Search

കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയെത്തി, ഇനിയാര്...?


ജോര്‍ജ് മാത്യു

ചരിത്രത്തിന്റെ രീതിശാസ്ത്രം പിന്നിലൂടെ സഞ്ചരിച്ച് ഒപ്പമെത്തുക എന്നതാണോ, അതോ ഈ നിമിഷത്തില്‍ നിന്ന് പിന്നാക്കം സഞ്ചരിച്ച് പ്രഭവസ്ഥാനത്ത് എത്തുക എന്നതാണോ? തീരെ നിശ്ചയമില്ല. എന്റെ മുന്നില്‍ വളരെ ആശ്വാസം തരുന്ന ഒരു വാര്‍ത്തയുണ്ട്. അതെന്നെ വളരെ പിന്നാക്കം നടത്തുന്നു. ആ യാത്രകൂടി കുറിച്ചുവയ്ക്കണമെന്നത് ഒരു ചരിത്രനിയോഗം ആണെന്ന തോന്നല്‍ പ്രബലപ്പെട്ടിരിക്കുന്നു. അതിനാല്‍, സദയം അതുകൂടി കേള്‍ക്കുക.

1970 ല്‍ ഇറങ്ങിയ കന്നഡത്തിലെ ഒരു അത്ഭുത സിനിമയായിരുന്നു സംസ്‌കാര. ഒരുകൂട്ടം സോഷ്യലിസ്റ്റ് ബുദ്ധിജീവികളുടെ കൂട്ടായ സംരംഭം. പട്ടാഭിരാമറെഡ്ഡി (സംവിധാനം), അദ്ദേഹത്തിന്റെ പത്‌നി സ്‌നേഹലതാ റെഡ്ഡി, പി. ലങ്കേഷ്, ഗിരീഷ് കര്‍ണ്ണാഡ് (എല്ലാവരും പ്രമുഖ നാടക പ്രസ്ഥാനക്കാര്‍) എന്നിവര്‍ അഭിനേതാക്കള്‍.

സംസ്‌കാര എന്ന ചിത്രത്തില്‍ നിന്ന്

യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോവല്‍ സംസ്‌കാരയാണ് സിനിമയ്ക്ക് ആധാരം. മാധ്വ ബ്രാഹ്മണനായ നാരായണപ്പയുടെ മരണമാണ് കഥയുടെ ആണിക്കല്ല്. റിബലായ, മദ്യപനായ, മാംസഭുക്കായ, ദേവദാസിയെ ഇണയായി സ്വീകരിച്ച നാരായണപ്പയുടെ ശവസംസ്‌കാരത്തിലെ സങ്കീര്‍ണ്ണതകളാണ് സിനിമയുടെ വിഷയം. തീക്ഷ്ണമായ അവതരണമായിരുന്നു ചിത്രം. എം.ടിയുടെ നിര്‍മ്മാല്യം സിനിമയാകുവാനുള്ള പ്രചോദനം സംസ്‌കാര ആയിരുന്നു. (പട്ടാഭിരാമറെഡ്ഡിയും സ്‌നേഹലതയും പിന്നീട് അടിയന്തരാവസ്ഥയുടെ ഇരകളായി. ആത്‌സ്മ രോഗിയായ സ്‌നേഹലത ജയില്‍മോചിതയായി അധികകാലം ജീവിച്ചിരുന്നില്ല.)

പി. ലങ്കേഷ് ജീവിതത്തിലും ഒരു റിബല്‍ ആയിരുന്നു. നാല് സിനിമകള്‍ സംവിധാനം ചെയ്തു. നാലോ അഞ്ചോ ചിത്രങ്ങളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകള്‍ കവിതാ ലങ്കേഷ് അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കി ഭെവീരി എന്ന സിനിമ ചെയ്തു. ചിത്രം 1999 ലെ മികച്ച നവാഗത സിനിമയ്ക്ക് ജി. അരവിന്ദന്റെ നാമധേയത്തില്‍ ദേശീയ അടിസ്ഥാനത്തിലുള്ള അരവിന്ദന്‍ പുരസ്‌കാരത്തിന് അര്‍ഹമായി. കവിത 2000 മാണ്ട് മാര്‍ച്ച് 15 ന് തിരുവനന്തപുരത്തെത്തി ചലച്ചിത്രയുടെ അരവിന്ദന്‍ പുരസ്‌കാരം സ്വീകരിച്ചു. അങ്ങനെ കവിതയുമായി ഒരു നേരിയ സൗഹൃദം നിലവില്‍ വന്നു.

2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടു മണിയോടടുപ്പിച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് സ്വന്തം വീട്ടുപടിക്കല്‍ പിടഞ്ഞുവീഴുന്നു. വാര്‍ത്ത അതിവേഗം ചാനലുകള്‍ ഏറ്റെടുക്കുന്നു. ഗൗരി ലങ്കേഷ് എന്നത് തെറ്റിയതാവുമോ? കവിതാ ലങ്കേഷല്ലേ എന്ന് ഞാന്‍ പരിഭ്രമിച്ചു. അവരുടെ ഫോണ്‍ നമ്പരിനായി പരതി. അപ്പോഴേക്കും ഗൗരി ലങ്കേഷിന്റെ ചിത്രങ്ങള്‍ വരാന്‍ തുടങ്ങി. മുടി പറ്റേ വെട്ടിയ ഒരു അന്‍പതുകാരിയുടെ ചിത്രം. എങ്കിലും ഗൗരിയുടെ മരണം സ്ഥിരീകരിച്ച് കഴിഞ്ഞപ്പോള്‍ രക്തം തിളച്ചു.

ഗൗരി ലങ്കേഷ് വെടിയേറ്റു വീണു കിടക്കുന്നു

ആ മരണം ഒരു പരമ്പരയുടെ തുടര്‍ച്ചയായിരുന്നു. ഒരേ ആയുധത്തില്‍ നിന്നുമുള്ള മൂന്നാമത്തെ അരുംകൊല. 7.55 എം.എം വ്യാസമുള്ള നാടന്‍ തോക്ക്. നരേന്ദ്ര ദബോല്‍ക്കര്‍ എന്ന യുക്തിവാദിയുടെ അന്ത്യം ആഗസ്റ്റ് 8, 2013 ല്‍ ആയിരുന്നു, പൂനെയില്‍. ഫെബ്രുവരി 16, 2015ല്‍ കോലാപൂരില്‍ ഗോവിന്ദ് പന്‍സാരെ. 2017 ല്‍ ഗൗരി. ഗിരീഷ് കര്‍ണ്ണാഡ് ഉള്‍പ്പടെ വേറെ 23 പേര്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടുതാനും

കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ണ്ണാടക-മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായി അവശേഷിച്ച അന്വേഷണത്തിന് ഏറെക്കുറെ ഫലം കണ്ടിരിക്കുന്നു.

2012 ജനുവരി ഒന്നിനാണ് ഈ തുടര്‍ക്കഥയുടെ ജനനം. കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഒരു ശാന്തമായ ഗ്രാമത്തിലെ (സിന്ദഗി) തഹസീല്‍ദാരുടെ ഓഫീസ് മന്ദിരത്തിന് മുകളില്‍ പാകിസ്ഥാന്‍ പതാക പാറിവന്നു. അന്നു വൈകുന്നേരം ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ ശംഖൊലി! അതിന്റെ മുന്നണി പോരാളി ഒരു ഇരുപതുകാരന്‍ പരശുറാം വാഗ്‌മോറെ.

വാഗ്‌മോറെ ഇപ്പോള്‍ സിന്ദഗിയില്‍ ഒരു ഇന്റര്‍നെറ്റ് കഫേ നടത്തുന്നു. ജൂണ്‍ പതിനൊന്നിന് രഹസ്യ പൊലീസ് കഫേയില്‍ എത്തുമ്പോള്‍ വാഗ്‌മോറെ ശാന്തനായിരുന്നു. എന്തേ ഇത്ര വൈകിയത് എന്ന ഭാവം!

ശ്രീറാം സേന എന്ന പ്രമോദ് മുത്തലിക്കിന്റെ തീവ്ര ഹിന്ദു സംഘടനയിലേക്ക് മറ്റ് പലരേയും പോലെ പെട്ടുപോയതാണ് വാഗ്‌മോറെ. കര്‍ണ്ണാട, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ആഴത്തില്‍ വേരുകളുള്ള സംഘടന. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ ശക്തമായ പിന്തുണ വേറെ. മൂന്ന് കൊലകളുടെയും കൃത്യമായ പ്രഭവകേന്ദ്രം നവീന്‍ കുമാര്‍ എന്ന ഹിന്ദു യുവസേന നേതാവിന്റേതായിരുന്നു. ആയുധങ്ങള്‍ നല്‍കിയതും വെടിക്കോപ്പുകള്‍ വാങ്ങിയതും നവീന്‍ ആയിരുന്നു. അടുത്ത
ഇരയായ പ്രൊഫ. ഭഗവാന്‍ എന്ന മൈസൂറുകാരനായ യുക്തിവാദിയെ തട്ടുവാനുള്ള ഉദ്യമത്തെ രഹസ്യ പൊലീസ് വിഭാഗം കൃത്യമായി പിന്തുടര്‍ന്നു. അപകടം മണത്ത നവീന്‍ കുമാര്‍ ഉത്തരവാദിത്വം വിശ്വസ്തനായ പ്രവീണ്‍ കുമാറിനെ ഏല്പിച്ച് മുങ്ങി. ഇവര്‍ക്ക് മൊബൈല്‍ ബന്ധങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ 126 കോയിന്‍ ബൂത്തുകള്‍ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഒന്‍പത് മാസം എസ് ഐ ടി പ്രവീണ്‍കുമാറിനെ പിന്തുടര്‍ന്നു. പ്രവീണ്‍ കുടുങ്ങിയപ്പോള്‍ അയാളുടെ ഡയറി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കി. ഒടുവില്‍ നിറകള്‍ ഒഴിച്ച പരശുറാമില്‍ എത്തുകയായിരുന്നു. അമോല്‍ കാലേ (പുണെ), അമിത് ദെഗ്വേക്കര്‍ (ഗോവ), മനോഹര്‍ എടവേ (വിജയപുര), ഒടുവില്‍ പരശുറാം വാഗ്‌മോറെ.

എന്നിട്ടും പന്‍സാരയുടെയും ദബോല്‍ക്കറുടെയും ഗൗരി ലങ്കേഷിന്റെയും കൊലയാളിയുടെ കാര്യത്തിലേ ലക്ഷ്യം കണ്ടുള്ളൂ. കല്‍ബുര്‍ഗ്ഗിയുടെ കൊലയാളികളായി കരുതപ്പെടുന്ന വീരേന്ദ്ര തവാഡെയും സാരംഗ് അകോല്‍ക്കറും ഇപ്പോഴും ഭ്രമണപഥത്തിന് പുറത്തു തന്നെയാണ്.

അടിക്കുറിപ്പ്: ഇന്നലെ (ജൂണ്‍ 17) പ്രമോദ് മുത്തലിക് ഒരു പൊതുയോഗം തന്നെ ബംഗളൂരുവില്‍ സംഘടിപ്പിച്ചു. അദ്ദേഹം അറസ്റ്റിലായ ആറ് വിശുദ്ധ ഹിന്ദുക്കളോടുമുള്ള കൂറ് പ്രഖ്യാപിച്ചു. അവര്‍ ശ്രീറാം സേനക്കാരോ ജനജാഗ്രൃതി സമിതി അംഗങ്ങളോ സനാതന്‍ സന്‍സ്ത അംഗങ്ങളോ അല്ലെന്നും ഉറപ്പിച്ചു പറഞ്ഞു. അപ്പോള്‍ 2012 ല്‍ പരശുറാം വാഗ്‌മോറെയ്ക്ക് വക്കീലിനെ തരപ്പെടുത്തിയതോ എന്നതിന് അവര്‍ നല്ല ഹിന്ദുക്കള്‍ ആയതിനാലും എല്ലാവരാലും തള്ളിക്കളഞ്ഞതിനാലും' എന്നായിരുന്നു മറുപടി.

ലേഖകന്റെ ഫോണ്‍: 98479 21294

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയെത്തി, ഇനിയാര്...?