Search

നിഷ്‌നിയില്‍ നരകത്തിലെ രണ്ട് പകുതികള്‍


ജോര്‍ജ് മാത്യു

ചില നൊമ്പരങ്ങള്‍ സ്വയംകൃതാനര്‍ത്ഥങ്ങളാണ്. മികച്ച ഉദാഹരണം, നാം വീണ്ടും വീണ്ടും കാണുന്ന ചില സിനിമകളാണ്. ഉദാഹരണം 'കിരീടം'. മലയാളികള്‍ക്ക് ആ സിനിമ മനപ്പാഠമാണ്. അത് ആനന്ദം ഓഫര്‍ ചെയ്യുന്നില്ല. വേദനയാകട്ടെ ആവോളവും!
എന്റെ ജീവിതത്തില്‍ ആവോളം നൊമ്പരം തന്നിട്ടുള്ള നിരവധി സിനിമകളുണ്ട്. 1929 ലെ 'ജോവന്‍ ഒഫ് ആര്‍ക്ക്' (Joan of Arc) മുതല്‍ നീണ്ട നിര. അതില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന സിനിമയാണ് ലോക ക്ലാസിക്കായ നരകത്തിലെ രണ്ട് പകുതികള്‍. (Two Half Times in Hell-Hungary-1961-Zoltán Fábri). ആ ചിത്രത്തെക്കുറിച്ച് ആലോചിക്കാന്‍ ഞാന്‍ മടിക്കും. കാരണം അതിന്റെ ആഘാതത്തില്‍ നിന്നു മുക്തനാകാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടിവരും. ജീവിതം ലുബ്ധമായ കാലയളവാണല്ലോ!

എന്നാലും ഒന്നുരണ്ടു വാചകങ്ങളില്‍ ഉള്ളടക്കം പറയാം. രണ്ടാംലോക മഹായുദ്ധ കാലഘട്ടമാണ് പശ്ചാത്തലം. അറിയാമല്ലോ, പോളണ്ടും ഹങ്കറിയും ചെക്കോസ്ലോവാക്യയുമൊക്കെയാണ് നാസി - ഓഷ്‌വിറ്റ്-ഗസ്റ്റപ്പോ-ഗട്ടോ ഭരണത്തിന്റെ മൃഗീയ ഇരകള്‍. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ കുപ്രസിദ്ധം. അങ്ങനെയൊരു ക്യാമ്പാണ് സിനിമയുടെ പശ്ചാത്തലം.


ഹിറ്റ്‌ലറുടെ ജന്മദിനം അടുത്തുവരികയാണ്. ക്യാമ്പിന്റെ ജനറലിന് ഒരു പൂതി. ഒരു ഫുട്‌ബോള്‍ മത്സരത്തിലൂടെ ഹിറ്റ്‌ലറുടെ ജന്മദിനം ആഘോഷിക്കുക. അങ്ങനെ മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളില്‍ നിന്ന് കുറെപ്പേരെ തിരഞ്ഞെടുത്ത് പാലും മുട്ടയുമൊക്കെ നല്‍കി ജോലിഭാരം കുറച്ച് ഒരു ടീമിനെ വാര്‍ത്തെടുക്കുകയാണ്. ഈ അസുലഭഭാഗ്യം ലഭിക്കാത്തവര്‍ അസ്വസ്ഥരാകുന്നു. അവര്‍ക്കിടയില്‍ ഒരു ഫുട്‌ബോള്‍ താരവുമുണ്ട്. ഒരു ഭാഗ്യപരീക്ഷണത്തിന് അവര്‍ മുതിരുന്നു. ജീവിതം എന്നും എപ്പോഴും ഭാഗ്യപരീക്ഷണങ്ങളാണല്ലോ! ഒന്നുകില്‍ അഭിമാനത്തോടെ മരിക്കാം, അല്ലെങ്കിലും മരിക്കും എന്ന അവസ്ഥ.

ജന്മദിനമായി. ജനറലാണ് മുഖ്യാതിഥി. മത്സരം കടുത്തു. പ്രതിപക്ഷ ടീം ജയിക്കുമെന്നുറപ്പായപ്പോള്‍ ജനറല്‍ ബേജാറായി. പിന്നെ ഒരു പൊരിഞ്ഞ യുദ്ധമായിരുന്നു ഗ്രൗണ്ടില്‍. ഫലം? ഇരുകൂട്ടരും ചത്തൊടുങ്ങി. മൊത്തം സിനിമയും ഒരു യാതനയാണ്. പക്ഷേ, നിര്‍വ്വാഹമില്ല.

ഇക്കുറി ഫുട്‌ബോളില്‍  എന്റെ ഔട്ടിങ്ങുകള്‍ വൈകുന്നേരം അഞ്ചരയ്ക്കും എട്ടരയ്ക്കുമുള്ള  കളികളില്‍ ഒതുക്കി. വാര്‍ദ്ധക്യത്തിന്റെ അസ്‌കിതകള്‍ ആഡംബരങ്ങള്‍ അനുവദിക്കുന്നില്ല. അങ്ങനെ വിജയപൂര്‍വ്വം മുന്നേറവേ, ഇന്നലെ രാത്രി 11.30 ന് അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നു.

അര്‍ജന്റീന എന്നു പറഞ്ഞാല്‍ അറിയാമല്ലോ, എന്നും രാവിലെ നടക്കാനിറങ്ങുമ്പോള്‍,  അടുത്തുള്ള തട്ടുകടയില്‍ ചായകുടിക്കാനെത്തുന്ന മെസ്സിയും ഡി മാരിയോയും മസ്‌ക്കിരാനോയും ഒക്കെ അടങ്ങുന്ന നമ്മുടെ സ്വന്തം ടീം. (മുഷിഞ്ഞ ജഴ്‌സികള്‍ സ്‌നേഹപൂര്‍വ്വം അവര്‍ തരുന്നത് നമ്മള്‍ മലയാളികള്‍ക്കാണല്ലോ!) അടുത്ത ദിവസം രാവിലെ കാണുമ്പോള്‍ കളി എങ്ങനെ ഉണ്ടായിരുന്നു എന്ന് ആരായുമ്പോള്‍, 'ക്ഷമിക്കണം കണ്ടില്ലാശാനേ...' എന്നു പറയുന്നത് നാണക്കേടാണല്ലോ എന്നു കരുതി ഉറക്കമിളയ്ക്കാന്‍ തന്നെ തീരുമാനിച്ചു.

നരകത്തിലെ ഒന്നാം പകുതി തട്ടിയും മുട്ടിയും നീങ്ങി. കമന്റേറ്ററുടെ ഭാഷയില്‍ ഗോള്‍ രഹിതം!

ഇക്കുറി വേള്‍ഡ് കപ്പിന് മലയാളം കമന്ററി ഉണ്ട്. ഷൈജു ദാമോദരനും മറ്റ് രണ്ട് കമന്റേറ്റര്‍മാരും. ഷൈജുവിനെക്കുറിച്ച് എനിക്ക് വലിയ പരാതിയാണ്. അയാള്‍ കളി കാണാന്‍ സമ്മതിക്കില്ല. വഴിമുടക്കും; എണ്ണിയാലൊടുങ്ങാത്ത ചരിത്ര വായ്‌നോട്ടങ്ങള്‍ വിളമ്പിക്കൊണ്ട്. എന്നാല്‍ ഇന്നലെ ഷൈജു തുടക്കത്തിലേ വേവലാതിപ്പെട്ടു, അര്‍ജന്റീനയുടെ ലൈനപ്പിനെ ചൊല്ലി. മൂന്ന് (പ്രതിരോധം), നാല് (മദ്ധ്യനിര), മൂന്ന് (മുന്നേറ്റം) എന്ന സാമ്പ വോളിയുടെ ഫോര്‍മുല ഷൈജു അംഗീകരിച്ചില്ല. ക്രൊയേഷ്യ അപകടകാരികള്‍ ആണെന്നും ഒരു മിഡ് ഫീല്‍ഡറെ എങ്കിലും ഡിഫന്‍സില്‍ ഇറക്കണമെന്നും അയാള്‍ വിളിച്ചുകൂവി. കാര്യം, രാവിലെ ചായ കുടിക്കുമ്പോള്‍ കുശലമൊക്കെ പറയുമെങ്കിലും, സാമ്പ വോളിക്ക്‌  (ഹോര്‍ജെ സാമ്പവോളി-കോച്ച്) മലയാളം തീരെ പോരാ. അതിനാല്‍ ബധിരന്റെ കാതില്‍ വീണതുപോലെയായി ഷൈജുവിന്റെയും കൂട്ടുകാരുടെയും അലമുറകള്‍.

ഫാബ്രിയെ എനിക്ക് ഭയമാണ്. രണ്ടാം പകുതിയിലാണല്ലോ കളി കാര്യമായത്. ഇനിയൊരു ദുരന്തം ഏറ്റുവാങ്ങാന്‍ വേണ്ടി ഉറക്കമൊഴിയേണ്ട എന്നു കരുതി ഞാന്‍ തന്ത്രപൂര്‍വ്വം പിന്‍വാങ്ങി.

ദാ ഇപ്പോള്‍ രാവിലെ പത്രം (ജൂണ്‍ 22) പറയുന്നു : ആ ദുരന്തം നടന്നിരിക്കുന്നു. അര്‍ജന്റീന മരിച്ചു; മെസ്സി മരിച്ചു; സാമ്പ വോളി വീണു.

സോള്‍ത്താന്‍ ഫാബ്രി നീണാല്‍ വാഴട്ടെ!

അടിക്കുറിപ്പ്: നാളെ (ജൂണ്‍ 23) മെസ്സിയുടെ ജന്മദിനമാണ്. 31 വയസ്സ്. ഇനിയൊരു ലോകകപ്പ് ആ മനുഷ്യന്റെ മുന്നിലില്ല. ഇന്നലെ തന്നെയാണ് സ്‌പെയിനിന്റെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പറഞ്ഞത്, മെസ്സിയാണ് മറഡോണയെക്കാള്‍ കേമന്‍ എന്ന്. ഡേവിഡ് ബെക്കാം സ്വപ്‌നം കണ്ടതും മറ്റൊന്നല്ല: ഇംഗ്ലണ്ട് - അര്‍ജന്റീന ഫൈനല്‍. എല്ലാം അസ്ഥാനത്താവുകയാണോ! ഈശ്വരാ!


ലേഖകന്റെ ഫോണ്‍: 98479 21294
കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയെത്തി, ഇനിയാര്...?

ജോര്‍ജ് മാത്യു ചരിത്രത്തിന്റെ രീതിശാസ്ത്രം പിന്നിലൂടെ സഞ്ചരിച്ച് ഒപ്പമെത്തുക എന്നതാണോ, അതോ ഈ നിമിഷത്തില്‍ നിന്ന് പിന്നാക്കം സഞ്ചരിച്ച് പ്രഭവസ്ഥാനത്ത് എത്തുക എന്നതാണോ? തീരെ നിശ്ചയമില്ല. എന്റെ മുന്നില്‍ വളരെ ആശ്വാസം തരുന്ന ഒരു വാര്‍ത്തയുണ്ട്. അതെന്നെ വളരെ പിന്നാക്കം നടത്തുന്നു. ആ യാത്രകൂടി കുറിച്ചുവയ്ക്കണമെന്നത്

പൊതുതാത്പര്യഹര്‍ജി

ജോര്‍ജ് മാത്യു പൊതുതാത്പര്യഹര്‍ജി (PIL) എന്നൊരു ഏര്‍പ്പാടുണ്ടല്ലോ! താത്പര്യമുള്ള ആര്‍ക്കും നിയമവ്യവസ്ഥയിലൂടെ പരാതി സമര്‍പ്പിക്കുവാനുള്ള സംവിധാനം! അതിനെക്കുറിച്ചല്ല പറയാന്‍ താത്പര്യപ്പെടുന്നത്. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ എങ്ങനെ പൊതുവില്‍ മാനവരാശിയുടെ കൂടി താത്പര്യവും വിഷയവും പ്രശ്‌നവുമായി മാറുന്നു എന്നതാണ്. ഇക്കുറി വാര്‍ത്ത
Keywords: Argentina, Leonel Messi, Football, Two Half Times in Hell, Hungary, Zoltán Fábri vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നിഷ്‌നിയില്‍ നരകത്തിലെ രണ്ട് പകുതികള്‍