Search

ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല, പെണ്‍മതില്‍ പണിയുന്ന പിണറായിക്കു വിഎസിന്റെ കൊട്ട്


തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച വനിതാ മതിലിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍.

ജനുവരി ഒന്നിനാണ് പിണറായി പ്രഖ്യാപിച്ച വനിതാ മതില്‍. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നാണ് വിഎസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരമെന്നും പിണറായിയെ ഓര്‍മിപ്പിക്കാനെന്നോണം വി.എസ് പറഞ്ഞു. വനിതാ മതിലിന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിഎസിന്റെ അടി.

എല്‍ഡിഎഫ് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ അണിചേരുമെന്നും വിജയരാഘവന്‍ അറിയിച്ചു. മതിലിനു മുന്നോടിയായി വിപുലമായ പ്രചാരണം സംഘടിപ്പിക്കും. വനിതാ സംഘടനകളുടെ സംസ്ഥാനതല യോഗം ചേരും. ഈ മാസം എട്ടിന് എല്ലാ ജില്ലകളിലും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് എല്‍ഡിഎഫ് യോഗം ചേരുമെന്നും വിജയരാഘവന്‍ അറിയിച്ചു.

ഇതേസമയം, വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി ആക്ഷേപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തുവന്നു. പരിപാടിക്കെത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ച് ഫേസ് ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു നിശിതമായി എഴുതുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മതിലാളികളേ ഇതിലെ ഇതിലെ

(ഇതര സംസ്ഥാനികള്‍ അപേക്ഷിക്കേണ്ടതില്ല )

അടിസ്ഥാന യോഗ്യതകള്‍ :

1.അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. എന്നാല്‍ അവര്‍ വനിതകള്‍ ആയിരിക്കണം.
2. അപേക്ഷകര്‍ ഏതെങ്കിലും സമുദായത്തിന്റെ (പോഷകവും ആവാം )
അംഗമായിരിക്കണം. എന്നാല്‍ ബാനര്‍ പിടിച്ചും താലപ്പൊലിയെടുത്തും പുരുഷന്മാരാല്‍ കവചിതരായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഘോഷയാത്രകളില്‍ മാത്രം പങ്കെടുത്ത തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
3. മതില്‍പണിയാനാവശ്യമായ പണിയായുധങ്ങള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. എന്നാല്‍ പാരകള്‍ കൊണ്ടുവരാന്‍ പാടില്ല
4. മതില്‍ പണിക്കാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ നവോഥാന്‍ സിമന്റ് മതില്‍ നിര്‍മ്മാണ കമ്പനി തന്നെ നല്‍കുന്നതാണ്
5.എളുപ്പത്തിലും വേഗത്തിലും പണിയെടുക്കുന്നവര്‍ക്ക്
മതില്‍ഭൂഷന്‍, മതില്‍ശ്രീ തുടങ്ങിയ ചപ്പുചവറുകള്‍ നെഞ്ചത്ത് തന്നെ കുത്തി മലര്‍ത്തി ആദരിക്കും.
6.കുറ്റവാളികള്‍ക്കും ക്രിമിനല്‍ കേസ് പ്രതികള്‍ക്കും മതില്‍ പണിയത്‌നത്തില്‍ പങ്കെടുക്കുന്നത് കണക്കിലെടുത്തു അവരുടെ ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിക്കുന്നതാണ്.
7. മതില്‍ പണിയില്‍ പങ്കെടുക്കുന്ന സാമുദായിക നേതാക്കന്മാര്‍ക്കോ
മക്കള്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന ആശ്രിതര്‍ക്കോ മന്ത്രി/തന്ത്രി അല്ലെങ്കില്‍ വിവിധങ്ങളും ഉപയോഗശൂന്യവുമായ കോര്‍പ്പറേഷനുകളില്‍ ആളും തരവും നോക്കി കസേരകള്‍ നല്‍കുന്നതാണ്.
8. മതിലിനുപിറകില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യപ്രവര്‍ത്തക ഭീകരര്‍ക്ക്
ഒറ്റിക്കൊടുക്കുവാന്‍ പാടില്ല. അങ്ങിനെയെങ്ങാന്‍ ചെയ്താലോ
പിന്നെ ഒരു വനിതയും സ്വപ്നത്തില്‍പ്പോലും മതിലു ചാടില്ല.
9. ശ്രദ്ധിക്കുക. നിരീശ്വര വാദികള്‍ മതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കും. അതിന് അവരെ അനുവദിക്കരുത്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഗദ്യത്തിലാണെങ്കിലും
കവിതാ രൂപത്തിലും കാച്ചിയെടുക്കാവുന്നതാണ്
(വരികള്‍ക്കിടക്ക് മ മ് മീ എന്നിവകള്‍ തിരുകാം അല്ലെങ്കില്‍
ഹന്ത, ഹിതാ എന്നോ തിരുകാം.
വരികളുടെ അവസാനം
ലേ, തന്‍, ഹോ എന്നിങ്ങിനെ
ചില നമ്പറുകള്‍കൂടി ചാമ്പിയാല്‍ അക്കാദമി അവാര്‍ഡിന് സാധ്യതയുമുണ്ട് )
അറിയിപ്പ് :
മുകളിലെഴുതിയ എന്റെ ആധുനിക
കവിത ആരെങ്കിലും അടിച്ചുമാറ്റി
സ്വന്തം പേരില്‍ അച്ചടിച്ചാല്‍ ചിത്രവധമല്ല, ഏത് യു ജി സി ആണേലും ചവിട്ടിത്തേച്ചുകളയും. (മോഷ്ടിച്ചത് സുന്ദരിയാണെങ്കില്‍ ഞാന്‍ കണ്ണടച്ചു ഇരുട്ടാക്കുകയും ചെയ്യും)


Kyewords: VS Achuthanandan, Pinarayi Vijayan, Vanitha Mathil, Joy Mathewvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല, പെണ്‍മതില്‍ പണിയുന്ന പിണറായിക്കു വിഎസിന്റെ കൊട്ട്