Search

മലയാളി ലജ്ജിക്കണം; വെള്ളായണിയുടെ രക്ഷകന്‍ അവതരിച്ചു, അങ്ങ് കെനിയയില്‍ നിന്ന്


സെലഷ് മെറിന്‍ തോമസ് 


സംസ്‌കാരങ്ങള്‍ ഉടലെടുത്തത് നദീതീരങ്ങളിലാണ്. നദിയു
ടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. കേരളം ജലസമൃദ്ധമാണ്. നാല്‍പ്പത്തിനാലു നദികളുടെ നാട്. നിരവധി കായലുകള്‍, കുളങ്ങള്‍, തോടുകള്‍... കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് അര്‍ഹമാക്കിയത് ഈ ജലസമൃദ്ധിയാണെന്നു നിസംശയം പറയാം.

നദികളുടെ സ്വന്തം നാട് വരള്‍ച്ചയുടെ പിടിയിലാണിപ്പോള്‍! പ്രളയത്തില്‍ കുലംകുത്തിയൊഴുകിയ നദികള്‍ മഴയൊന്നു ശമിച്ചപ്പോള്‍ വറ്റിവരണ്ടു. നീരൊഴുക്കുള്ള നദികളും മറ്റു ജലാശയങ്ങളും മാലിന്യ കൂമ്പാരങ്ങളായി.

നഗരഹൃദയത്തിനു തൊട്ടടുത്തുള്ള വെള്ളായണി കായല്‍. പ്രദേശവാസികളുടെ ജലസ്രോതസ് ഇപ്പോള്‍ മലിനമായി, ഉപയോഗ്യശൂന്യമായി, മൃതാവസ്ഥയിലാണ്...

വര്‍ഷങ്ങളായി മലിനമായി കിടക്കുന്ന വെള്ളായണി കായലിനെ ശുദ്ധീകരിക്കാന്‍ കെനിയന്‍ സ്വദേശി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡേവ് ഓജസാണ് വെള്ളായണി കായലിനെ മാലിന്യവിമുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കായലുകളുടെ സംരക്ഷണത്തിനായി സന്നദ്ധസംഘടനകളായ കാന്താരിയും നാം ഉത്സവവും മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലാണ് ഡേവിന്റെ പ്രഖ്യാപനം. ഇതിനായി അണിചേരാന്‍ അദ്ദേഹം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.'തിരുവനന്തപുരം സ്വദേശികളെല്ലാം  27 ന് വെള്ളായണിയില്‍ എത്തണം. വര്‍ഷങ്ങളായി മലിനമായി കിടക്കു കായല്‍ നമുക്കൊരുമിച്ച്  വൃത്തിയാക്കാം. ഒരു കൊല്ലം കൊണ്ട് വെള്ളായണിയെ പരിശുദ്ധമായ കായലാക്കി വീണ്ടെടുക്കാം ' ഡേവ്  പറഞ്ഞു. ഒക്ടോബര്‍ 27 ന് നടക്കു വെള്ളായണി കായല്‍ ശുദ്ധീകരണത്തിനായി ഡേവ് എല്ലാവരെയും ക്ഷണിച്ചു. ഒരു കൊല്ലത്തിനുള്ളില്‍ വെള്ളായണി ശുദ്ധമായ നീരുറവയാക്കുമെന്നാണ് ഡേവിന്റെ വാഗ്ദാനം.

35 വയസ്സിനുള്ളില്‍ 16 രാജ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍  ഡേവ് നടത്തിയിട്ടുണ്ട്. കായല്‍ ശുദ്ധീകരണമാണ് മുഖ്യപ്രവര്‍ത്തനം. ആഫ്രിക്കയില്‍ മാത്രം ഒതുങ്ങുന്നതല്ല ഡേവിന്റെ ആക്ടിവിസം. ലോകം മുഴുവന്‍ പ്രകൃതിയുടെ മൂല്യം ജനങ്ങളെ അറിയിക്കണം. നമ്മുടെ പ്രവൃത്തികള്‍ കൊണ്ട് മലിനമായ പ്രകൃതിയെ നാം തന്നെ ശുദ്ധീകരിക്കണം. അതാണ് ഈ കെനിയന്‍ പ്രകൃതി സ്‌നേഹിയുടെ പോളിസി.

  ആഫ്രിക്കയിലെ ഏറ്റവും വലിയ കായലായ വിക്ടോറിയ, 262 ദശലക്ഷം ജനങ്ങളുടെ ജീവജലമാണ്. പൂര്‍ണമായി മലിനമായി കിടന്ന വിക്ടോറിയ കായല്‍ ശുദ്ധമാക്കി ഡേവ് ജനങ്ങള്‍ക്കു നല്‍കി. അമേരിക്കയിലെ റ്റിട്ടിക്കാത കായലും ഡേവിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി.

ജനങ്ങളുടെ പങ്കാളിത്തത്തോടെ വെള്ളായണി കായലിനെ മാലിന്യമുക്തമാക്കുമെന്ന് ഡേവ് പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കായലിനെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി

ആയിരക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന വെള്ളായണി ശുദ്ധജല തടാകം ഇന്ന് പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ കൂമ്പാരമാണ്. കായലിന്റെ ആവാസ വ്യവസ്ഥയെ വരെ പ്രതികൂലമായി ബാധിക്കുന്ന സസ്യങ്ങളാണ് കായലില്‍ വളരുന്നത്. അവ കായലിനെ കൊന്നുകൊണ്ടിരിക്കുന്നു.


മാലിന്യം കൊണ്ട് മത്സ്യം 

  ഡേവ് സ്വയം വെള്ളായണി കായല്‍ ഒന്നു വൃത്തിയാക്കി. കായലില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് കരകൗശല വസ്തുകള്‍ നിര്‍മ്മിച്ചു. അവ മാനവീയം വീഥിയില്‍ കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നു. സോസിന്റെ കുപ്പികള്‍ കൊണ്ട് വായ, ബിയര്‍ ബോട്ടിലിന്റെ അടപ്പ് കൊണ്ട് കണ്ണ്. ചെരിപ്പു കൊണ്ട് ചെകിളകള്‍, ചിറകായി കാറിന്റെ മാറ്റുകള്‍, ശരീരം മുഴുവന്‍ മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ അങ്ങനെ പാഴ്‌വസ്തുകള്‍ക്കൊണ്ട് മനോഹരമായ മീന്‍ അദ്ദേഹം ഒരുക്കി.


പ്രകൃതിയെ ദ്രോഹിച്ചതിനു കുമ്പസരിക്കാം

വെള്ളായണി കായലില്‍ നിന്നു ശേഖരിച്ച പാഴ്‌വസ്തുക്കള്‍ കര്‍ട്ടനാക്കി, അതുകൊണ്ട് ഒരു കുമ്പസാരക്കൂട് ഡേവ് മാനവീയം വീഥിയില്‍ നിര്‍മ്മിച്ചു. അവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കയറിച്ചെല്ലാം. പ്രകൃതിയോട് ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറയാം. കുമ്പസാരം കഴിയുബോള്‍ പവിത്രമായ കൈകള്‍ പതിപ്പിക്കുന്നതിന് വെള്ളത്തുണിയും പലനിറങ്ങളും ഒരുക്കിയിരുന്നു.

Keywords: Vellayani Lake, kerala, Clean, Save Lakesvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മലയാളി ലജ്ജിക്കണം; വെള്ളായണിയുടെ രക്ഷകന്‍ അവതരിച്ചു, അങ്ങ് കെനിയയില്‍ നിന്ന്