചിരിക്കുകയാണെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. ഇതേസമയം, തങ്ങളുടെ ഭാഗത്തുനിന്ന് വിമതനീക്കണം ഉണ്ടാകില്ലെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. ജോസ് കെ. മാണി പക്ഷം കൃത്രിമ മാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുമെന്നു വന്നപ്പോള്‍ അതു തടയാനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
Keywords: Pala Election, KM Mani, PJ Joseph, Joseph Kandathil, UDF
COMMENTS