Search

രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ദൗത്യവുമായി കെ.സി വേണുഗോപാല്‍, മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവച്ച് സച്ചിനും ഗെലോട്ടും


അഭിനന്ദ്

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു ഫലം എറെക്കുറേ കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കെ, അവിടെ സര്‍ക്കാര്‍ രൂപീകരണത്തിനു ചുക്കാന്‍ പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ നിയുക്തനായി.

നേരത്തേ, കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് കടുത്ത പ്രതിസന്ധിയുണ്ടായ ഘട്ടത്തില്‍ ഭരണം പിടിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തത് വേണുഗോപാലായിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പിനെയും അധികാരത്തെയും വെല്ലുവിളിച്ചു വേണുഗോപാല്‍ ദൗത്യം വിജയിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹത്തിനു പുതിയ ചുമതല കൊടുത്തിരിക്കുന്നത്.

വേണുഗോപാല്‍ ജയ്പൂരിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് അറിയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ അശോക് ഗെലോട്ടിനെയോ യുവനേതാവ് സച്ചിന്‍ പൈലറ്റിനെയോ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

മിക്കവാറും ഗെലോട്ടിനു തന്നെയായിക്കും നറുക്കു വീഴാന്‍ സാദ്ധ്യത. സച്ചിനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞു യുപിഎ അധികാരത്തില്‍ വന്നാല്‍ സച്ചിന് സുപ്രധാനമായൊരു വകുപ്പും ഉറപ്പാണ്. ആ നിലയ്ക്കു ഗെലോട്ടിനു മുഖ്യമന്ത്രി സ്ഥാനം കിട്ടാനാണ് സാദ്ധ്യത കൂടുതല്‍.

എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു വിഭാഗം സച്ചിനെ പിന്തുണയ്ക്കുന്നവരാണ്. മുഖ്യമന്ത്രി ആരാവണമെന്നു രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞത്.

രാജസ്ഥാനില്‍ 200ല്‍ 95 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. ആറു സീറ്റു കൂടി അവര്‍ക്കു വേണ്ടതുണ്ട്. മൂന്നു സീറ്റുള്ള ബിഎസ്പി പിന്തുണ ഉറപ്പു നല്കിയിട്ടുണ്ട്. മറ്റുള്ളവര്‍ 21 പേരുണ്ട്. ഇനിയും ഫലത്തില്‍ മാറ്റമുണ്ടായാല്‍ ബിജെപി മറ്റുള്ളവരെ കൂട്ടി അത്ഭുതം കാട്ടിയാലും മതി. അതിനു തടയിടുകയാണ് വേണുഗോപാലിന്റെ പ്രധാന ചുമതല.


വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റെന്നാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്.

ഈ തിരഞ്ഞെടുപ്പു ഫലമാണ് ദിശാസൂചകമെങ്കില്‍ മാസങ്ങള്‍ക്കകലെ നില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോഡിക്കും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

മധ്യപ്രദേശിലെ തിരിച്ചടിയാണ് ബിജെപിയെ അമ്പരപ്പിക്കുന്നത്. 2003 മുതല്‍ അവര്‍ അവിടെ അധികാരത്തിലുണ്ട്. ഉമാ ഭാരതിയായിരുന്നു ആദ്യം മുഖ്യമന്ത്രി. ഒന്‍പതു മാസത്തോളം അധികാരത്തിലിരുന്ന ഉമയ്ക്കു പകരം പിന്നീട് ബാബുലാല്‍ ഗൗര്‍ വന്നു. 2005 മുതല്‍ ഇന്നുവരെ ശിവരാജ് സിംഗ് ചൗഹാനെന്ന അതികായനാണ് ഭരണത്തലപ്പത്ത്. ഇക്കുറിയും തങ്ങള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഇവിടെ ബിജെപി. ഇവിടെ അഴിമതിയും ചൗഹാന്റെ താന്‍പോരിമയുമാണ് ബിജെപിക്കു വിനയായത്.

ബിജെപി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പിടിപ്പുകേടുകളും പാളയത്തില്‍ പടയുമാണ് അവരുടെ പതനം ഉറപ്പാക്കിയത്. വസുന്ധര ഇപ്പോഴും താന്‍ ഗ്വാളിയറിലെ രാജ്ഞിയാണെന്ന ഭാവത്തിലാണ്. ഈ ഭാവം സിന്ധ്യയ്ക്കു തിരിച്ചടിയായി.

ഛത്തീസ്ഗഢില്‍ 2003 മുതല്‍ ബിജെപി സര്‍ക്കാരിനെ നയിക്കുന്നത് രമണ്‍ സിംഗായിരുന്നു. മാവോയിസ്റ്റ് പ്രശ്‌നവും കര്‍ഷകരുടെ പട്ടിണിയും ദാരിദ്ര്യവുമായിരുന്നു സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങള്‍. ഇവയൊന്നും ഫലപ്രദമായി നേരിടാന്‍ രമണ്‍ സിംഗിനായില്ല. എന്നിട്ടും അവര്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷേ, ജനം ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്.

തെലങ്കാനയില്‍ മഹാസഖ്യം വിലപ്പോവാനിടയില്ലെന്നു നേരത്തേ തന്നെ സൂചയുണ്ടായിരുന്നു. മിസോറമില്‍ ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം തിരിച്ചടിയാവുമെന്നും നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. അത് അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു.

ഈ ഫലങ്ങള്‍ ബിജെപിക്കു കനത്ത തിരിച്ചടി തന്നെയാണ് കൊടുത്തിരിക്കുന്നത്. അധികാരത്തില്‍ നിന്നു തൂത്തെറിയപ്പെട്ട അവര്‍ക്ക് ഒരിടത്തും അധികാരം പിടിക്കാനോ നിലനിറുത്താനോ കഴിഞ്ഞില്ല എന്നത് അവരുടെ വരും നാളുകള്‍ ശുഭകരമല്ലെന്ന സൂചന തന്നെയാണ് നല്കുന്നത്.

ഈ തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് രാമജന്മഭൂമി പ്രശ്‌നം കത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയത്. അതൊന്നും പക്ഷേ, വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ ആയുധങ്ങള്‍ എത്രയും വേഗം കണ്ടെത്താനായാല്‍ മാത്രമേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.

Keywords: Sachin Pilot, Ashok Gehlot, Counting of votes, Lok Sabha elections, Rajasthan, Madhya Pradesh, Chhattisgarh, Mizoram, Telangana, Congress party, TRS, BJP, MNF, Telangana Rashtra Samithi vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ദൗത്യവുമായി കെ.സി വേണുഗോപാല്‍, മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവച്ച് സച്ചിനും ഗെലോട്ടും