Search

റഫാല്‍ അന്വേഷിക്കാനിറങ്ങിയത് പാരയായി, സുപ്രീം കോടതി തിരികെ ഇരുത്തിയ സിബിഐ ഡയറക്ടറെ മോഡി തെറിപ്പിച്ചു, നിയമന സമിതിയിലെ പ്രതിപക്ഷ അംഗം വിയോജിച്ചു



സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് റഫാല്‍ അഴിമതിക്കേസ് അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ പുറത്താക്കി.

സുപ്രീം കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇന്നലെ കസേരയില്‍ തിരിച്ചെത്തിയ വര്‍മയെ ഇന്നു ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി എന്നിവര്‍ ചേര്‍ന്നാണ് മാറ്റാന്‍ തീരുമാനിച്ചത്.

സമിതിയിലെ അംഗവും ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന ഗാര്‍ഗെ പുറത്താക്കലിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ അഭിപ്രായം പരിഗണിക്കപ്പെട്ടു.

പ്രധാനമന്ത്രിയുടെ വസതിയില്‍ രണ്ടര മണിക്കൂറാണ് യോഗം ചേര്‍ന്നത്. യോഗം പ്രധാനമായി പരിഗണിച്ചത് വര്‍മയ്‌ക്കെതിരേ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു.

അലോക് വര്‍മയുടെ നിലപാട് കേട്ടതിനുശേഷം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു ഖാര്‍ഗെയുടെ നിലപാടെടുത്തെങ്കിലും പ്രധാനമന്ത്രി സമ്മതിച്ചില്ല.

അര്‍ധരാത്രിയില്‍ തിരക്കിട്ട് തന്നെ മാറ്റിയതിനെതിരേ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് ഇന്നലെ കസേരയില്‍ തിരിച്ചെത്തിയത്. സുപ്രീം കോടതി അദ്ദേഹത്തെ തിരിച്ചുപ്രതിഷ്ഠിച്ചെങ്കിലും അന്തിമ തീരുമാനം സെലക്ഷന്‍ കമ്മിറ്റിയുടേതായിരിക്കുമെന്നു പറഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരവും നല്കിയിരുന്നില്ല.

ഇന്നലെ തിരിച്ച് അധികാരമേറ്റ അലോക് വര്‍മ സി.ബി.ഐ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് തുടക്കമിട്ടിരുന്നു. ഇതാണ് പെട്ടന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നറിയുന്നു.

വര്‍മയെ നീക്കേണ്ടെന്നും റഫാല്‍ കേസില്‍ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ഖാര്‍ഗേയുടെ നിലപാട്. എന്നാല്‍ പ്രധാനമന്ത്രിയും ജസ്റ്റിസ് സിക്രിയും ഇതിനോടു വിയോജിച്ചു.

വര്‍മയ്‌ക്കെതിരായ കേസില്‍ വാദം കേള്‍ക്കുന്നതിനാലാണ് സമിതിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിച്ചത്. വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ കേന്ദ്ര നടപടി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.

ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമേ ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടു ക്കാനാവൂ എന്നു കോടതി വ്യക്തമാക്കിയിരുന്നു. ഈ അധികാരമാണ് കേന്ദ്രം ഇന്നു വജ്രായുധമായി പ്രയോഗിച്ചത്. ഈ മാസം 31 വരെയായിരുന്നു വര്‍മയുടെ ഔദ്യോഗിക കാലാവധി.

സിബിഐ ഡയറക്ടറെ സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍, നെഞ്ചിടിപ്പോടെ കേന്ദ്ര സര്‍ക്കാര്‍, അന്തമില്ലാതെ അന്തര്‍നാടകങ്ങള്‍


Keywords:  CBI?chief , Prime Minister, Narendra Modi, Chief justice of India, Leader of  opposition, Lok Sabha, Mallikarjun Kharge, Alok Verma, Supreme Court, Senior Supreme Court judge, Justice AK Sikri , Justice Ranjan Gogoi,   Rakesh Asthana



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ റഫാല്‍ അന്വേഷിക്കാനിറങ്ങിയത് പാരയായി, സുപ്രീം കോടതി തിരികെ ഇരുത്തിയ സിബിഐ ഡയറക്ടറെ മോഡി തെറിപ്പിച്ചു, നിയമന സമിതിയിലെ പ്രതിപക്ഷ അംഗം വിയോജിച്ചു