Search

മൗനം വാചാലം

എം. സുകുമാരന്‍

  • ജോര്‍ജ് മാത്യു

രാവിലെ ആ വാര്‍ത്തയെത്തി. വിഖ്യാതസാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു.

മൂന്നുനാല് ദിവസമായി നഗരത്തിലെ പ്രമുഖ ആശുപത്രിയിലാരുന്നുവത്രേ. ഏറെക്കാലമായി അവശതയിലാണെന്നറിയാം. നല്ല സുഹൃത്തായ അയല്‍പക്കക്കാരന്റെ ആത്മസുഹൃത്താണ്. പണ്ടൊക്കെ ഇടയ്ക്കിടെ അവിടെ വരാറുണ്ടായിരുന്നു. ഒന്നുരണ്ടു തവണ സുഹൃത്തിന്റെ വീട്ടില്‍വച്ച് ലഘുസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സാധു മനുഷ്യന്‍! പ്രശസ്തിയെ കാതമകലെ നിറുത്തുന്ന പ്രകൃതം. ഞാനാരുമല്ല എന്ന ഭാവം! ഒക്കെ ഉള്ളിന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന സ്വത്വമാണെന്ന് ഏതാനും നിമിഷം ഇടപെട്ടാല്‍ മനസ്സിലാക്കാവുന്നത്ര നിഷ്‌കളങ്കന്‍!

അയലത്തെ സുഹൃത്ത് വെളുപ്പിനേ പോയിക്കഴിഞ്ഞിരുന്നു. എന്താണുവേണ്ടതെന്ന് ആലോചിച്ചു. ഒന്നും തീരുമാനിക്കാന്‍ കഴിഞ്ഞില്ല. വരട്ടെ, ന്യൂസ് വരട്ടെ, അപ്പോള്‍ എല്ലാം വ്യക്തമായി അറിയാമല്ലോ!

സ്റ്റീഫന്‍ ഹോക്കിംഗ്‌

എന്തോ, പക്ഷേ, മനസ്സ് സുകുമാരന്റെ മരണത്തില്‍ ഉറയ്ക്കുന്നില്ല. ദൈവത്തെപ്പോലെ കരുതി ഊറ്റംകൊണ്ടിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വേര്‍പാട് രണ്ടു ദിവസം മുന്‍പായിരുന്നു. ഒരു സൂചനയും ലഭിക്കാതെ ഒരശനിപാതം പോലെ ഭവിച്ച ദുഃഖവാര്‍ത്ത. പിന്നെ ഒരു പ്രവാഹമായിരുന്നു എല്ലാ മാധ്യമ സങ്കേതങ്ങളിലും! നിമിഷംപ്രതി വാട്‌സ്ആപ്പ് ചിലച്ചുകൊണ്ടിരുന്ന രണ്ട് ദിവസങ്ങള്‍!

ഈ മനുഷ്യജീവിതത്തില്‍ ഇനി തളര്‍ത്താന്‍ ആ മഹാഗായിക മാത്രമാണ് ബാക്കി. ശാസ്ത്രപ്രതിഭയുടെ മരണത്തിന്റെ ആഘാതമാകാം സാഹിത്യകാരന്റെ വിടവാങ്ങലിനെ ലഘൂകരിച്ചത്. പിന്നെ ഒരു സത്യസന്ധനായ മനുഷ്യന്‍ എന്ന വിശേഷണമായിരുന്നു എന്നും എപ്പോഴും എം സുകുമാരനെക്കുറിച്ചു വായിക്കുമ്പോഴൊക്കെ മനസ്സില്‍ കുറിച്ചിട്ടുള്ളതും. അതും ഇപ്പോള്‍ ഒരപൂര്‍വ്വതയാണല്ലോ!

എല്ലാ ഉപചാരങ്ങളില്‍ നിന്നും മാറിനടന്ന എം സുകുമാരന് സര്‍ക്കാര്‍ വക ആചാരവെടി

എങ്കിലും ഒന്നു പോയി കാണേണ്ടേ? രണ്ട് നിമിഷത്തെ മൗനം, ആദരം!  കഷ്ടിച്ച് മൂന്നു  കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ. ഒന്നിലേറെ തവണ മനസ്സില്‍ വസ്ത്രം ധരിച്ചു, പിന്നെയും മാറി. ആള്‍ക്കൂട്ടത്തിനിടയില്‍! വേണോ? മനസ്സ് സജ്ജമാകുന്നില്ല. അങ്ങനെ വൈകിട്ട് ശാന്തികവാടത്തില്‍ പോകാമല്ലോ എന്നാശ്വസിച്ചു. സമയം പോകുന്തോറും 'വേണ്ട' എന്ന തോന്നലിന് ആക്കം കൂടി! ഇതിപ്പോ ആരെ ബോധിപ്പിക്കാനാണ്? എനിക്കു സ്വയം ബോധ്യപ്പെടുന്നില്ലെങ്കില്‍, ഒരു സത്യസന്ധനായ മനുഷ്യന്റെ മുന്നില്‍ മുഖാവരണത്തോടെ ചെന്നു നില്‍ക്കണോ? അരുത് എന്ന് മറുപടി കിട്ടിക്കൊണ്ടേയിരുന്നു. ആ ചിന്ത അസ്തമിച്ചു.

ഫോണില്‍ അങ്ങനെ ബന്ധപ്പെടാറില്ലാത്ത, വാട്ട്‌സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെടുന്ന ഒരു സുഹൃത്ത് കോട്ടയത്തു നിന്നു രാവിലേ വിളിച്ചന്വേഷിക്കുന്നു. ''സുകുമാരനെ കണ്ടിരുന്നുവോ?' തീരെ അപ്രതീക്ഷിതമായ ചോദ്യം! ''ഇല്ല' എന്ന എന്റെ മറുപടി സുഹൃത്തിനെ അത്ഭുതപ്പെടുത്തി!  'അതെന്താ സര്‍'  എന്നായി അദ്ദേഹം. എന്തോ അറിയില്ല ഒരു മെന്റല്‍ ബ്ലോക്ക്!

സുഹൃത്തിന്റെ വിളി അപ്രതീക്ഷിതമായിരുന്നു. ആ മരണം ഞാന്‍ ഇന്നലെ തന്നെ മറന്നിരുന്നു. 'മരണം' ചില കാലങ്ങളില്‍, ചില ദിവസങ്ങളില്‍ ആഘോഷമായി മാറുമല്ലോ? വാതോരാതെ വന്നു പതിക്കുന്ന ബഹുവചനങ്ങള്‍! മരണം ലളിതവും സുതാര്യവും കാര്യമാത്രപ്രസക്തവുമാണ്, അത്രമാത്രം! എത്രയും വേഗം 'ബോഡി' (ശവം എന്നു പറയാന്‍ ഒരു മടി) എന്ന വസ്തു ഉപയോഗമുള്ള അവയവങ്ങള്‍ മാറ്റി ഒഴിവാക്കണം! ആള്‍ മഹാനാണെങ്കില്‍ ഒരു കൊല്ലമൊക്കെ കഴിഞ്ഞ് നമുക്ക് ആഘോഷം തുടങ്ങാം! അതിനിടെ അയാളുടെ 'പോക്കുവരവുകള്‍' ശ്രദ്ധിക്കാം.

ഞാന്‍ വാതുവയ്ക്കാം, നിങ്ങള്‍ ആഘോഷിച്ച മരണങ്ങളില്‍ 99 ശതമാനവും ദിവസങ്ങള്‍ക്കുള്ളില്‍ മറവിയുടെ ചെറ്റപ്പുരയില്‍ ദ്രവിച്ചിട്ടുണ്ടാകും. സടകുടഞ്ഞു പുറത്തു വരട്ടെ, ഫീനിക്‌സ് പക്ഷിയെപ്പോലെ! അപ്പോള്‍ ആലോചിക്കേണ്ട കാര്യമാണ് അനുസ്മരണങ്ങള്‍!
സാഹിത്യകാരന്‍ അമരനാവട്ടെ എന്നാണ് എന്റെ ആഗ്രഹം!
ഇപ്പോള്‍ ഹൃദയത്തിന്റെ ഭാഷയില്‍ രണ്ട് നിമിഷത്തെ മൗനം!

അടിക്കുറിപ്പ്‌
Keywords: M Sukumaran, Literature, Opinionvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മൗനം വാചാലം