Search

ബെഹ്‌റ സി.ബി.ഐ മേധാവിയായി ഡല്‍ഹിക്കു പറക്കുമോ, 17 പേരുടെ കേന്ദ്ര പട്ടികയില്‍ കേരള ഡിജിപിയും


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: സി.ബി.ഐ മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന 17 പേരില്‍ ഒരാള്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്നു റിപ്പോര്‍ട്ട്.

ബഹ്‌റ ഉള്‍പ്പെടെ 17 പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി വിശദപരിശോധനയ്ക്കായി ഇന്റലിജന്‍സ് ബ്യൂറോ, കേന്ദ്ര പേഴ്ണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍ എന്നിവര്‍ക്ക് അയച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്നുള്ള കഌയറന്‍സിനു ശേഷമായിരിക്കും സിബി ഐ മേധാവിയെ നിശ്ചയിക്കുക.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ് ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ സി ബി ഐയുടെ തലപ്പത്ത് വിശ്വസ്തര്‍ ആരെങ്കിലും ഉണ്ടാകേണ്ടത് പാര്‍ട്ടിയുടെ ആവശ്യം കൂടിയാണ്. ഇതുകൂടി കണക്കിലെടുത്തായിരിക്കും പുതിയ ഡയറക്ടറെ നിയമിക്കുക.

നേരത്തെ സിബിഐയില്‍ എസ്പിയായും ഡിഐജിയായും ബഹ്‌റ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എന്‍ഐഎയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. ഗ്രഹാം സ്റ്റെയിന്‍ വധക്കേസ്, പുരുളിയ ആയുധ വര്‍ഷക്കേസ്, മുംബയ് സ്‌ഫോടന പരമ്പര എന്നിവയുടെയെല്ലാം അന്വേഷണത്തില്‍ മുന്നിലുണ്ടായിരുന്ന ബഹ്‌റ തന്റെ കഴിവ് തെളിയിച്ചിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി അമേരിക്കയിലേക്കു പോയ ഇന്ത്യന്‍ സംഘത്തിലും ബഹ്‌റയുണ്ടായിരുന്നു. എന്‍ഐഎയിലെ പ്രവര്‍ത്തന മികവിന് രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഏറെ താത്പര്യമുള്ള ഉദ്യോഗസ്ഥനാണ് ബഹ്‌റ. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയനും ബഹ്‌റ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ്. എന്നാല്‍, സിബിഐയിലേക്ക് ബഹ്‌റ പോയാല്‍ അത് അദ്ദേഹത്തിന്റെ കരിയറിനു മികച്ച നേട്ടമാകും. അതിനു മുഖ്യമന്ത്രി എതിരു പറയാനിടയില്ല.

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ബെഹ്‌റ, ഒഡീഷ സ്വദേശിയാണ്. ആലപ്പുഴ എ.എസ്.പി ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട്, തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍, കൊച്ചി പൊലീസ് കമ്മിഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി. നവീകരണം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

സി.ബി.ഐയിലെ ഉള്‍പ്പോരാണ് പുതിയ തലവനെ തേടാന്‍ കാരണമായത്. തമ്മിലടി നിമിത്തം ഡയറക്ടര്‍ക്കെതിരെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

ഡയറക്ടര്‍ അലോക് വര്‍മ്മയെ നീക്കുകയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിന് താത്കാലികമായി ചുമതല നല്‍കുകയായിരുന്നു.

തലപ്പത്തെ ഉന്നതര്‍ തമ്മിലുള്ള പോര് സര്‍ക്കാരിനും സി.ബി.ഐക്കും അപമാനമായിരുന്നു.

ഡിജിപിയായിരുന്ന ടിപി സെന്‍ കുമാര്‍ കോടതി വിധിയുടെ ബലത്തില്‍ തിരിച്ചെത്തിയപ്പോള്‍ വിജിലന്‍സിലേക്കു മാറിക്കൊണ്ട് ബഹ്‌റ കസേര ഒഴിഞ്ഞുകൊടുത്തതും പിന്നെയും സ്ഥാനത്തു തിരിച്ചെത്തിയതും ചരിത്രം.

Keywords:  Loknath Behera , DGP, CBI, IPS officer, NIA, Pinarayi Vijayan, Narendra Modivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബെഹ്‌റ സി.ബി.ഐ മേധാവിയായി ഡല്‍ഹിക്കു പറക്കുമോ, 17 പേരുടെ കേന്ദ്ര പട്ടികയില്‍ കേരള ഡിജിപിയും