Search

ബി.എസ്. രാജീവ് ബാക്കിവച്ചത്

എം.ബി.സന്തോഷ്

'ജീവിതം ഒരുവനോട് കാട്ടുന്ന ഏറ്റവും വലിയ കനിവ് ആത്മസൗഹൃദത്തിന്റെ സുകൃതമാണ്. വെറുമൊരു ചങ്ങാതിയല്ല, companion. അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍.cum,pane ലാറ്റിനിലെ ഈ പദങ്ങളാണ് അതിന്റെ മൂലം. അതിന്റെ സൂചന, ഒരുമിച്ച് അപ്പം പങ്കിടുന്നയാള്‍ - എന്റെ സ്വപ്‌നത്തിന്റെ, കര്‍മ്മത്തിന്റെ,  ഹൃദയമര്‍മ്മരങ്ങളുടെ , ഊട്ടുമേശയില്‍ എന്നോടൊപ്പം വിരുന്നിനിരിക്കുന്ന ആള്‍. നിങ്ങള്‍ ഒരേ മേല്‍ക്കൂരയ്ക്കു താഴെ കരങ്ങള്‍ കോര്‍ത്ത് ഇരിക്കണമെന്നുപോലുമില്ല. ശരീരം ഒരു മീഡിയമാണ്. അതില്‍ വല്ലാതെ കുരുങ്ങിയ ഒരു കാലമുണ്ടായിരിക്കാം. എന്നാല്‍, പതുക്കെപ്പതുക്കെ ഹൃദയം ഹൃദയത്തെ അറിയുകയാണ്. ആത്മാവിന്റെ ചെറിയ മര്‍മ്മരങ്ങള്‍ പോലും, soulmate.

ബോബി ജോസ് കട്ടികാട് എഴുതിയ 'കൂട്ട്' എന്ന കൃതിയില്‍ നിന്നാണിത്. 'സോള്‍മേറ്റ്' എന്ന വാക്ക്  ആദ്യമായി കേള്‍ക്കുന്നത് ബി.എസ്.രാജീവില്‍നിന്നാണ്. അദ്ദേഹത്തില്‍ നിന്നാണ് ബോബി ജോസ് കട്ടികാട് എന്ന അതിമനോഹരമായി ഭാഷ പ്രയോഗിക്കുന്ന എഴുത്തുകാരനായ ക്രിസ്തീയ പുരോഹിതനെക്കുറിച്ചും അറിയുന്നത്. അത് മൂന്നുവര്‍ഷം മുമ്പാണ്. അന്നേ 'കൂട്ട്' രണ്ടു പ്രതി കൈയിലുണ്ടെന്നും ഒരെണ്ണം എനിക്കാണെന്നും പറഞ്ഞതിനാല്‍ അത് വാങ്ങിയില്ല.

ഈയടുത്താണ് ഞാനിരിക്കേ, 'ബി.എസ്സിന്' എന്നുപറഞ്ഞ് ഒരു സുഹൃത്ത് കട്ടികാടിന്റെ 'കൂട്ട്' ഉള്‍പ്പെടെയുള്ള കൃതികള്‍ സമ്മാനിച്ചത്.  'കൂട്ട്' എന്നെ ഏല്‍പ്പിച്ചശേഷം 'ഒരു പുസ്തകം വേണമെന്ന് അതിതീവ്രമായി അഭിലഷിച്ചാല്‍ അത് കിട്ടിയിരിക്കും എന്ന് മനസ്സിലായില്ലേ?' എന്നുചോദിച്ചപ്പോള്‍ മുഴങ്ങിയ ചിരി ഇപ്പോള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്.

'ചങ്ങാതിയെ പിരിയുമ്പോള്‍ തകരരുത്. എന്തെന്നാല്‍, അയാളില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് അയാളുടെ അഭാവത്തില്‍ കൂടുതല്‍ മിഴിവോടെ നിങ്ങള്‍ തിരിച്ചറിയും. `പര്‍വതാരോഹകര്‍ താഴ് വാരങ്ങളില്‍നിന്നാണ് കൊടുമുടിയെ വ്യക്തമായി കാണുന്നത്'  എന്ന ഖലീല്‍ജിബ്രാന്‍ വരികള്‍ എന്നെ ഒരിക്കല്‍കൂടി അറിയിക്കാന്‍ കൂടി വേണ്ടിയായിരുന്നോ ബി.എസ്.രാജീവ് എനിക്കായി 'കൂട്ട്' കരുതിവച്ചിരുന്നത്?ബി.എസ്.രാജീവ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കട, വഞ്ചിയൂര്‍ ഏരിയാകമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായിരുന്നു. എസ്.എഫ്.ഐ നേതാവായിരിക്കേ അടിയന്തരാവസ്ഥക്കാലത്ത് എം.എ.ബേബി, എം.വിജയകുമാര്‍, ജി.സുധാകരന്‍ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് പ്രകടനം നടത്തി അറസ്റ്റുവരിച്ച് പൊലീസില്‍നിന്ന് കൊടിയ മര്‍ദനത്തിന് ഇരയാവുകയും 57 ദിവസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. മൈതാനങ്ങളെ ഇളക്കിമറിച്ച പ്രഭാഷകനാണ്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ അറിയപ്പെടുന്ന ഇംഗഌഷ് അദ്ധ്യാപകന്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളുടെ ഇംഗ് ളീഷ് പ്രസംഗങ്ങളുടെ പ്രഗത്ഭനായ പരിഭാഷകനായിരുന്നു. മലയാളത്തിലെയും ഇംഗ് ളീഷിലെയും പുതിയ പുസ്തകങ്ങളുടെ ആഴത്തിലുള്ള വായനയായിരുന്നു മറ്റൊരു സവിശേഷത. മലയാള നാടക - ചലച്ചിത്ര ഗാനമേഖലകളെക്കുറിച്ചുള്ള അഗാധമായ അറിവ്.  ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി പുലര്‍ത്തിയ ഹൃദയബന്ധമാണ് ഇതില്‍നിന്നൊക്കെ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

പരിചയപ്പെടുന്ന ഓരോരുത്തരും ഇപ്പോള്‍ ചോദിക്കുന്നുണ്ടാവും - ബി. എസ് രാജീവ് എനിക്കാരായിരുന്നു? സഹോദരനെന്നോ സഖാവെന്നോ സുഹൃത്തെന്നോ ഒക്കെ പറയാമായിരിക്കാം. മലയാളത്തില്‍ അതിന് ഉചിതമായ വാക്കില്ലാത്തതിനാലാവണം  'സോള്‍മേറ്റ്' എന്ന പദം പരിചയപ്പെടുത്തിത്തന്നത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എസ്.എഫ്.ഐയുടെ ആദ്യകാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി വിജയിച്ച് രണ്ടുതവണ ജനറല്‍ സെക്രട്ടറിയായിരുന്നു. ' അന്ന് രാജീവിന്റെ പ്രസംഗം കേള്‍ക്കാന്‍ തിരുനെല്ലൂര്‍, ഒ.എന്‍.വി എന്നിവരുള്‍പ്പെടെയുള്ള അദ്ധ്യാപകരും വരുമായിരുന്നു. കൃതജ്ഞത പറയുന്നവരോട് സാധാരണ സദസ് കൃതഘ്‌നരാവുകയാണ് പതിവ് എന്നാരംഭിച്ച ഒരു നന്ദി പ്രസംഗത്തിനൊടുവില്‍ രാജീവിനെ ഈ അദ്ധ്യാപകര്‍ അഭിനന്ദിച്ചത്  മറക്കാനാവില്ല' - യൂണിവേഴ്‌സിറ്റി കോളേജിലെ ചരിത്ര വിഭാഗത്തില്‍നിന്ന് വിരമിച്ച, രാജീവിന്റെ സഹപാഠി പ്രൊഫ. തുളസീധരന്‍ ഓര്‍മ്മിച്ചു.

അര്‍ബുദമായിരുന്നു ഈ പ്രതിഭാധനനായ രാഷ്ട്രീയനേതാവിനെ അപഹരിച്ചത്. 2018 ആദ്യം  അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോഴും പകച്ചില്ല. കോയമ്പത്തൂരിലെ ജെംസ് ആശുപത്രിയില്‍ റോബട്ടിക് സര്‍ജറിക്ക് വിധേയനായി. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇന്ത്യയിലെ ആദ്യ റോബട്ടിക് സര്‍ജനായ ഡോ.പളനിവേലു, ബി.എസ്.രാജീവിന്റെ ഉറ്റ സുഹൃത്തായി. തിരുവനന്തപുരത്ത് കോവളം അശോക് റാവീസ് ഹോട്ടലില്‍ ഒരു അന്താരാഷ്ട്ര സെമിനാറിനെത്തിയ അദ്ദേഹം എത്രയോ വര്‍ഷമായി അടുപ്പമുള്ള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കാണുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കിയത് തന്റെ ഈ 'പ്രിയരോഗിയെ കാണാനായിരുന്നു. 'ഗവര്‍ണറെ എനിക്ക് ചെന്നൈയിലോ കോയമ്പത്തൂരിലോ വച്ചും കാണാമല്ലോ' എന്നായിരുന്നു അതിനുള്ള അദ്ദേഹത്തിന്റെ ന്യായീകരണം.

ന്യൂഡല്‍ഹിയിലായിരുന്ന അശ്വതിതിരുനാള്‍ തമ്പുരാട്ടി രാജീവിന് അസുഖമാണെന്നറിഞ്ഞ് ഓടിയെത്തുകായിരുന്നു. ആശുപത്രിക്കിടക്കയില്‍ പ്രാര്‍ത്ഥനാനിരതയായി തിരുവിതാംകൂര്‍ രാജകുടുംബാംഗമായ എഴുത്തുകാരി വേദനയോടെ നിന്നു. എഴുത്തിനിടെ ഒരു പഴഞ്ചൈാല്ലിന്
കൃത്യമായ  പകരം വാക്ക്  കിട്ടുന്നില്ല. കവടിയാര്‍ കൊട്ടാരത്തില്‍നിന്നുള്ള ഫോണിന്  അപ്പോള്‍തന്നെ മറുപടി. ഒറ്റ വാക്കല്ല, വാക്കുകള്‍, സമാനമായ പഴമൊഴികള്‍...ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം തന്നെ കിട്ടിയപോലെ...

തെരഞ്ഞെടുപ്പുകളിലെ കൃത്യമായ വിലയിരുത്തല്‍ ഈ രാഷ്ട്രീയനേതാവിന്റെ പ്രത്യേകതയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച സമയം.


വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം. എല്‍.എ കെ.മുരളീധരന്‍ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥിയായി മണ്ഡലം , ജില്ലാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തത് ബി.എസ്.രാജീവിനെയാണ്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിലും ഇതേ അവസ്ഥയായിരുന്നു. പക്ഷെ, അന്ന്  'മുകളില്‍നിന്ന്'  സ്ഥാനാര്‍ത്ഥി കെട്ടിയിറക്കപ്പെട്ടു. ജാതി തെരഞ്ഞെടുപ്പുകളില്‍ പ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തില്‍ ഹിന്ദു, അതില്‍തന്നെ നായര്‍ ഭൂരിപക്ഷ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോഴേ കെ.മുരളീധരനെ ജയിപ്പിക്കണമെന്ന് ചില സി.പി.എം നേതാക്കള്‍ക്ക്താല്പര്യമുണ്ടെന്ന് വ്യക്തമായിരുന്നു.

കെ.കരുണാകരനെയും അദ്ദേഹത്തിന്റെ കക്ഷിയായ ഡി.ഐ.സി.കെ(ഡിക്ക്)യെയും എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നത് പരാജയപ്പെട്ട പശ്ചാത്തലം തന്നെയായിരുന്നു കാരണം. ആ അനുഭവം ഉള്ളതുകൊണ്ടാവണം, ഇത്തവണയും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മണ്ഡലം, ജില്ലാ പട്ടികയില്‍ ഒന്നാമനായപ്പോഴും 'ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല'  എന്ന തമാശ അദ്ദേഹം പൊട്ടിച്ചത്.

അപ്പോഴാണ് ഒരു വിവരം കിട്ടുന്നത്. അക്കാര്യം അന്ന് വൈകിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തെ ധരിപ്പിച്ചു - വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആയിരിക്കും. 'അപ്പോള്‍,സി.പി.എം മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാവും' - എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 'സി.പി.എമ്മിന് സാദ്ധ്യതയില്ലേ.' എന്ന ചോദ്യത്തിന് അന്നത്തെ നിയുക്ത സ്ഥാനാര്‍ത്ഥിയുടെ മറുപടി ഇങ്ങനെ: 'പിണറായിയോ കോടിയേരിയോ അല്ലാതെ ആരു സ്ഥാനാര്‍ത്ഥി ആയാലും മൂന്നാം സ്ഥാനത്ത് എത്താനാണ് സാദ്ധ്യത. ഇവര്‍ രണ്ടുപേരിലൊരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കും.'

അത്തവണയും മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ ശിപാര്‍ശ തള്ളി സി.പി.എം സ്ഥാനാര്‍ത്ഥി മുകളില്‍നിന്ന് വന്നു. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷിക്കുന്ന വോട്ടുനില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മണ്ഡലം തെരഞ്ഞെടുപ്പു ചുമതലക്കാരന്‍ എന്ന നിലയില്‍ കൃത്യമായി മുകള്‍ കമ്മിറ്റികള്‍ക്ക് കൈമാറി.അതിലൊക്കെ പെന്‍ഷന്‍ പറ്റിയ അദ്ധ്യാപികയും തുടര്‍ന്ന് രാജ്യസഭാംഗവും സംസ്ഥാനക്കമ്മിറ്റി അംഗവുമായ മഹതി മൂന്നാം സ്ഥാനത്തേ എത്തൂ എന്ന് വ്യക്തമാക്കിയിരുന്നു.

ആ സമയത്ത്, 'ബി.എസ്.രാജീവ് എന്തുകൊണ്ട് ഈ സ്ഥാനാര്‍ത്ഥിയെപ്പോലെ സംസ്ഥാനക്കമ്മിറ്റിയിലോ രാജ്യസഭയിലോ എന്തിന് ജില്ലാ സെക്രട്ടറിയേറ്റിലോപോലും എത്തിയില്ല' എന്ന ചോദ്യം പാര്‍ട്ടി അനുഭാവികളില്‍നിന്ന് ഉയര്‍ന്നതിന് മറുപടി പറയേണ്ടിവന്നത് അദ്ദേഹത്തിനായിരുന്നുവെന്നതാണ് വിധിവൈപരീത്യം.

ഒരിക്കല്‍പോലും മികച്ച അദ്ധ്യാപികയെന്നോ അദ്ധ്യാപക സംഘടനാ നേതാവെന്നോ 'പേരുദോഷം' കേള്‍പ്പിക്കാത്ത ഈ വനിതാ നേതാവ് എങ്ങനെ സ്ഥാനമാനങ്ങളും പാര്‍ട്ടി പദവികളും വെട്ടിപ്പിടിച്ചു എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ചാതുരിയോടെ മറുപടി പറയുന്ന ബി.എസ്.രാജീവിനോട് മതിപ്പേറുകയായിരുന്നു.തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെ സി.പി.എം സ്ഥാനാര്‍ത്ഥി മൂന്നാമത്.

അപ്പോഴാണ്, പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനമുണ്ടായത് - മത്സരിച്ചു തോറ്റവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കേണ്ടതില്ല. അതോടെ, 'തോല്‍പ്പിച്ചു' എന്ന ആരോപണവുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തി. അതിനു ഗുണമുണ്ടായി - അവര്‍ക്ക് സംസ്ഥാന സമിതിയുടെ തീരുമാനം മറികടന്ന് പുതിയ സ്ഥാനവും കാറും ശമ്പളവും കിട്ടി.

എന്നാല്‍, ആ ആരോപണം ബി.എസ്. രാജീവിനെ അസ്വസ്ഥനാക്കി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ സംഘടിപ്പിച്ച് അവിടെ നടപ്പാക്കേണ്ട വികസനങ്ങളെപ്പറ്റി പ്രകടനപത്രിക തയ്യാറാക്കുന്നതിന് എടുത്ത അദ്ധ്വാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, അവരെ ആരെയും കേള്‍ക്കാതെയുള്ള വിധി പ്രസ്താവം അദ്ദേഹത്തെ വിഷമിപ്പിച്ചു.
രണ്ട് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നപ്പോഴും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് മേല്‍ഘടകങ്ങളുടെ അംഗീകാരം സമ്മേളന റിപ്പോര്‍ട്ടിലൂടെ ലഭിച്ചതില്‍ അഭിമാനിച്ച ആളാണ് ബി.എസ്.രാജീവ്.

സംഘടനാ രംഗത്ത്കരുത്തു കാട്ടിയ അദ്ദേഹത്തെ അനുവദിച്ചാല്‍ പാര്‍ലമെന്ററി രംഗത്തും മികവു കാട്ടുമെന്ന് ഉറപ്പായിരുന്നു. ഇതുതന്നെയായിരുന്നു അദ്ദേഹത്തെ എതിര്‍ത്തവര്‍ക്കും സ്‌നേഹം നടിച്ചവര്‍ക്കും ഒരുപോലെ ഭീഷണിയായത്. അതുകൊണ്ടുതന്നെ, പാര്‍ലമെന്ററി രംഗത്തേക്ക് അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധവച്ചവര്‍ സംഘടനാരംഗത്തും ചുമതലകള്‍ നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു!

അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു  'ഈ അസുഖം വരുന്നതിന് നാലുകാരണങ്ങളുണ്ട്. ഒന്ന് - ജനിതകം. രണ്ട് - ജീവിതശൈലി. മൂന്ന് ആഹാരരീതി നാല് - സ്‌ട്രെസ്. ' കുടുംബത്തില്‍ ആര്‍ക്കും അര്‍ബുദമില്ല. അതിനാല്‍ ജനിതകസാഹചര്യങ്ങളില്ല. അങ്ങേയറ്റം ചിട്ടയോടെയുള്ള ജീവിതമായിരുന്നു. ആഹാരകാര്യങ്ങളിലെ നിഷ്ഠയും പാര്‍ട്ടിക്കാര്‍ക്കുപോലും അറിയാമായിരുന്നു. നാലാമത്തെ കാരണം - സ്‌ട്രെസ, അതുതന്നെയാണ്  ആ അസുഖം തേടിയെത്തിയതിനുകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതോടെ തന്റെ 'ആരോഗ്യനിലയില്‍ ' ഉത്കണ്ഠാപൂര്‍വ്വം കാണാനെത്തിയ ചിലരെ കാണാനാവില്ല എന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടു  ' എനിക്ക് അസുഖം തന്നവരാണവര്‍. അവരോട് വെളുക്കെച്ചിരിച്ച് നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. കള്ളം പറഞ്ഞവര്‍ക്ക്അതിന് പ്രതിഫലമായി ജില്ലാകമ്മിറ്റി അംഗത്വവും മറ്റ് സ്ഥാനമാനങ്ങളും കിട്ടിയല്ലോ. അവര്‍ അതില്‍ സന്തോഷിച്ചാല്‍ മതി. എന്നെ കാണാന്‍ വരേണ്ട'.

അസുഖമായി കിടന്നപ്പോഴും അന്ത്യാഞ്ജലി അര്‍പ്പിക്കാനും കുറഞ്ഞത് രണ്ട് ഡസനിലേറെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എത്തി.ഡി.ജി.പി റാങ്കിലുള്ളവര്‍ മുതല്‍ എസ്.പിമാര്‍വരെ എല്ലാ തലമുറയില്‍പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കടുത്ത പൊലീസ് മര്‍ദ്ദനമേറ്റ അദ്ദേഹത്തിനെ തൃശൂരുള്ള ആയുര്‍വേദവൈദ്യന്റെ ചികിത്സയാണ് ആരോഗ്യം വീണ്ടെടുത്തു നല്‍കിയത്. അതേ ആളെത്തേടി ഉന്നത പൊലീസുദ്യോഗസ്ഥര്‍ എത്തുന്നത് ചരിത്രത്തിന്റെ തമാശയാവാം. അന്യസംസ്ഥാനക്കാരായ സിവില്‍ സര്‍വീസുകാരുടെ ഉറ്റമിത്രമായിരുന്നു.'ഞങ്ങളുടെ ദൈവം പോയല്ലോ' എന്നു നിലവിളിച്ചുകൊണ്ടുവന്ന പാവപ്പെട്ട തൊഴിലാളി സ്ത്രീകള്‍...എഴുത്തുകാര്‍,കോളേജ് അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍,ഉദ്യോഗസ്ഥര്‍, വ്യാപാരിവ്യവസായികള്‍, കൂലിപ്പണിക്കാര്‍ അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരാണ് ആ വിയോഗം വിശ്വസിക്കാനാവാതെ തിരുവനന്തപുരം അമ്പലംമുക്കിലെ വസതിയില്‍ ഇപ്പോഴും എത്തുന്നത്.


ഒന്നിനോടും ഒരു പരാതിയും പറയാതെ 'എന്റെ പാര്‍ട്ടി' എന്നത് ജീവശ്വാസമായി കൊണ്ടുനടന്ന ഒരാള്‍. തെരഞ്ഞെടുപ്പുകാലത്ത് കൂട്ടിക്കൊണ്ടുപോയി  പ്രസംഗിപ്പിക്കാന്‍ മത്സരിച്ചവരില്‍ മിക്കവരും കാര്യം കഴിഞ്ഞപ്പോള്‍ കൈവിട്ടു. അവര്‍ക്കറിയാമായിരുന്നു, അഞ്ചുവര്‍ഷം കഴിയുമ്പോഴും രാജീവ് ഒരു പ്രസംഗത്തൊഴിലാളിയായി വീണ്ടും അവര്‍ക്കുവേണ്ടി ആളെക്കൂട്ടാന്‍ മൈക്കിനുമുന്നിലുണ്ടാവുമെന്ന്. ഒരു പരിഭവവുമില്ലാതെ, അങ്ങനെയൊക്കെയായിരുന്നല്ലോ അയാള്‍ ഇത്രയും കാലവും. ഒരു കാര്യം ഉറപ്പാണ് - ഒന്നും നേടാനില്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരാണ് ബി.എസ്.രാജീവിനെപ്പോലെയുള്ള നേതാക്കളെ എല്ലാക്കാലത്തും പ്രോത്സാഹിപ്പിച്ചത്. മനുഷ്യത്വമാണ് ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന പാഠമാണ് രാജീവ് സ്വന്തം ജീവിതം വഴി കാട്ടിത്തന്നത്. അത്  പൊതുപ്രവര്‍ത്തകര്‍ക്കാകെ അദ്ദേഹം ബാക്കിവച്ച പാഠമാണ്.

നൊമ്പരപ്പെടുന്നവരോട് സമരസപ്പെടുന്ന നേതാക്കളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തലമുറയിലെ ഒടുവിലത്തെ ആളുകളിലൊരാള്‍ കൂടിയാണ് ബി.എസ്.രാജീവിനോടുകൂടി വിടപറഞ്ഞത്.

santhoshmbtvm@gmail.comvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബി.എസ്. രാജീവ് ബാക്കിവച്ചത്