Search

മണ്ഡോവീതീരത്തെ തീര്‍ത്ഥാടനത്തിന്റെ നാള്‍വഴി

ജോര്‍ജ് മാത്യു

ചിലതൊക്കെ വ്യാഖ്യനങ്ങള്‍ക്ക് അതീതമാണ്. നവംബര്‍ 21 മുതല്‍ 26 വരെ ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ പതിവ് തീര്‍ത്ഥാടനമായിരുന്നു. 2004 ല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 14 വര്‍ഷം. രോഗം ആരംഭിച്ചത് അതിനൊക്കെ മുന്‍പായിരുന്നു, 1986 ല്‍. ആ പതിനെട്ട് വര്‍ഷങ്ങളില്‍ എട്ടു വര്‍ഷവും ദില്ലിയുടെ അതിശൈത്യത്തിന്റെ നാളുകളായ ജനുവരി 10 മുതല്‍ 24 വരെ ആയിരുന്നു ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഇഫി) ഉത്സവനാളുകള്‍. ബാക്കി മേളകള്‍ ഫിലിമോത്സവ് എന്ന പേരിലും മറ്റും കൊല്‍ക്കത്ത, മുംബയ്, തിരുവനന്തപുരം, ഹൈദരാബാദ്, മദ്രാസ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ചുറ്റിയടിച്ചു. അങ്ങനെ 2002 ല്‍ ബാംഗ്ലൂരില്‍ നടക്കേണ്ടിയിരുന്ന മേള സംസ്ഥാന സര്‍ക്കാരിന്റെ അവസാന നിമിഷങ്ങളിലെ പിന്‍മാറ്റം മൂലം റദ്ദാക്കേണ്ടി വന്നു. തന്മൂലം ഇനി ഈ കറങ്ങിനടക്കല്‍ വേണ്ട എന്ന് ഐ ആന്‍ഡ് ബി മിനിസ്ട്രി തീരുമാനിച്ചു. 2003 ല്‍ ദില്ലിയിലെ ഫിലിം ഫെസ്റ്റിവല്‍ അസ്തമിച്ചു. ഒരു സ്ഥിരം വേദിക്കുള്ള തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത, തിരുവനന്തപുരം, മുംബയ് നഗരങ്ങളെ പിന്‍തള്ളി മനോഹര്‍ പരീഖറുടെ ഗോവ അഥവാ പനാജി വിജയിച്ചു. അങ്ങനെയാണ് യാത്രകള്‍ കര്‍മാലി എന്ന അതിപുരാതന റെയില്‍വേ സ്റ്റേഷന്‍ വഴി പനാജിയിലേക്ക് എത്തിച്ചേര്‍ന്നത്.

ലേഖകന്‍ ചലച്ചിത്രോത്സ വേദിയില്‍

ഇത്രയും ചരിത്രം കുറിക്കുവാന്‍ കാരണം അടുത്ത വര്‍ഷം ഐ.എഫ്.എഫ്.ഐ അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മനോഹര്‍ പരീഖര്‍ അവശനാണെങ്കിലും ചരിത്രമുഹൂര്‍ത്തത്തെ ഗംഭീരമാക്കുവാന്‍ കിണഞ്ഞ് ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്വന്തം ഫെസ്റ്റിവല്‍ കോംപ്ലക്‌സില്‍ അടുത്ത വര്‍ഷം മുതല്‍ ഐ.എഫ്.എഫ്.ഐ നടക്കണമെന്ന് പരീഖറിന് നിര്‍ബന്ധം. ഇപ്പോള്‍ ഓര്‍ക്കുകയാണ് ഐ.എഫ്.എഫ്.കെ
രണ്ടു വര്‍ഷത്തിനുള്ളില്‍ 25 ാം വര്‍ഷത്തില്‍ എത്തും. ആരാന്റെ തിയേറ്ററുകളുടെ ഔദാര്യവുമായി അപ്പോഴും നാം അലഞ്ഞെന്നിരിക്കും.

പറഞ്ഞുവന്നത് ഒരാഴ്ചയിലെ തീര്‍ത്ഥയാത്രയെക്കുറിച്ചാണ്. ആ ഒരാഴ്ചക്കാലം പനാജി ഒരു കാഫ്‌കെയ്‌സ് ലാന്‍ഡ്‌സ്‌കേപ്പാണ്. വര്‍ഷത്തിലെ അന്‍പത്തിയൊന്ന് ആഴ്ചകളിലെ ആലസ്യവും വിരസതയും ചിരപരിചിതത്വവും ഉപേക്ഷിച്ച് ഒരു കാഫ്‌കെയ്‌സ് ലാന്‍ഡ്‌സ്‌കേപ്പിലേക്കുള്ള പ്രയാണം, അതാണ് മടികൂടാതെ എന്തെങ്കിലും ഒക്കെ പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടെങ്കില്‍ അവ തൃണവല്‍ഗണിച്ച് വാര്‍ദ്ധക്യത്തിന്റെ അസ്‌കിതകള്‍ മറന്ന് ഓടിച്ചെല്ലാന്‍ ലഭിക്കുന്ന ഊര്‍ജ്ജം.

2017 ഫെബ്രുവരിയില്‍ അഞ്ച് നാളുകള്‍ ഐ.സി.യുവില്‍ കിടന്നപ്പോള്‍ വ്യാകുലപ്പെട്ടത് എന്നന്നേക്കുമായി അസ്തമിക്കുന്ന സിനിമാ സ്വപ്‌നങ്ങളെക്കുറിച്ച്, അതേക്കുറിച്ച്, മാത്രമായിരുന്നു. ആദ്യമായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. അതും അല്പം ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍. എല്ലാ സ്വാതന്ത്ര്യങ്ങളും അസ്തമിച്ചു എന്ന് ഉറപ്പാക്കിയ മണിക്കൂറുകളും ദിവസങ്ങളും. (ആ അസ്വസ്ഥ ദിവസങ്ങളില്‍ മനസ്സിനെ ശാന്തമാക്കിയത് സിനിമകള്‍ മാത്രം. ബര്‍ഗ്മാന്റെ സെവന്‍ത് സീലും റേയുടെ പഥേര്‍ പാഞ്ചാലിയും അരവിന്ദന്റെ എസ്തപ്പാനും എന്റെ കിടയ്ക്കയ്ക്കരികില്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. അതേക്കുറിച്ച് മരണം എത്തുന്ന നേരത്ത്... എന്ന തലക്കെട്ടില്‍ ദീര്‍ഘമായ ഒരു ലേഖനം കേരളകൗമുദി വാരാന്ത്യപ്പതിപ്പില്‍ (19 ആഗസ്റ്റ് 2017) പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

സാന്ധ്യശോഭയില്‍ മണ്ഡോവി

മുടക്കമില്ലാത്ത 33 വര്‍ഷങ്ങള്‍. പതിവ് ശീലങ്ങള്‍ക്കും മുടക്കമില്ല. രാവിലെ രണ്ട് ചിത്രങ്ങള്‍; ഒരു മണിയോടെ സ്വാദിഷ്ടമായ ഗോവന്‍ ഉച്ചയൂണ്. ലേശം വീഞ്ഞും. ഒരു മണിക്കൂര്‍ ഉച്ചയുറക്കം. വീണ്ടും രണ്ടു ചിത്രങ്ങളിലേക്ക്. ഏഴ് മുപ്പതിന് ഗോവന്‍ രാത്രികള്‍ ആരംഭിക്കും. ഇതിനിടെ എത്രയെത്ര ചിരകാല സുഹൃത്തുക്കളെ കണ്ടെത്തും. വാര്‍ദ്ധക്യത്തിന്റെ ജീര്‍ണ്ണതകള്‍ മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലാത്ത സൗഹൃദം. 2004 മുതല്‍ കാരിത്താസ് എന്ന പ്രശസ്ത ഗസ്റ്റ് ഹൗസിലാണ് വാസം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുടികിടപ്പ് അവകാശം പോലെ സ്ഥിരം മുറികള്‍. എട്ടു മണിക്ക് ബാര്‍ തുറക്കുമെന്നത് എല്ലാ മലയാളികള്‍ക്കും അറിയാവുന്ന രഹസ്യം. ഒരു 30 മിനിട്ടെങ്കിലും ഈ സദിരുകളില്‍ അലിഞ്ഞുചേരാന്‍ ഊഴം കാത്തുനില്‍ക്കുന്ന അടുത്തും അകന്നുമുള്ള സുഹൃത്തുക്കള്‍. സ്ഥിരം സന്ദര്‍ശകരില്‍ ഒരു പ്രമുഖന്‍, കെ.ആര്‍ മോഹനന്‍, ഇപ്പോള്‍ അപ്രത്യക്ഷനായിരിക്കുന്നു. പക്ഷേ, ജീവിതം മുന്നോട്ടുതന്നെ.

മൂന്നും നാലും മണിക്കൂറുകള്‍ നീളുന്ന സിനിമാ ചര്‍ച്ചകള്‍ അവനവനെ തിരിച്ചറിയാനുള്ള മനോഹരമായ മുഹൂര്‍ത്തങ്ങളാണ്. യോജിച്ചും വിയോജിച്ചും ശക്തമായാണ്; പോരെങ്കില്‍ വീഞ്ഞിന്റെ വീര്യം ബുദ്ധി പ്രകാശിപ്പിക്കുക മാത്രമല്ലല്ലോ, പ്രചോദിപ്പിക്കുകയും ചെയ്യുമല്ലോ..

മനുഷ്യര്‍ക്ക് ഇത്രയ്ക്ക് വിനീതരാകാന്‍ കഴിയുമെന്നത് ഒരത്ഭുതമാണ്. മണ്ഡോവി നദി എന്നും സുന്ദരിയാണ്. നേരം പുലരുമ്പോള്‍ പിന്‍വാങ്ങി ത്രിസന്ധ്യയോടെ ഉത്സാഹവതിയായ തരുണിയെപ്പോലെ മദാലസയായി മാടിവിളിച്ച് പ്രകോപിപ്പിക്കും. അലസമായി അലഞ്ഞുനടക്കുന്ന, ആലക്തികപ്രഭയില്‍ കുളിച്ച, യാനങ്ങള്‍ നോക്കിനില്‍ക്കാന്‍ നേരമില്ലെന്നുമാത്രം.

ഇത്രയും പ്രശാന്തവും സുന്ദരവുമായ ഒരു കുഞ്ഞുനഗരം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടാവുമോ? അറിയില്ല. ഈ പ്രശാന്തിയിലേക്ക്, സിനിമയുടെ തുരുത്തിലേക്ക്, എങ്ങനെ ഓടിയെത്താതിരിക്കും?

ഗോവ മേളയില്‍ മലയാളത്തിന്റെ അഭിമാനമായി നടന്‍ ചെമ്പന്‍ വിനോദും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും

നവംബര്‍ 20 ന് പ്രദര്‍ശിപ്പിച്ച ആസ്‌പേന്‍ പേപ്പര്‍ (ഉദ്ഘാടന ചിത്രം) മുതല്‍ സീല്‍ഡ് ലിപ്‌സ് (ക്ലോസിങ് ഫിലിം) വരെ കടന്നുപോയ 220 ചിത്രങ്ങളുടെ ആരാമത്തില്‍ നിന്ന് കൈക്കുമ്പിളില്‍ പെറുക്കിക്കൂട്ടാന്‍ കഴിഞ്ഞത് കഷ്ടിച്ച് 20 ചിത്രങ്ങള്‍. എന്നാലെന്താ, ജാഫര്‍ പനാഹിയും ഡാന്‍വോള്‍മാനും ബര്‍ഗ്മാനും നവോമി കവാസെയും ബിഗ്‌ളെ സിയാലനും പോലുള്ള മാസ്‌റ്റേഴ്‌സിന്റെ
ചിത്രങ്ങള്‍ കൈയെത്തിപ്പിടിക്കുമ്പോള്‍, അവര്‍
 നമ്മുടെ ചര്‍ച്ചകളില്‍ ചൂടുപിടിക്കുമ്പോള്‍, നാമറിയാതെ സിനിമയുടെ എവറസ്റ്റില്‍ എവിടെയോ ഒക്കെ എത്തിയ ഒരു നിശ്ശബ്ദ അഹങ്കാരം. വിരലുകള്‍ക്കിടയിലൂടെ ഒഴുകിപ്പോയ പത്തുപതിനായിരം രൂപയുടെ മൂല്യം എത്ര തുച്ഛമാണെന്ന തിരിച്ചറിവ്! 

മടങ്ങുമ്പോള്‍ സിനിമകള്‍ മാത്രമല്ല ഒപ്പം പോരുക, എത്രയെത്ര സൗഹൃദങ്ങള്‍ പുതുക്കിപ്പണിതു. പഴയ മുഖങ്ങളുടെ ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ സൗരഭ്യം. സ്‌നേഹം എന്ന കസവുനൂലില്‍ കോര്‍ത്ത സൗഹൃദച്ചങ്ങല. ഒരുപക്ഷേ എന്നെങ്കിലും പിന്‍വാങ്ങി, ചാരുകസേരയില്‍ വിശ്രമിച്ച് , ഉദ്ഘാടനവും വിടവാങ്ങലും ലൈവ് ആയി നിരീക്ഷിക്കേണ്ടി വരുമ്പോള്‍... ജീവിതത്തില്‍ ഇരുട്ടുവീഴുന്ന നാളുകളുടെ തുടക്കം തിരിച്ചറിയുമ്പോള്‍ വേവലാതിപ്പെടാതിരിക്കാനും സിനിമ ഒപ്പം ഉണ്ടാവും. സെവന്‍ത് സീലും പഥേര്‍ പാഞ്ചാലിയും എസ്തപ്പാനും ധൂപക്കുറ്റിയും അതില്‍ നിന്ന് അന്തരീക്ഷത്തിലുയരുന്ന സുഗന്ധവുമായി സാന്ത്വനത്തിന്റെ നക്ഷത്രവിളക്കുകള്‍ പോക്കുവെയിലിന്റെ ആലസ്യത്തില്‍ കൊളുത്തിയിടാന്‍ കൂട്ടായി ഉണ്ടാവും.

ഇതൊരു കഫ്‌കെയ്‌സ്‌കന്‍ ചാരുതയാണ്, മോചനമില്ലാത്ത സ്‌നേഹക്കുരുക്ക്.

ജോര്‍ജ് മാത്യു ഫോണ്‍: 9847921294


Keywords: IFFI, Goa, India, Film Festival, George Mathew

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മണ്ഡോവീതീരത്തെ തീര്‍ത്ഥാടനത്തിന്റെ നാള്‍വഴി