Search

ദിലീപിനെ പുറത്താക്കിയ എഎംഎംഎയെ അഭിനന്ദിച്ച് വനിതാ കൂട്ടായ്മ, ഒപ്പം വിമര്‍ശവും


കൊച്ചി: നടന്‍ ദിലീപ് എഎംഎംഎ അംഗമല്ലെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തിയത് സ്വാഗതം ചെയ്യുന്നുവെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇതേസമയം, ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നതില്‍  എക്‌സിക്യൂട്ടീവ് കമ്മിറ്റി വിമുഖത കാണിച്ചതില്‍ നിരാശയുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ്:


കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ (മുൻപ് ശ്രീ ദിലീപിന്റെ സസ്പെൻഷൻ പിൻവലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും , അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവർ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും , സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്നം അല്ല എന്നും മുഴുവൻ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങൾ പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്‌ഷ്യം ആക്കിയിരുന്നത്. എങ്കിൽ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക , ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും , അവർക്കൊപ്പം ഈ ചെറുത്തുനില്പിൽ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. WCC യോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.


Keywords: Dileep, AMMA, WCC, Manju Warriervyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിനെ പുറത്താക്കിയ എഎംഎംഎയെ അഭിനന്ദിച്ച് വനിതാ കൂട്ടായ്മ, ഒപ്പം വിമര്‍ശവും