അഭിനന്ദ് ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, വയനാട് മണ്ഡലത്തെ ഒഴിവാക്കി കോണ്‍ഗ്രസ് പുതിയ സ്ഥാനാര്ത്ഥിപ്പട്...
അഭിനന്ദ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, വയനാട് മണ്ഡലത്തെ ഒഴിവാക്കി കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. ഇതിനൊപ്പം കെ മുരളീധരന് മത്സരിക്കുന്ന വടകരയിലും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ ഈ പട്ടികയിലും പ്രഖ്യാപിച്ചതുമില്ല.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വകാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഇതിനിടെയാണ്, സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളായി വയനാടും വടകരയും ശേഷിക്കുന്നത്.
ഇതിനിടെ, രാഹുലിനായി കരുതിവച്ചിരുന്നതെന്നു പറഞ്ഞിരുന്ന ബംഗളൂരു സൗത്തിലും തമിഴ്നാട്ടിലെ ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബംഗളൂരു സൗത്തില്‍ ബി.കെ. ഹരിപ്രസാദാണ് സ്ഥാനാര്‍ത്ഥി. രാജ്യസഭാംഗമായ ശിവപ്രസാദ് നേരത്തേ സഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു.
ശിവഗംഗയില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരമാണ് സ്ഥാനാര്‍ത്ഥി. കാര്‍ത്തിക്കു സീറ്റു കൊടുക്കുന്നതിന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം എതിരായിരുന്നു.
ചിദംബരം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മകനു സീറ്റു വാങ്ങിക്കൊടുത്തിരിക്കുന്നത്. എയര്‍സെല്‍ മാക്സിസ് കേസിലും ഐഎന്‍എക്സ് മീഡിയാ കേസിലുമെല്ലാം പ്രതിസ്ഥാനത്തുള്ള കാര്‍ത്തിയെ മത്സരിപ്പിക്കുന്നത് തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ കാര്‍ത്തി മൂന്നാം സ്ഥാനത്തേയ്ക്കു പോയിരുന്നു.
പി ചിദംബരം ഏഴു തവണ വിജയിച്ചിട്ടുള്ള സീറ്റാണ് ശിവഗംഗ. കഴിഞ്ഞ തവണ അദ്ദേഹം സീറ്റു മകനു വാങ്ങിക്കൊടുത്തു. എഡിഎംകെയിലെ പിആര്‍ ശെന്തില്നാഥനാണ് ഇവിടെ വിജയിച്ചത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എച്ച് രാജയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 229,385 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശെന്തില്‍നാഥന്‍ വിജയിച്ചത്.
Keywords: Karthi Chidambaram, Loksabha Poll 2019, Wayanadu, Shivaganga
COMMENTS