Search

സി.പി.എം വീണ്ടും സ്വയം തോല്‍പ്പിക്കുമ്പോള്‍...

പെരിയയില്‍ ഇരട്ടക്കൊലപാതകം നടന്ന സ്ഥലം

എം.ബി. സന്തോഷ്

ഇന്ത്യയില്‍ സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിലെ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്കിടയിലേക്കാണ് രണ്ട് യൂത്തുകോണ്‍ഗ്രസുകാരെ ഇരുട്ടിന്റെ മറവില്‍ കിരാതമായി വെട്ടിക്കൊന്നത്. സി.പി.എമ്മിന് ഈ ഇരട്ടക്കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മുതല്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍വരെ പറയുന്നുണ്ടെങ്കിലും കേരളീയര്‍ അത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

ടിപി ചന്ദ്രശേഖരന്റെ മൃതദേഹം 

കുപ്രസിദ്ധമായ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലും പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് തന്നെയായിരുന്നല്ലോ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുതല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍വരെ വ്യക്തമാക്കിയിരുന്നത്. പിന്നീട്, പൊലീസ് അന്വേഷണത്തിലെ കഥ കേരളം കണ്ടതാണല്ലോ. പരോള്‍ കാരണം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ കിടക്കാന്‍ സമയമില്ലാത്ത അവസ്ഥയും ഇപ്പോള്‍ കണ്ടുകൊണ്ടേയിരിക്കുന്നു!

ടി.പി. ചന്ദ്രശേഖരന്‍ വധം നടക്കുന്നത്, ആഞ്ഞുപിടിച്ചാല്‍ സി.പി.എമ്മിന് ജയിക്കാവുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനിടയിലാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ ആര്‍. ശെല്‍വരാജ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് എം. എല്‍.എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. സിറ്റിംഗ് സീറ്റിലെ ആ പോരാട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശെല്‍വരാജ്. 'വര്‍ഗവഞ്ചകനെ' തോല്‍പ്പിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയാന്തരീക്ഷം. പോരെങ്കില്‍, വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണം.


കൃപേഷിന്റെ കുടില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ അതിനിഷ്ഠുര കൊലപാതകം. കേരളം ആ പൈശാചികതയ്‌ക്കെതിരെ വിധി എഴുതാന്‍ കിട്ടിയ ആദ്യ അവസരം വിനിയോഗിച്ചപ്പോള്‍ സി.പി.എമ്മിന് ജയിക്കാന്‍ കഴിയുമായിരുന്ന തെരഞ്ഞെടുപ്പില്‍ തലകുത്തിവീണു. ശെല്‍വരാജ് തലയുയര്‍ത്തി നടന്നപ്പോള്‍ കണ്ണൂരിലെ കിരാത വിധി നടത്തിപ്പുകാര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചത് സാധാരണ സി.പി.എം പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.

ഇപ്പോഴും ഏറെക്കുറെ വ്യക്തമാകുന്നത് കാസര്‍കോട് പെരിയയില്‍ രണ്ട് ചെറുപ്പക്കാരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നാണ്. താനാണ് കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു പിടിയിലായ പ്രതി പീതാംബരന്‍ പറയുന്നത് പൂര്‍ണമായും വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ കണ്ണൂരില്‍ ലഭ്യമാണെന്നതിനാല്‍ അവിടെ പാര്‍ട്ടി പ്രതിക്കൂട്ടിലാവുന്നത് സ്വാഭാവികമാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. അതിനിടയിലാണ് മുസ്ലിംലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് എം.എല്‍.എയ്ക്കും എതിരെ സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


താലിബാന്‍ മോഡല്‍ കൊലപാതകമെന്ന ആക്ഷേപമുയര്‍ന്ന ഷുക്കൂര്‍ വധക്കേസില്‍ ഇപ്പോഴും സി.പി.എമ്മിന് പ്രതിരോധം തീര്‍ക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തിലും സി.പി.എം പ്രതിരോധത്തിലാണ്.

പശ്ചിമ ബംഗാളും ത്രിപുരയും ഭരണത്തിലില്ലാത്ത സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഓരോ ലോക്‌സഭാ മണ്ഡലവും സി.പി.എമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്. അവിടങ്ങളില്‍നിന്ന് കാര്യമായൊന്നും കിട്ടാനിടയില്ലാത്തതിനാല്‍ കേരളത്തില്‍നിന്ന് പരമാവധി സീറ്റ് നേടിയില്ലെങ്കില്‍ സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ ദേശീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടും. അപ്പോഴാണ് സി.പി.എം ഏറെ പ്രതീക്ഷ വയ്ക്കുന്ന കാസര്‍കോട്, കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ മാത്രമല്ല, കേരളമൊട്ടാകെ ചര്‍ച്ചയാകത്തക്കവിധത്തിലുള്ള അതിനിഷ്ഠുരമായ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുന്ന കേരള രക്ഷായാത്രയെന്ന എല്‍.ഡി.എഫ് പ്രചാരണ ജാഥകള്‍ പര്യടനം നടത്തുന്നതിനിടയിലാണ് ഇരട്ടക്കൊലപാതകം. കാസര്‍കോട് ജില്ലയില്‍ ജാഥ പര്യടനം നടത്തുന്നതിനിടയില്‍ നടന്ന ഈ ഇരട്ടക്കൊലപാതകത്തെ 'വകതിരിവില്ലായ്മ'യായി വിശേഷിപ്പിച്ച കാസര്‍കോടുകാരന്‍കൂടിയായ സി.പി.ഐ നേതാവ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടതുമുന്നണിയിലെ മറ്റ് കക്ഷികളുടെ അമര്‍ഷമാണ് വെളിവാക്കിയത്. ജാഥകള്‍ ഒരു ദിവസത്തെ പര്യടനം നിര്‍ത്തിവച്ചപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരിലെ പൊതുപരിപാടികള്‍ ഉപേക്ഷിക്കേണ്ടിവന്നു.

കൊല്ലപ്പെട്ട ശരത്തിന്റെ സഹോദരിയെ 
ആശ്വസിപ്പിക്കുന്ന കുടുംബാംഗങ്ങള്‍

പച്ചമനുഷ്യനെ അതിക്രൂരമായി വെട്ടിനുറുക്കുന്നത് ആസൂത്രണം ചെയ്യുന്ന  മാനസികാവസ്ഥയില്‍നിന്ന് ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നാണ് മോചനം ലഭിക്കുക? ഒരു കോളേജിലെ തര്‍ക്കംപോലും സ്വന്തമായി പരിഹരിക്കാന്‍ കഴിയാതെ ക്വട്ടേഷന്‍ നല്‍കി കൊലക്കത്തിക്കിരയാക്കുന്ന പ്രാദേശിക നേതാക്കളെ സി.പി.എം ഇനിയും ചുമന്ന് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടണോ?

കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷും ശരത്തും അവരവരുടെ കുടുംബങ്ങളുടെ ആശ്രയമായിരുന്നു. മേയാന്‍ സമയമായിട്ടും അതിനു കഴിയാത്ത ദ്രവിച്ച ഓലമറയും ടാര്‍പ്പാളിനും കൂടിച്ചേര്‍ന്ന കൂരയെന്നുപോലും വിളിക്കാന്‍ കഴിയാത്തിടങ്ങളില്‍ താമസിക്കുന്ന ഈ കുടുംബങ്ങളിലെ ആശ്രയങ്ങളെ വെട്ടിനുറുക്കുമ്പോള്‍ ഒരു രാഷ്ട്രീയ നേതാവിനും ഒന്നും സംഭവിക്കുന്നില്ല. ഈ കേസുകളിലും ആരെങ്കിലുമൊക്കെ പിടിയിലാവും. അവര്‍ക്കുവേണ്ടി പാര്‍ട്ടി ഇടപെടലുണ്ടാവും. പ്രതികള്‍ക്ക് ജയിലില്‍ സുഭിക്ഷം, യഥേഷ്ടം പരോള്‍... അക്രമരാഷ്ട്രീയത്തിന്റെ അദ്ധ്യായങ്ങള്‍ അവസാനിക്കുന്നില്ല.

Keywords: CPM, Kannur, LDF, Murder, Kasargod, Politics, MB Santhosh


രമയ്ക്കും കൊടുക്കട്ടെ 51 വെട്ട്
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സി.പി.എം വീണ്ടും സ്വയം തോല്‍പ്പിക്കുമ്പോള്‍...