Search

ഇറങ്ങിപ്പോകാന്‍ മൂന്നു മാസം കൂടി, നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് കേന്ദ്ര ബജറ്റ്


അഭിനന്ദ്

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ചെയ്യാന്‍ മറന്നുപോയതൊക്കെയും മൂന്നു മാസം കൊണ്ടു ചെയ്യുമെന്നു പറയുന്നതിനു തുല്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റ്.

ഒരു സമ്പൂര്‍ണ ബജറ്റിന്റെ സ്വഭാവമുള്ളതാണ് ഇടക്കാല ബജറ്റ്. നടപ്പാക്കാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത കുറേയേറെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലേക്കു നീട്ടിവച്ചിരിക്കുകയാണ് ധനമന്ത്രി. അതിന് അടിക്കുറിപ്പായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകുന്നേരം പറഞ്ഞത്, ഇതു സാമ്പിളാണെന്നും തങ്ങള്‍ അധികാരത്തില്‍ തിരിച്ചുവന്നാല്‍ പലതും പ്രതീക്ഷിക്കാമെന്നുമാണ്. അപ്പോള്‍ ഇതുവരെ അധികാരത്തിലിരുന്ന് എന്തു ചെയ്തുവെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല

2014ല്‍ അധികാരത്തിലെത്തിയ വേളയില്‍ പുതുതായി 10 കോടി തൊഴിലും, 100 പുതിയ സ്മാര്‍ട്ട് സിറ്റികളും, ഗംഗാ ശുചീകരണവും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കലുമെല്ലാം വാഗ്ദാനങ്ങളായിരുന്നു. എല്ലാവരുടെയും എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും 15 ലക്ഷംരൂപ നിക്ഷേപിക്കുമെന്നതായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. ഇതൊന്നും ഇപ്പോള്‍ ഓര്‍മയില്‍ പോലുമില്ല.

കഴിഞ്ഞ ബജറ്റുകളിലൊന്നുമില്ലാത്ത ഇളവുകളാണ് പീയൂഷ് ഗോയല്‍ ഈ ബജറ്റില്‍ വാരിച്ചൊരിഞ്ഞിരിക്കുന്നത്. ജനപിന്തുണ കൂട്ടുക തന്നെയാണ് ലക്ഷ്യമെന്നു വ്യക്തം.

ഹിന്ദി ഹൃദയഭൂമിയില്‍ അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്നു പാഠം പഠിച്ചു കൂടിയാണ് ഇടക്കാല ബജജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരെ കൈയിലെടുക്കാനുള്ള പദ്ധതികളാണ് അധികവും. പക്ഷേ, കര്‍ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന, കാര്‍ഷിക വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ മിണ്ടാട്ടമില്ലാതായത് തിരിച്ചടിയുമായി. ഇവിടെ, തങ്ങള്‍ പുതുതായി അധാരത്തിലേറിയ ഇടങ്ഘങ്ങളില്‍ കാര്‍ഷിക വായ്പ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുതിത്തള്ളിയത് അവര്‍ക്കു പറയാന്‍ ആയുധവുമായി.

രണ്ടു ഹെക്ടറിനു താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. ഇലക്ഷന് ഇനി കേവലം ദിനങ്ങള്‍ മാത്രമേയുള്ളുവെന്നിരിക്കെ, ആരാണ് ഈ പണം കൊടുക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ല.

10.2 കോടി ചെറുകിട കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പറയുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശക്തി പന്പ്, ജെയ്ന്‍ ഇറിഗേഷന്‍, കെഎസ്ബി, കിര്‍ലോസ്‌കര്‍, അവന്തി ഫീഡ്‌സ്, വാട്ടര്‍ബേസ്, ജെജെ അഗ്രി ജെനറ്റിക്‌സ്, പിഐ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കന്പനികള്‍ക്കു ബജറ്റ് പ്രഖ്യാപനത്തിന്റെ ഫലം ലഭിക്കുമെന്നു കൂടി അറിയുക.

അഞ്ചുലക്ഷം രൂപ വരെ ഉള്ളവര്‍ക്കു നികുതി റിബേറ്റ് അനുവദിച്ചതിലൂടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ 18,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഇനി വരുന്ന സര്‍ക്കാരിന് അധികഭാരമാവും. തിരഞ്ഞെടുപ്പു കഴിഞ്ഞുടന്‍ വരുന്ന സര്‍ക്കാരിന്റെ ബജറ്റില്‍ ഇതിനു പ്രതിവിധിയും പ്രതീക്ഷിക്കാം.

ഇതേസമയം, ആദായനികുതിയുടെ ഒഴിവുപരിധി ഉയര്‍ത്തിയിട്ടില്ലെന്നതു മറ്റൊരു തന്ത്രമാണ്. ഒഴിവു പരിധി രണ്ടര ലക്ഷം രൂപയായി തുടരും. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള തുകയ്ക്ക് നികുതി റിബേറ്റ് മാത്രമാണ് അനുവദിക്കുന്നത്.

ഫിഷറീസ്, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലെ ഇളവുകളുടെ ആനുകൂല്യം ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിങ്ങനെയുള്ള കന്പനികള്‍ക്കു കൂടി ലഭിക്കും.

അസംഘടിത മേഖലയിലെ 15,000 രൂപയ്ക്കു താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നു ബജറ്റില്‍ പറയുന്നു. ഇത് ഈ തുച്ഛമായ ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാനാണ്.

രാജ്യത്തെ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും വീട് വാങ്ങുന്നതിനു രണ്ടു കോടി രൂപ വരെ ചെലവാക്കാന്‍ അനുവദിക്കുകയും ചെയ്തു ബജറ്റിലൂടെ. ആള്‍താമസമില്ലാത്ത രണ്ടാമത്തെ വീടിന് വാടക കൊടുക്കേണ്ടതില്ലെന്നും പറയുന്നു. ഇതിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഡിഎല്‍എഫ് , ഒബ്‌റോയി റിയല്‍റ്റി, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട് തുടങ്ങിയ കമ്പനികള്‍ കൂടി വരും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേന്ദ്ര ധനക്കമ്മി പരിധി വിട്ടു നില്‍ക്കെയാണ് ഈ പ്രഖ്യാപനങ്ങളെന്നതും ശ്രദ്ധിക്കുക. പുതിയ ബജറ്റ് ഉണ്ടാക്കുന്നത് 3.4 ശതമാനം വിടവാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിയൊന്നുമില്ലാതെ വെറുതേ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുകയാണ് ബജറ്റ്.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇറങ്ങിപ്പോകാന്‍ മൂന്നു മാസം കൂടി, നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് കേന്ദ്ര ബജറ്റ്