തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇടതു സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ...
തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇടതു സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി.
കടകമ്പോളങ്ങളും ഓഫീസുകളും പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്.
പ്രളയം രൂക്ഷമായി ബാധിച്ച സ്ഥലങ്ങളില്‍ പോലും ഹര്‍ത്താല്‍ പൂര്‍ണമാണ്.
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് മുടക്കി. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കൊച്ചില്‍ കാളവണ്ടി പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് ഉപരോധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന് തിരുവനന്തപുരത്ത് വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഷാഹിദ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലു തകര്‍ത്തു. അസഭ്യം പറയുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നു വിട്ട് ഷാഹിദ സിപിഎമ്മില്‍ ചേര്‍ന്നതിനെയും സമരക്കാര്‍ അധിക്ഷേപിച്ചു.
കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ബന്ദിന്റെ ഭാഗമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കുചേര്‍ന്നു. രാജ്ഘട്ടില്‍ നടന്ന പ്രതിഷേധം കൈലാസ യാത്ര കഴിഞ്ഞെത്തിയ രാഹുലിന്റെ ആദ്യ പൊതു പരിപാടിയായിരുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് സംസ്ഥാനമെമ്പാടും. ഇടതു പാര്‍ട്ടികളും സമരമുഖത്താണ്.
ബംഗളൂരുവില്‍ സ്കൂളുകളും കോളജുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ഭാരത ബന്ദിന് ഭരണകക്ഷിയായ ജനതാദളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. യൂബര്‍, ഒല ഡ്രൈവേഴ്സ് അസോസിയേഷനും ടാക്സി ഡ്രൈവര്‍മാരും കര്‍ണാടക ആര്‍ടിസി തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ നിരത്ത് ശൂന്യമായി.
ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. എന്നിട്ടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബംഗളിന്റെ വിവിധ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ കനത്ത സുരക്ഷില്‍ ഓഫീസുകള്‍ തുറന്നുവച്ചു. എന്‍സിപി ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ബലം പ്രയോഗിച്ചു കടകള്‍ അടപ്പിച്ചു.
COMMENTS