മോസ്കോ: പ്രതീക്ഷകളുടെ അമിതഭാരവുമായെത്തിയ സാക്ഷാല്‍ ലിയോണല്‍ മെസി ഈ ലോകകപ്പിലെ ദുരന്തനായകനാവുമോ? പെനാല്‍റ്റി കിക്ക് പാഴാക്കി ഐസ് ലന്‍ഡ...
മോസ്കോ: പ്രതീക്ഷകളുടെ അമിതഭാരവുമായെത്തിയ സാക്ഷാല്‍ ലിയോണല്‍ മെസി ഈ ലോകകപ്പിലെ ദുരന്തനായകനാവുമോ? പെനാല്‍റ്റി കിക്ക് പാഴാക്കി ഐസ് ലന്‍ഡിനോട് സമനില പിടിച്ച അര്‍ജന്റീനയെ കരയറ്റാന്‍ പക്ഷേ, മെസ്സിക്കായില്ല.
ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. പിന്നീട് 63ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയതോടെ, ലോക ഫുട്ബോളില്‍ അത്ര വമ്പന്മാരൊന്നുമല്ലാത്ത ഐസ് ലന്‍ഡിനു മുന്നില്‍ അര്‍ജന്റീന മുട്ടുമടക്കുകയായിരുന്നുവെന്നു പറയാം.
സെര്‍ജിയോ അഗ്യൂറോയുടെ ഗോളില്‍ 19ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് നേടി. റോഹോയില്നിന്ന് കിട്ടിയ പാസ് രണ്ടു പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ് ഗംഭീര ഷോട്ടിലൂടെ അഗ്യൂറോ എതിരാളികളുടെ വലയിലെത്തിച്ചു.
പക്ഷേ, നാലു മിനിറ്റിനുള്ളില്‍ ഐസ്ലന്ഡ് മറുപടി നല്കി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ, ഇടതു ഭാഗത്തുനിന്ന് സിഗുഡ്സന്‍ പോസ്റ്റിന് സമാന്തരമായി നീട്ടിക്കൊടുത്ത പാസ് ആല്‍ഫ്രയോ ഫിന്‍ബോഗ്സന്‍ വലയിലെത്തിച്ച് മെസിയെയും കൂട്ടരെയും ഞെട്ടിക്കുകയായിരുന്നു.
അര്‍ജന്റീന രണ്ടാം പകുതിയില്‍ തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഐസ്ലന്ഡ് പ്രതിരോധനിര ഭേദിക്കാനായില്ല. കൃത്യമായി മെസിയെ ഐസ്ലന്ഡ് പൂട്ടുക കൂടി ചെയ്തതോടെ അര്‍ജന്റീന കുഴപ്പത്തിലായി.
ബോക്സില്‍ 64ാം മിനിറ്റില്‍ മെസിയെ ഐസ്ലന്ഡ് പ്രതിരോധക്കാര്‍ വീഴ്ത്തിയതിനു റഫറി സ്പോട് കിക്ക് അനുവദിച്ചു. പക്ഷേ, മെസി എടുത്ത പെനാല്‍റ്റി ഐസ്ലന്ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്സന്‍ സമര്‍ത്ഥമായി തടുത്തിട്ടു. അര്‍ജന്റീനിയന്‍ ആരാധകര്‍ ഒന്നടങ്കം നടുങ്ങിയ നിമിഷം.
പിന്നീടും അര്‍ജന്റീന തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഐസ്ലന്ഡ് പ്രതിരോധം തകര്‍ക്കാനായില്ല.
ബാഴ്സലോണയിലെ മികവ് മെസിക്ക് റഷ്യയില്‍ പുറത്തെടുക്കാനായില്ല. മെസി തല കുനിച്ച് കളം വിടുകയായിരുന്നു.
ഡി സര്‍ക്കിളിന് പുറത്തുനിന്ന് തൊടുത്ത ഒറ്റഷോട്ടില്‍ ഒതുങ്ങി മെസിയുടെ മഹത്വം. പെനാല്‍റ്റി പാഴാക്കിയതോടെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്ളാണ് മെസിക്കു നേരേ ഉയരുന്നത്.
Lionel Messi's penalty miss
Lionel Messi's penalty miss. Brilliant save by Iceland goalkeeper Halldórsson. 👏🏻— FlFA World Cup (@WorIdCupFC) June 16, 2018
[via @EricMoore__]pic.twitter.com/yMRTRFgNp6
COMMENTS