Search

നാടകാന്ത്യം (തത്ക്കാലം) ശുഭം!

ജോര്‍ജ് മാത്യു

ജൂണ്‍ 26. സമയം രാത്രി 11.44. ലോകം ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആ സുഖപ്രസവം! മെസ്സിയുടെ നൂറ് ശതമാനം കയ്യൊപ്പുള്ള ഗോള്‍.
അതിലേക്ക് വരും മുന്‍പ് 26 ന് രാവിലത്തെ ചില അനുബന്ധ വാര്‍ത്തകള്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ചൊവ്വാഴ്ച പതിവുപോലെ രാവിലെ മാതൃഭൂമി വാരിക എത്തി. കവര്‍ചിത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു ചെറുകഥയുടെ ഇലസ്‌ട്രേഷനാണ് മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്ന ശീര്‍ഷകം. താഴെയായി മെസ്സി, 10 എന്നീ പദങ്ങള്‍ അര്‍ജന്റീനയുടെ ജഴ്‌സിയുടെ പിന്‍ഭാഗത്ത് എഴുതിച്ചേര്‍ത്ത് അത് ധരിച്ചയാള്‍ തലയില്‍ ഒരു വലിയചുമടുമായി നടന്നുനീങ്ങുന്നു. ഓര്‍ക്കുക മലയാളത്തിന്റെ പഴക്കംചെന്ന, ആഢ്യത്വമുള്ള, വാരികയുടെ കവര്‍ചിത്രമാണിത്. കഥയിലേക്ക് കടക്കുന്നതേയില്ല. ശീര്‍ഷകം തന്നെ കഥ പറയുന്നുണ്ടല്ലോ.

ഇന്നലെ രാത്രി 11.44 നു ശേഷം ഞാന്‍ ദിനു അലക്‌സിനെ കണ്ടമാനം തെറിവിളിച്ചു. അയാള്‍ ആ നിമിഷത്തില്‍ ഈ ഗോള്‍ കാണുവാന്‍ ജീവിച്ചിരിക്കേണ്ടതായിരുന്നു. അശോകന്‍ ചെരുവില്‍ ഒരു കഥ എഴുതുന്നു. അത് നിരവധി ഇലസ്‌ട്രേഷനുകളിലൂടെ വിപുലപ്പെടുത്തി പത്ത് പുറങ്ങളിലായി വാരിക പ്രസിദ്ധീകരിക്കുന്നു. പത്രങ്ങളായ പത്രങ്ങളൊക്കെ രാത്രി സംഭവിക്കാന്‍ പോകുന്ന കളിയുടെ 'സാധ്യത'കളെക്കുറിച്ച് അനുമാനിച്ച്, വ്യാഖ്യാനിച്ച്, പ്രവചിച്ച് പൊറുതിമുട്ടിക്കുന്നു. മറ്റേതൊരു മലയാളിയെയും പോലെ 7.30 ന്റെ കളി പാതി വഴിയില്‍ ഉപേക്ഷിച്ച് 11.30 ന് അലാറം വച്ച് ഞാന്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. മെസ്സിക്കും അര്‍ജന്റീനയ്ക്കും വേണ്ടി വേപഥുപ്പെടുന്നു. എന്തൊരു ലോകമാണിത്! കേരളത്തിന്റെ എതിര്‍ദിശയില്‍ എവിടെയോ അറ്റ്‌ലാന്റിക് സമുദ്രതീരത്ത് കിടക്കുന്ന, തികച്ചും അന്യമായ ഒരു നാടും അവിടുത്തെ ഒരു മനുഷ്യനും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന ദു:സ്വാതന്ത്യത്തെക്കുറിച്ച് ഞാനിപ്പോള്‍ അത്ഭുതപ്പെടുകയാണ്. കളിക്കിടെ നിരവധി തവണ കാല്‍പ്പന്ത് കളിയുടെ ചക്രവര്‍ത്തി ഡിയാഗോ മറഡോണയെ കണ്ടു. അപ്പോള്‍ തോന്നി നമ്മള്‍ എത്രയോ ഭേദം! മറഡോണ കണ്ണുകള്‍ തുറക്കാന്‍ ഭയക്കുന്നു. നിരന്തരമായ ധ്യാനത്തില്‍.ഫുട്‌ബോള്‍, ഞാന്‍ കരുതിയിരുന്നത്, ഒരു സംഘഗാനം ആണെന്നാണ്. കണ്ടക്ടറുടെ വിരലുകള്‍ക്കിടയിലെ, ബാറ്റണിന്റെ ചലനങ്ങള്‍ക്കൊത്ത് കയറിയും ഇറങ്ങിയും നിശ്ശബ്ദമായും ലയിച്ച് ഒത്തുചേരുന്ന സിംഫണി. എന്നാല്‍ അതൊരു യുദ്ധമാണെന്ന് പഠിപ്പിച്ചുതന്നത് സോള്‍ത്താന്‍ ഫാബ്രിയാണ്. ഇത് യുദ്ധം തന്നെയാണ്. ഇന്നലെയും കാര്യങ്ങള്‍ തീരുമാനിച്ചത് രണ്ടാം പകുതിയിലാണ്. Two Half Times In Hell ലൂടെ കടന്നുപോയ രണ്ട് മണിക്കൂറുകള്‍. നാടകാന്ത്യം ശുഭം!
എന്നാല്‍ മാതൃഭൂമി വാരിക മറ്റൊരു കെണികൂടി ഒരുക്കിവച്ചിരിക്കുന്നു. പതിനെട്ടുകാരന്റെയും പത്തൊന്‍പതുകാരിയുടെയും കഥ നമ്മള്‍ വായിച്ചുവല്ലോ. ജൂണ്‍ ഒന്നിന് അവര്‍ക്കനുകൂലമായി ഹൈക്കോടതി നല്‍കിയ വിധിയെ ആസ്പദമാക്കി, അഡ്വ. രാധിക തയ്യാറാക്കിയ Live In Relation , എന്ന  'വ്യക്തി തീരുമാനങ്ങളും കോടതിയുടെ കാഴ്ചയും' എന്ന നാലുപുറ ലേഖനം. ആ കഥ തുടരുകയാണ്.

ലൗജിഹാദ് നമ്മള്‍ നിരന്തരം കേള്‍ക്കുന്ന പദമാണ്. എന്നാല്‍ Love commondos എന്നത് ജൂണ്‍ 26ലെ പത്രത്തിലൂടെ പരിചയപ്പെട്ട പദങ്ങളാണ്. കൊച്ചിയില്‍ ജൂണ്‍ 25 ന് ഒരു പത്രസമ്മേളനം നടന്നു. സംഘാടകര്‍ സഞ്ജയ് സച്ച്‌ദേവ്, അനില്‍ ജോസ്, അശ്വതി കൃഷ്ണ മുതല്‍പേര്‍. അവര്‍ ദില്ലിയില്‍ നടത്തുന്ന എന്‍ജിഒ ആണ് Love commandos. 20 ലക്ഷത്തില്‍ പരം വോളണ്ടിയേഴ്‌സ്, അഞ്ഞൂറില്‍ പരം ഷെല്‍ട്ടര്‍ ഹോംസ് എന്നിവ സംഘടനയ്ക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഉണ്ട്. പ്രധാന ദൗത്യം നമ്മുടെ അമ്പോറ്റി പിള്ളാരെപ്പോലുള്ളവര്‍ക്ക് കരുതല്‍ നല്‍കുക, പ്രണയ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രണയിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം, സാമൂഹ്യ സഹായം, ഷെല്‍ട്ടര്‍, ജോലിക്കുള്ള അന്വേഷണങ്ങള്‍ തുടങ്ങിയ എല്ലാ കരുതലുകളും തങ്ങള്‍ നല്‍കും എന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. നിങ്ങള്‍ക്ക് പരിശോധിക്കാം. kerala@lovecommandos.org എന്ന മേല്‍വിലാസത്തില്‍. ഫോണ്‍: 9846351897

ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പിള്ളാരെക്കുറിച്ച് ഇത്ര ആകുലപ്പെടേണ്ടിവരില്ലായിരുന്നു. പക്ഷേ, എന്തുകൊണ്ട് എല്ലാ അനുകൂല നിയമങ്ങളും നിലനില്‍ക്കേ, ഇവിടെ സന്നദ്ധ സംഘടനകള്‍ നിലവില്‍ വരേണ്ടിവരുന്നു എന്നത് എന്റെ വേവലാതിയെ ന്യായീകരിക്കുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് പ്രേമം ഒരു പാപമായി മാറാന്‍ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. ഇത് നിര്‍വ്വഹിക്കുന്നത് പൊതുവിടങ്ങള്‍ സദാചാര പൊലീസിലൂടെ സൂക്ഷ്മനിരീക്ഷണത്തില്‍ പ്പെടുത്തിയാണ്. ഏറ്റവും പുതിയ വാര്‍ത്തയാണ്. ഹിന്ദുവില്‍ 27.06.2018 ല്‍ വന്ന നാലുകോളം വലിയ തലക്കെട്ട്. India most unsafe for women  (ഇതുക്കും താഴെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും സോമാലിയയും മാത്രം) തോമസ് റായിട്ടേഴ്‌സ് ഫൗണ്ടേഷന്‍ (Thomas Reuters foundation) നടത്തിയ പഠന സര്‍വ്വേയുടെ വിലയിരുത്തലാണ്. അഞ്ചു വര്‍ഷം മുന്‍പ് വന്ന സര്‍വ്വേയില്‍ അമേരിക്ക ഉള്‍പ്പടെ ഒന്‍പത് രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് താഴെ ഉണ്ടായിരുന്നു. ഇപ്പോള്‍ നമുക്ക് താഴെ മൂന്ന് രാജ്യങ്ങള്‍. വളര്‍ച്ച പടവലംപോലെ എന്നു ചുരുക്കം!

ലേഖകന്റെ ഫോണ്‍: 98479 21294


..http://www.vyganews.com/2018/06/foot-ball-round-up-by-george-mathew.htmlvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നാടകാന്ത്യം (തത്ക്കാലം) ശുഭം!