Search

കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക


  • കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ്‌


കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കേന്ദ്രം ആഗ്രഹിക്കുന്ന വടി കേരളം തന്നെ കൊടുക്കുന്നതിനു തുല്യമായി മാറും. ഭരണഘടനയുടെ 356 ാം വകുപ്പ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നു ചുരുക്കം

അഭിനന്ദ്

ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകം ഉള്‍പ്പെടെ, കേരളത്തില്‍ രൂക്ഷമാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇതേ അളവില്‍ മുന്നോട്ടു പോയാല്‍ ഇടതു സര്‍ക്കാരിനു കനത്ത നഷ്ടം പേറേണ്ടിവന്നേക്കും.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് ഏതു തരത്തിലും വരുത്തിത്തീര്‍ക്കാന്‍ ബിജെപി നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. മൂന്നുനാലു ദിവസമായി തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളാണ്. അവിടെ വച്ചുതന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആറ്റുകാലില്‍ സിപിഎം കൗണ്‍സിലറുടെ വീട് ആക്രമിക്കുന്നതു വരെ കാര്യങ്ങള്‍ എത്തിയത്.

പക്ഷേ, ഭരണം കൈയാളുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎം സംയമനം കാട്ടേണ്ടതുണ്ടായിരുന്നു. പക്ഷേ, സിപിഎമ്മിന്റെ കൗണ്‍സിലറും എസ് എഫ് ഐ നേതാവുമടക്കം പോയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ അകത്ത് ഉറങ്ങുമ്പോഴാണ് ഓഫീസ് ആക്രമിക്കപ്പെട്ടത്.

കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നുവെങ്കിലും കൈയോടെ തന്നെ സ്വന്തം നേതാക്കളെ മുഖം നോക്കാതെ പിടിച്ച് അകത്തിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ ഊരാക്കുടുക്കില്‍ നിന്നു തലയൂരിയത്. കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ചവരെ പിന്നീടാണ് പൊലീസ് തിരഞ്ഞിറങ്ങിയത്.അവിടെയും കാര്യങ്ങള്‍ നില്ക്കാതെയാണ് ആര്‍എസ്എസ് കാര്യവാഹകിനെ കണ്ണൂര്‍ ശൈലിയില്‍ മാരകമായി വെട്ടിക്കൊന്നിരിക്കുന്നത്. ഇനി ഇതിനു കണക്കു തീര്‍ക്കാന്‍ ബിജെപി പക്ഷം ആരെയെങ്കിലും വകവരുത്തിയാല്‍ സംഘര്‍ഷം ഇനിയും മൂര്‍ച്ഛിക്കും.

കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ചു തീര്‍ച്ചയായും ഗവര്‍ണര്‍ക്ക് കേന്ദ്രത്തിനു റിപ്പോര്‍ട്ട് കൊടുക്കേണ്ടതുണ്ട്. മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളും റിപ്പോര്‍ട്ട് കൊടുക്കും. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ചീഫ് സെക്രട്ടറിയില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേരിട്ടു വിവരം ശേഖരിക്കും.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കേന്ദ്രം ആഗ്രഹിക്കുന്ന വടി കേരളം തന്നെ കൊടുക്കുന്നതിനു തുല്യമായി മാറും. ഭരണഘടനയുടെ 356 ാം വകുപ്പ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നു ചുരുക്കം.

ഇത്രകാലവും രാഷ്ട്രപതി ഭവനില്‍ കോണ്‍ഗ്രസുകാരനായ പ്രണബ് മുഖര്‍ജി ഉണ്ടായിരുന്നത് പല കക്ഷികള്‍ക്കും ആശ്വാസമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നതും സിപിഎം നേതൃത്വം ഓര്‍ക്കേണ്ടതുണ്ട്.

ജമ്മു കശ്മീരില്‍ പോലും ഭരണ പങ്കാളിത്തം നേടിയ ബിജെപിയെ സംബന്ധിച്ച് ബാലികേറാ മലയായി ശേഷിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. രണ്ടിടത്തും കയറിപ്പറ്റാന്‍ അവര്‍ സാദ്ധ്യമായ വഴികളൊക്കെ തിരയുമെന്നിരിക്കെ, ചില ഓര്‍മകള്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക


വെട്ടേറ്റ രാജേഷുമായി പൊലീസ് ആശുപത്രിയിലേക്കു പാഞ്ഞു, വെട്ടിയെറിഞ്ഞ കൈയുമായി മറ്റൊരു സംഘം അടുത്ത വണ്ടിയില്‍ പിന്നാലെ


Keywords: Kerala, New Delhi, Pinarayi Vijayan, Narendra Modi, CPM, CPI, Law and Ordervyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കേരള സര്‍ക്കാര്‍ അറിയാന്‍... ക്രമസമാധാനം ഇങ്ങനെ പോയാല്‍ കേന്ദ്രം വടിയെടുത്തേക്കാം, രക്ഷിക്കാന്‍ പ്രണബ് ദായുമില്ലെന്നോര്‍ക്കുക