Search

അലോക് വര്‍മ രാജിക്ക്, സിബിഐയില്‍ വര്‍മയുടെ ഉറ്റവര്‍ക്ക് കൂട്ട സ്ഥലംമാറ്റം


ന്യൂഡല്‍ഹി: സിബിഐയില്‍ നിന്നു പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ സ്വയം വിരമിക്കലിന് അപേക്ഷ നല്കിയതിനൊപ്പം ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര്‍ റാവു ആറ് ജോയിന്റ് ഡയറക്ടര്‍മാരെ സ്ഥലംമാറ്റി.

അലോക് വര്‍മ കഴിഞ്ഞ ദിവസം നടപ്പാക്കിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കുകയും അദ്ദേഹത്തിന്റെ അടുപ്പക്കാരെ സ്ഥലം മാറ്റുകയുമാണ് റാവു ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് അലോക് വര്‍മയെ നീക്കിയത്. അദ്ദേഹത്തെ ഫയര്‍ സര്‍വീസ് ഡിജിയായിട്ടായിരുന്നു നിയമിച്ചത്. ആ നിയമനം വര്‍മ ഏറ്റെടുത്തില്ല. പകരം സ്വയം വിരമിക്കലിന് അപേക്ഷ നല്കുകയായിരുന്നു. രാജിക്കത്തിനു സമാനമായ വിരമിക്കല്‍ അപേക്ഷയാണ് അദ്ദേഹം നല്കിയിരിക്കുന്നത്. ഫയര്‍ സര്‍വീസസ് ഡി.ജി പദവി എറ്റെടുക്കാന്‍ പ്രായപരിധി തടസമാണെന്നും അതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.

നാഗേശ്വര്‍ റാവുവിനെ കേന്ദ്രം മടക്കി വിളിക്കുകയും അദ്ദേഹം വ്യാഴാഴ്ച രാത്രി തന്നെ ചുമതല ഏല്‍ക്കുകയുമായിരുന്നു.

സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി. ചന്ദ്രമൗലിക്കാണ് വര്‍മ കത്തു കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാനാണ് സാദ്ധ്യത.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നല്‍കിയില്ലെന്ന് അലോക് വര്‍മ വിരമിക്കാനുള്ള അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടുവെന്നും പുറത്താക്കണമെന്ന് ഉറപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടന്നതെന്നും കത്തില്‍ പറയുന്നു.

തന്നെ പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത് സി.ബി.ഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

വര്‍മ ഇപ്പോള്‍ രാജിവച്ചിറങ്ങിപ്പോകുന്നതു കേന്ദ്ര സര്‍ക്കാരിനു മറ്റൊരു തരത്തില്‍ തലവേദനയാണ്. സര്‍വീസിനു പുറത്തേയ്ക്കു വര്‍മ പോകുന്നത് പല വലിയ രഹസ്യങ്ങളുടെയും വിവരങ്ങള്‍ കൈയില്‍ വച്ചുകൊണ്ടാണ്. അദ്ദേഹം മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അതൊക്കെ പുറത്തുവിട്ടാല്‍ അതു കേന്ദ്ര സര്‍ക്കാരിനു തലവേദനയാവും.

വര്‍മയെ പല രാഷ്ട്രീയ കക്ഷികളും വട്ടമിടുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍മ മത്സരിച്ചാല്‍ പോലും അതിശയിക്കാനില്ല. ബിജെപി അല്ലാതൊരു കക്ഷിയാണ് കേന്ദ്രത്തില്‍ ഇനി അധികാരത്തില്‍ വരുന്നതെങ്കില്‍ വര്‍മയ്ക്ക് ഒരു സുപ്രധാന പദവിയും ഉറപ്പാണ്.

റാഫേല്‍ ഇടപാടിലെ അഴിമതി വര്‍മ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹത്തെ രായ്ക്കുരാമാനം കെട്ടുകെട്ടിച്ചതെന്നതും പരസ്യമായ രഹസ്യമാണ്.

റഫാല്‍ അന്വേഷിക്കാനിറങ്ങിയത് പാരയായി, സുപ്രീം കോടതി തിരികെ ഇരുത്തിയ സിബിഐ ഡയറക്ടറെ മോഡി തെറിപ്പിച്ചു, നിയമന സമിതിയിലെ പ്രതിപക്ഷ അംഗം വിയോജിച്ചുKeywords:  CBI?chief , Prime Minister, Narendra Modi, Chief justice of India, Leader of  opposition, Lok Sabha, Mallikarjun Kharge, Alok Verma, Supreme Court, Senior Supreme Court judge, Justice AK Sikri , Justice Ranjan Gogoi,   Rakesh Asthanavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അലോക് വര്‍മ രാജിക്ക്, സിബിഐയില്‍ വര്‍മയുടെ ഉറ്റവര്‍ക്ക് കൂട്ട സ്ഥലംമാറ്റം