അഭിനന്ദ് ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുഷമാ സ്വരാജും കേരള മുഖ്യമന്ത്രി പിണറായി വിജയനും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും നടത്തിയ ഇടപെ...
അഭിനന്ദ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുഷമാ സ്വരാജും കേരള മുഖ്യമന്ത്രി പിണറായി വിജയനും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും നടത്തിയ ഇടപെടലുകളാണ് വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ദുബായില്‍ ജയില്‍ മോചനത്തിനു വഴിതുറന്നത്.ദുബായിലെ ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്, രാമചന്ദ്രന് വിശ്വസിക്കാവുന്ന ബിസിനസുകാരനും വ്യക്തിയുമാണെന്ന് യുഎഇ ഭരണകൂടത്തിനു ഉറപ്പു കൊടുത്തു.
കുമ്മനമാകട്ടെ, കേന്ദ്ര സര്‍ക്കാര്‍ വഴി മോചനത്തിനുള്ള വഴി തുറന്നുകൊടുത്തു. ഇതിനിടെ, ബാംഗഌരിലെ വ്യവസായി ബിആര്‍ ഷെട്ടി നല്കിയ സാമ്പത്തിക സഹായവും മോചനത്തിനു വഴിയായി. സുഷമാ സ്വരാജ് വ്യക്തിപരമായാണ് ദുബായ് ഭരണകൂടത്തിന് രാമചന്ദ്രനു വേണ്ടി ഉറപ്പുകൊടുത്തത്. ഇതോടെ, അദ്ദേഹത്തിനു പുറത്തെത്താനുള്ള വഴികള്‍ ഒന്നൊന്നായി തുറക്കപ്പെടുകയായിരുന്നു.
മൂന്നു വര്‍ഷമായി ദുബായിലെ ജയിലിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. ഒരാഴ്ച മുന്‍പാണ് ജയില്‍ മോചിതനായത്. ഈ വിവരം പക്ഷേ, മാധ്യമങ്ങള്‍ അറിഞ്ഞിരുന്നില്ലി. കൈരളി ടിവിയില്‍ രാമചന്ദ്രനുമായി ജോണ്‍ ബ്രിട്ടാസിന്റെ എക്സ്ക് ളൂസീവ് ഇന്റര്‍വ്യ വന്നപ്പോഴാണ് മോചന വിവരം പുറത്തറിയുന്നത്. ദുബായില്‍ അദ്ദേഹം എവിടെയാണുള്ളതെന്ന് വ്യക്തമല്ല.
ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഒഫ് ബറോഡ ഉള്‍പ്പെടെ ദുബായില്‍ ശാഖകളുള്ള 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് രാമചന്ദ്രനെതിരേ കേസ് ഫയല്‍ ചെയ്തത്. ആയിരം കോടിയോളം രൂപയാണ് കടമെടുത്തിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ സാമ്പത്തിക സഹായം കൊടുത്ത വ്യക്തിയുമായുള്ള കേസാണ് ബാക്കി നിന്നിരുന്നത്. അതും ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യം ചുമത്തി 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകള്‍ മഞ്ജുവും മരുമകന് അരുണും ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ടു. മഞ്ജു നേരത്തേ ഉപാധികളോടെ ജയില്‍ മോചിതയായിരുന്നു. അരുണും രാമചന്ദ്രനും ജയിലിലായിരുന്നു. രാമചന്ദ്രന്റെ ഭാര്യ ഇന്ദുവാണ് മോചനത്തിന് അശ്രാന്ത പരിശ്രമം നടത്തിയത്. യുഎഇ വിടാതെ തന്നെ ബാധ്യത തീര്‍ക്കാമെന്നാണ് ഇന്ദു രാമചന്ദ്രന് സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്.
അറ്റ്ലസ് ജ്വല്ലറിയുടെ 50 ശാഖകളുടെ ഉടമയായിരുന്നു രാചമന്ദ്രന്‍. 350 കോടി ദിര്‍ഹമായിരുന്നു വാര്‍ഷിക വിറ്റുവരവ്. ദുബായില്‍ മാത്രം 19 ജ്വല്ലറികള്‍ ഉണ്ടായിരുന്നു. പ്രതിസന്ധി വന്നതോടെ ദോഹ, മസ്കറ്റ്, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ ശാഖകളും പൂട്ടി.
ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ ബാധ്യത തീര്‍ക്കാന്‍ എന്‍എംസി ഗ്രൂപ്പിന് വിറ്റിരുന്നു. വന്‍ തുക സ്വര്‍ണ വ്യാപാരത്തില്‍നിന്ന് മാറ്റി ഓഹരി വിപണിയില്‍ നിക്ഷേപിച്ചതാണ് ബിസിനസ് തകരാന്‍ കാരണമായത്.
Keywords: Atlas Ramachandran, Indu Ramachandran, Atlas Group
COMMENTS