Search

പുതിയ ചുവരെഴുത്ത്

ജോര്‍ജ് മാത്യു

ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒരു മഹര്‍ഷിവര്യനല്ല, ആണെന്നു തോന്നും പേരു കേട്ടാല്‍. ശ്രീ രാജീവ് മെഹര്‍ഷി എന്നത് 'രാജീവ് മഹാ ഋഷി' എന്ന് മലയാളീകരിക്കാം. അദ്ദേഹം ഇലക്കുംമുള്ളിനും കേടുവരുത്താതെ ഒരു ഓഡിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ട് ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ നോക്കിക്കോ എന്ന മട്ടില്‍ പിന്‍വാങ്ങി.

ഒരു പഴയ കേസുണ്ട്. സുപ്രീംകോടതിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ കൊടുത്തതും പ്രശാന്ത് ഭൂഷണെപ്പോലുള്ളവര്‍ കക്ഷിചേര്‍ന്നതുമായ കേസ്. അതിന്‍പ്രകാരം തിങ്കളാഴ്ച സമര്‍പ്പിക്കപ്പെട്ട പ്രതിരോധസംബന്ധമായ ഓഡിറ്റ് റിപ്പോര്‍ട്ട് പണ്ടെങ്ങോ തയ്യാറാക്കിയതും പാര്‍ലമെന്റിന് നല്‍കിയതും അതിന്റെ രത്‌നച്ചുരുക്കം സഭയുടെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തതുമായിരുന്നു. ഇപ്പോള്‍ -കു-പ്രസിദ്ധമായ റഫാല്‍ ഇടപാടില്‍ വില ഒഴികെയുള്ള സര്‍വ്വ വിവരങ്ങളും ഈ റിപ്പോര്‍ട്ടില്‍ നല്‍കിക്കഴിഞ്ഞതാണ് എന്നായിരുന്നു ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ കണ്ടെത്തല്‍. അങ്ങനെ ബോധ്യപ്പെട്ടു കഴിഞ്ഞതിനാല്‍ ഇനിയൊന്നും ചെയ്യാനില്ല എന്നു തീര്‍പ്പാക്കി കേസ് ക്ലോസ് ചെയ്തു. പക്ഷേ, ആ വിധിന്യായത്തില്‍ സുപ്രീംകോടതി ബോധ്യപ്പെട്ടു എന്ന് എടുത്തു പറഞ്ഞ ഒന്നു രണ്ടു കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് കോടതിയെ തിരുത്തിയാണ് മേല്‍ചൊന്ന റിവ്യു പെറ്റീഷന്‍ സര്‍ക്കാര്‍ നല്‍കിയത്. അങ്ങനെ കോടതി തെറ്റിദ്ധരിച്ച റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച രാഷ്ട്രപതിക്കും ബുധനാഴ്ച രാജ്യസഭയ്ക്ക് ലഭ്യമാകുന്നത്.

സി.എ.ജി പറയുന്നു 2007 ലെ അതേ വിലയ്ക്കാണ് 2016 ലും കരാര്‍ ഉറപ്പിച്ചതെന്ന്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക ആവശ്യങ്ങളില്‍ (18 ഇനങ്ങള്‍) പലതും അനാവശ്യമാകുന്നു. ഇത് ഉള്‍പ്പെടുന്ന വിലവച്ച് 2.86 ശതമാനം വില കുറവുണ്ട്. സപ്ലൈയില്‍ 72 എന്നത് 71 മാസമായി കുറവുവരുത്തിയിട്ടുമുണ്ട്.

പണ്ട് പാര്‍ലമെന്റിലും പുറത്തും കേട്ട വായ്ത്താരി ആകെ മൊത്തം 20 ശതമാനം വില കുറവിലാണ് റഫാല്‍ വിമാനങ്ങള്‍ എത്തുന്നത് എന്നാണ്. അതായത് അടിസ്ഥാന വിലയില്‍ 9 ശതമാനവും 18 പ്രത്യേക അനുബന്ധ ഘട്ടങ്ങളും കൂടി കൂടുമ്പോള്‍ 20 ശതമാനവും എന്ന്. (എ.ജി പറയുന്നത് ഈ അനാവശ്യ 18 ഇനങ്ങളില്‍ ചിലത് ഒഴിവാക്കിയിരുന്നെങ്കില്‍ മെച്ചമായ വിലയിടിവ് ഉണ്ടാകുമായിരുന്നു എന്നാണ്) അതായത് 2.86 ശതമാനം എന്നത് തുലോം തുഛം! എന്നുമാത്രമല്ല ഫ്രഞ്ച് സര്‍ക്കാര്‍ സോവറിന്‍ ഗ്യാരന്റി നല്‍കാത്തതിനാല്‍ ദസ്സാള്‍ട്ട് നല്‍കേണ്ടിയിരുന്ന ബാങ്ക് ഗ്യാരണ്ടി ഉള്‍പ്പെട്ടിരുന്നുവെങ്കില്‍, ആ തുകയ്ക്കുള്ള പലിശ, ദസാള്‍ട്ട് വിലയില്‍ ഉള്‍പ്പെടുത്തുകയും വില വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു എന്നാണ്. തന്മൂലം ഇന്ത്യന്‍ സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി എന്ന അത്യാവശ്യ ഉപാധി ഉപേക്ഷിച്ച് മുഖം രക്ഷിച്ചു.

പറയാന്‍ വന്നത് മറ്റൊന്നാണ്. മോഡി - അമിത്ഷാമാരുടെ പതിവ് തന്ത്രങ്ങളുടെ മൂര്‍ച്ചയും മുനയും നഷ്ടപ്പെടുന്ന കഥയാണിത്.


രണ്ടാഴ്ച മുന്‍പ് കര്‍ണ്ണാടകയിലെ 100 ബി.ജെ.പി എം.എല്‍.എമാരെ യദ്യൂരപ്പ ഹരിയാനയിലെ ഒരു റിസോര്‍ട്ടില്‍ തടങ്കലിലാക്കി. 'നിങ്ങളില്‍' പലരും ഇനി മടങ്ങിപ്പോകുന്നത് മന്ത്രിക്കസേരയിലേക്കും ചെയര്‍മാന്‍ കസേരയിലേക്കും ഒക്കെ 'ആവും' എന്നായിരുന്നു വാഗ്ദാനം. ഒരാഴ്ച കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. ഉടന്‍ ബജറ്റ് സെഷന്‍ തുടങ്ങുമെന്നും അങ്ങനെ സഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ കുമാരസ്വാമി മന്ത്രിസഭയെ മറിച്ചിടാമെന്നും മാറ്റിപ്പറഞ്ഞ് എം.എല്‍.എമാരെ മടക്കിക്കൊണ്ടുവന്നു.

സമാന്തരമായി കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് ജാദവ്, ബി.നാഗേന്ദ്ര, മഹേഷ് കുമദല്ലി എന്നിവരെ യദ്യൂരപ്പ പ്രലോഭിപ്പിച്ച് മുംബയില്‍ എത്തിച്ചു. അവര്‍ക്കും മന്ത്രിസ്ഥാനങ്ങളും കോടികളും വാഗ്ദാനം ചെയ്തിരിക്കണം. ബജറ്റ് സെഷനില്‍ ഈ നാല് എം.എല്‍.എമാരും ഹാജരുണ്ടായിരുന്നില്ല എന്നു മാത്രമല്ല കോണ്‍ഗ്രസ് ഇവരെ നാലുപേരെയും അയോഗ്യരാക്കുവാന്‍ നോട്ടീസും നല്‍കി. ഇതിനിടെ കുമാരസ്വാമി ജെ.ഡി.എസ് എം.എല്‍.എയായ നാഗന ഗൗഡ കങ്കനൂര്‍ (ഗുര്‍മിതകല്‍ എം.എല്‍.എ) അദ്ദേഹത്തിന്റെ മകന്‍ ശരണഗൗഢ മുഖേന നല്‍കിയ വന്‍ വാഗ്ദാനത്തിന്റെ സംഭാഷണശകലം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട് ബി.ജെ.പിയെ വല്ലാതെ വിയര്‍പ്പിച്ചു. ഇത് കൃത്രിമമാണെന്നായി ബി.ജെ.പി. എന്നാല്‍ പിടിച്ചോ എന്നമട്ടില്‍ കുമാരസ്വാമി 80 മിനിട്ട് നീളുന്ന മുഴുവന്‍ ശബ്ദരേഖയും പുറത്തുവിടുകയും പരിശോധനയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു. മുങ്ങിനടന്ന നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്നലെ കെ.പി.സി.സി ഓഫീസിലെത്തി മാപ്പാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തുനില്‍പ്പാണ്.

ഇതിനെക്കാള്‍ മാരകമായ മറ്റൊരു ദുരന്തംകൂടി സംഭവിച്ചു. അധികാരത്തില്‍ നിന്ന് ഇറങ്ങുന്ന അന്നുതന്നെ (താല്‍ക്കാലിക സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം വഹിച്ച) നാഗേശ്വരറാവു, രാജീവ് കുമാര്‍ എന്ന കല്‍ക്കത്ത പൊലീസ് ചീഫിനെ ധൃതിയില്‍ റെയ്ഡ് ചെയ്യുവാനായി തുടങ്ങിവച്ച നാടകം ദാരുണമായി പര്യവസാനിച്ച് അധികം കഴിയുന്നതിന് മുന്‍പ് മറ്റൊരു കോടതി വയലേഷനു 'സുപ്രീംകോടതിയുടെ ഒരു ദിവസം തടവും ഒരു ലക്ഷം രൂപ പിഴയും' എന്ന ഗുരുതര പ്രതിസന്ധിയെ നേരിടുകയും ചെയ്തു.

ഇപ്പോള്‍ ഓര്‍മ്മവരുന്നത് രണ്ടുവര്‍ഷം മുന്‍പ് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഗോവയില്‍ 40 ല്‍ 13 സീറ്റുനേടിയ (മുഖ്യമന്ത്രിയും 6 മന്ത്രിമാരും തോറ്റ തെരഞ്ഞെടുപ്പ്) ബി.ജെ.പി, 17 സീറ്റ് നേടിയ കോണ്‍ഗ്രസിനെ മൂലയില്‍ ഇരുത്തി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കിയ സംഭവമാണ്.

2017 അല്ല 2019 എന്നതാണ് പുതിയ ചുവരെഴുത്ത്.

ലേഖകന്റെ ഫോണ്‍: 98479 21294


മകരസംക്രമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാഹളം മുഴങ്ങുന്നു
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പുതിയ ചുവരെഴുത്ത്