Search

രമയ്ക്കും കൊടുക്കട്ടെ 51 വെട്ട്


എസ് ജഗദീഷ് ബാബു

സ്ത്രീ അമ്മയും പ്രകൃതിയും ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമൂഹത്തില്‍ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നത് കാപട്യമാണ്. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ  പാര്‍ട്ടികളെല്ലാം പുരുഷമേധാവിത്വത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് എല്ലാ രംഗത്തും സ്ത്രീകള്‍ക്ക് തുല്യത നല്‍കാന്‍ നമ്മുടെ രാജ്യത്തിന് കഴിയാതെ പോകുന്നത്.

പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പരസ്പരം മത്സരിക്കുകയായിരുന്നല്ലോ.

സ്ത്രീയെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയാത്ത ഒരു ജനത സാംസ്‌കാരികമായി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് അവകാശപ്പെടാന്‍ പാടില്ല. സാക്ഷരതയിലും സാങ്കേതിക വിദ്യയിലും വിപ്ലവത്തിലും  മുന്നിലാണ് തങ്ങളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതി എന്താണ്? കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആളുകള്‍ ചേര്‍ന്ന് 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയോട് സി.പി.എമ്മും അനുഭാവികളും കാണിക്കുന്ന അസഹിഷ്ണുത മാത്രം മതി അവരുടെ സ്ത്രീപക്ഷ രാഷ്ട്രീയം തികഞ്ഞ കാപട്യമാണെന്ന് മനസ്സിലാക്കാന്‍. ഒരുകാലത്ത് ഒഞ്ചിയം സഖാക്കളുടെ വികാരമായിരുന്നു ടി.പിയെന്നതും മറക്കരുത്.

ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ഭീരുക്കളെപ്പോലെ പിന്നില്‍ നിന്ന് ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയ കാപാലികര്‍. പ്രതികള്‍ പിടിയിലാവുകയും കോടതി അവരെ ശിക്ഷിക്കുകയും ചെയ്തിട്ടുപോലും ആ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ സി.പി.എമ്മിന് കഴിഞ്ഞില്ല. ജയിലിനകത്തും പുറത്തും ആ കൊലയാളികള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ എല്ലാ സംവിധാനങ്ങളും ഇന്നും സംസാരിക്കുന്നു.

കൊലയുടെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തനെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു. ടി.പി. വധത്തിലെ പ്രതികള്‍ പാര്‍ട്ടിക്കാരെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് പി.ബി.യിലും കേന്ദ്ര കമ്മിറ്റിയിലും ആവര്‍ത്തിച്ച് പറഞ്ഞ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇപ്പോള്‍ ചന്ദ്രശേഖരനെക്കുറിച്ച് ഓര്‍ക്കുന്നുപോലുമില്ല. ഇതേസമയം അദ്ദേഹത്തിന്റെ അനുയായികളായ കേരളത്തിലെ പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെ കെ.കെ. രമയെ സാമൂഹികമാധ്യമങ്ങളിലൂടെ  അധിക്ഷേപിക്കുന്നത് കണ്ട് രസിക്കുകയുമാണ്. ഇത്തരം സ്ത്രീവിരുദ്ധരാഷ്ട്രീയം അരുത് എന്ന് പറയാന്‍ പോലും ഒരു നേതാവിനുമാവുന്നില്ല.

ജീവിച്ചിരിക്കെ തന്നെ, ഒരു സ്ത്രീയെ, അമ്മയെ അധിക്ഷേപിക്കാവുന്ന അതിര്‍വരമ്പുകളെല്ലാം കടന്നുകൊണ്ടാണ് രമയ്‌ക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍. ജിഷ കൊലക്കേസിന്റെ പേരില്‍ മെഴുകുതിരി കത്തിച്ചും മുതലക്കണ്ണീര്‍ ഒഴുക്കിയും അധികാരത്തില്‍ എത്തിയവരാണ് ഇതെല്ലാം ചെയ്യുന്നത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ ലോക്കപ്പില്‍ പീഡനം ഏറ്റുവാങ്ങിയ ഗൗരി അമ്മയോടും കേരള പൊലീസിന്റെ പീഡനങ്ങള്‍ക്കിരയായ കെ. അജിതയോടും നമ്മുടെ വിപ്ലവകാരികള്‍ കാണിച്ച ക്രൂരതകള്‍ മറക്കാവുന്നതല്ല.  ജീവിച്ചിരിക്കുന്ന ഗൗരി അമ്മയും അജിതയും അവരുടെ പിന്‍മുറക്കാരിയായിത്തന്നെയാണ് കെ.കെ. രമയെ കാണുന്നത്.

ജീവിതസഖാവായിരുന്ന ടി.പി. ഉയര്‍ത്തിയ രാഷ്ട്രീയമാണ് കെ.കെ. രമ ഉയര്‍ത്തിപ്പിടിക്കുന്നത്. രമയും പാര്‍ട്ടിയായ ആര്‍.എം.പി.യും ഉയര്‍ത്തുന്ന എതിര്‍ശബ്ദങ്ങളെ എന്തിനാണ് ഇവര്‍ ഭയപ്പെടുന്നത്. അധികാരവും സംഘടനാ ബലവും ഉപയോഗിച്ച് ഒരു സ്ത്രീയെ എന്തിനാണ് കടന്നാക്രമിക്കുന്നത്?

ലൈംഗികമായി പോലും അധിക്ഷേപിച്ചിട്ടും ചെറുത്തുനില്‍ക്കുന്ന രമയെ വേണമെങ്കില്‍ കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല. ടി.പി.യെ കൊല്ലാന്‍ ഉത്തരവിട്ട നേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം.

കേരളവും കേന്ദ്രവും ഭരിച്ചിരുന്ന കോണ്‍ഗ്രസിനോ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്കോ ഇവരുടെ ആവശ്യം സാധിച്ചുകൊടുക്കാനായില്ല. സി.ബി.ഐ. അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്നല്ലെങ്കില്‍ നാളെ ഈ ആവശ്യം കോടതിയെങ്കിലും അംഗീകരിക്കുമെന്നു രമയ്‌ക്കൊപ്പം വലിയൊരു വിഭാഗം മലയാളികളും പ്രത്യാശിക്കുന്നുണ്ട്.
Keywords: TP Chandrasekharan, KK Rema, CPM, RMP, S Jagadeesh Babuvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രമയ്ക്കും കൊടുക്കട്ടെ 51 വെട്ട്