കോട്ടയം: ദുരഭിമാനക്കൊലപാതകത്തിന് ഇരയായ കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇത...
കോട്ടയം: ദുരഭിമാനക്കൊലപാതകത്തിന് ഇരയായ കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിനിടെ വന്‍ പ്രതിഷേധങ്ങള്‍ക്കു നടുവില്‍ മൃതദേഹം കോട്ടയത്തെത്തിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്ന് പോസ്റ്റുമോര്‍ട്ടം നടത്താനായിരുന്നു ആദ്യ തീരുമാനം. ഇതു പിന്നീട് കോട്ടയത്തു മതിയെന്നു തീരുമാനിക്കുകയായിരുന്നു.
മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞിട്ടുകൊണ്ട് ദലിത് സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ പ്രതിഷേധം നടത്തി. കടുത്ത സംഘര്‍ഷത്തിനൊടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കണം പോസ്റ്റ്മോര്‍ട്ടമെന്നും നടപടിക്രമങ്ങള്‍
വിഡിയോയില്‍ പകര്‍ത്തണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ളതിനാല്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടാണ് കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ ആദ്യം വിലക്കിയതെന്നും സമയോചിത ഇടപെടലുണ്ടായിരുന്നെങ്കില്‍ കൊലപാതകം ഒഴിവാക്കാനാവുമായിരുന്നുവെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി രാഗേന്ദു പറഞ്ഞു.
സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
Keywords: Kevin Murder, Kottayam Medical Collede, Honour Killing
COMMENTS