Search

മരണം നിഴല്‍വിരിച്ച അതിര്‍ത്തികളില്‍

അജയ്‌ മുത്താന


അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ലോകം ഏതാണ്ട് ഇന്ത്യയ്‌ക്കൊപ്പം നിന്നു. പക്ഷേ, നമ്മുടെ നാട്ടില്‍ മാത്രം അതിന്റെ പേരിലും വിവാദമുണ്ടായി. ആക്രമണം നടത്തിയെന്നു പറയുന്നത് ശരിയാണോ? ആണെങ്കില്‍ തെളിവ് എവിടെ? ആക്രമണത്തിന്റെ വീഡിയോ കഌപ്പുകള്‍ പുറത്തു വിടൂ എന്നിങ്ങനെയായിരുന്നു ആവശ്യം.

അതെന്തെങ്കിലുമാവട്ടെ. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി പിടിച്ചു നിര്‍ത്തുന്ന ഇന്ത്യന്‍ സൈനികരുടെ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആര്‍ക്കുമാവില്ല. ഏതാണ്ട് സൈനികരും അര്‍ദ്ധ സൈനികരുമായി ഏഴര ലക്ഷത്തോളം സുരക്ഷാഭടന്മാരെയാണ് കശ്മീരിനെ കാക്കാനായി ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഒാരോ ദിവസവും കശ്മീരില്‍ നിന്നു ലീവിനായി നാട്ടിലേക്കു പോകുന്നതും തിരിച്ചെത്തുന്നതും ആയിരക്കണക്കിനു സൈനികരാണ്. അത്രയ്ക്കു ജാഗ്രതയോടെയാണ് കശ്മീരിനെ രാജ്യം കാക്കുന്നത്.

അടുത്തിടെ ജമ്മു കശ്മീരിലേക്കു നടത്തിയ യാത്രയില്‍ കണ്ട കാഴ്ചകളില്‍ ഇന്ത്യന്‍ സൈനികരോടുള്ള ബഹുമാനം പലമടങ്ങുയര്‍ത്തി. ശ്രീനഗറില്‍ നിന്ന് ബണ്ടിപ്പോറയിലേക്കുള്ള യാത്രയില്‍ ചെറിയ അകലങ്ങളില്‍ ഒറ്റയ്ക്കും ഇരട്ടയ്ക്കും സൈനികര്‍ തോക്കുമായി സദാ ജാഗ്രത്തരായി നില്‍ക്കുന്നു.

ഈ നില്‍പ്പ് ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിലും തുടരണം. ചിലപ്പോള്‍ നില്‍പ്പ് പാതയോരത്താണ്. ചിലേടത്തു വയലുകള്‍ക്കു നടുവിലാണ് നില്‍പ്പ്. ഇരുട്ടിന്റെ മറ പറ്റി ശത്രു പിന്നിലൂടെ വന്ന് ആക്രമിച്ചെന്നിരിക്കും. ജീവന്‍ കൈയില്‍ പിടിച്ച് അവര്‍ രാജ്യത്തിനായി കാവല്‍ നില്‍ക്കുന്നു.

ഈ കാവല്‍ അതിര്‍ത്തിയിലേക്കെത്തുമ്പോള്‍ മട്ടു മാറുകയാണ്. അവിടെ ശത്രു കണ്‍മറയത്തു നില്‍പ്പുണ്ട്. അയല്‍ രാജ്യത്തെ സൈനികന്റെ വേഷത്തിലും ജീവന്‍ തൃണവല്‍ഗണിച്ചെത്തുന്ന ഭീകരന്റെ രൂപത്തിലും ശത്രുവുണ്ട്. ഏതു നിമിഷവും ഒരു വെടിയുണ്ടയോ മോര്‍ട്ടാര്‍ ഷെല്ലോ പാഞ്ഞു വരാമെന്ന തിരിച്ചറിവിലാണ് നിയന്ത്രണ രേഖയ്ക്കടുത്തും രാജ്യാന്തര അതിര്‍ത്തിയിലും കാവല്‍.

ഏതാണ്ട് ആറു കിലോമീറ്റര്‍ അകലത്തില്‍ നിന്ന് വരെ 81 എംഎം മോര്‍ട്ടാര്‍ ഷെല്ലു മുതല്‍ 900 മീറ്റര്‍ അപ്പുറത്തുനിന്ന് ലൈറ്റ് മെഷീന്‍ ഗണ്ണിലെ വെടിയുണ്ട വരെ വന്നെത്താം. എല്ലാം കരുതിയാണ് കാവല്‍ നില്‍പ്പ്.

മഞ്ഞു കാലത്താണ് ശത്രുവിന്റെ ശല്യമേറെ. പൂജ്യം ഡിഗ്രിക്കും താഴേയ്ക്കു പോകുന്ന താപനിലയില്‍ മുന്‍ കാലങ്ങളില്‍ നുഴഞ്ഞുകയറ്റം കുറവായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. മറുപക്ഷത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ വെടിവയ്പ്പ് ആരംഭിക്കും. അതിനെ പ്രതിരോധിക്കാന്‍ സൈനികര്‍ ശ്രമിക്കുന്ന വേളയില്‍ മറുവശത്തുകൂടി ഭീകരര്‍ ഇന്ത്യയിലേക്കു കടന്നെത്തിയിരിക്കും.

ഒരേ സമയം ഭീകരരെയും പ്രകൃതിയുടെ ശത്രുതയെയും ശത്രു സൈനികരെയും നേരിടുന്ന ഇന്ത്യന്‍ സേന ഒരു പക്ഷേ, ലോകത്ത് ഏറ്റവും കഠിന പ്രയത്‌നം ചെയ്യുന്ന സൈനികരാണ്. ഇസ്രയേലി സേന ഒരു പരിധിവരെ സമാനമായ സ്ഥിതികളെ നേരിടുന്നുണ്ട്. മറ്റൊരു രാജ്യത്തിന്റെ സേനയ്്ക്കും ഇത്രയേറെ അഗ്നിപരീക്ഷ നേരിടേണ്ടതില്ല.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാര്യങ്ങല്‍ അത്ര സുഖകരമല്ലെങ്കിലും ഒരിക്കലും രണ്ടു പക്ഷത്തും സേനയ്ക്കു ഇത്രയേറെ വെല്ലുവിളികളില്ല. പക്ഷേ, പാകിസ്ഥാന്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ കാര്യങ്ങളാകെ മാറുകയാണ്.

കശ്മീരിലെ ദുര്‍ഗമമായ മലമടക്കുകളില്‍ കണ്ണു ചിമ്മാതെ കാവലിരിക്കുന്ന സൈനികര്‍ക്ക് കാലാവസ്ഥ മോശമായാല്‍ യഥാസമയം ഭക്ഷണമോ വെള്ളമോ മരുന്നോ പോലും കിട്ടാറില്ലെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം. ഭക്ഷണം പോലും വളരെ ചുരുക്കി വച്ചു കഴിച്ചാണ് പലപ്പോഴും സൈനികര്‍ ദിവസങ്ങള്‍ കഴിക്കുന്നത്.

ഒരു സേനാ താവളത്തിലെ സന്ദര്‍ശനത്തില്‍ കിട്ടിയ വിവരങ്ങള്‍ സേനയുടെ കഷ്ടപ്പാടുകളുടെ മറ്റൊരു ചിത്രം കൂടി തന്നു. സൈനിക താവളങ്ങള്‍ ഭീകരരുടെ ഏറ്റവും വലിയ ഉന്നമാണ്. പഠാന്‍കോട്ടും ഉറിയിലുമെല്ലാം നാമതു കണ്ടതാണ്. സ്വയം പ്രതിരോധിക്കാനായി സേനയ്ക്കു ആളും അര്‍ത്ഥവും വലിയ തോതില്‍ ചെലവിടേണ്ടി വരുന്നു.

സേന നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള വ്യാപക പരാതികള്‍ക്കും സൈനികര്‍ക്കു വ്യക്തമായ മറുപടിയുണ്ട്. ജമ്മു കശ്മീരില്‍ കൊടും ഭീകരരുടെ ഗ്രൂപ്പുകള്‍ മുതല്‍ തീവ്ര ചിന്താഗതിക്കാരുടേതു വരെ എത്രയോ ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പുകള്‍ക്കുള്ളിലും സംഘടനകള്‍ക്കുള്ളിലും ഉള്‍പ്പിരിവുകള്‍ വേറെയും.

അവരില്‍ പലര്‍ക്കും ഭീകരവാദം ഒരു ബിസിനസാണ്. കശ്മീരിനെ ഇന്ത്യയില്‍ നിന്നു മോചിപ്പിച്ചു സ്വര്‍ഗമാക്കാനല്ല അവര്‍ ലക്ഷ്യം വയ്ക്കുന്നത്. പാകിസ്ഥാനി ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്നോ, വിദേശങ്ങളില്‍ നിന്നോ ഭീകരത വളര്‍ത്താന്‍ സാമ്പത്തിക സഹായം പറ്റുകയാണ് അവരുടെ ലക്ഷ്യം. അതൊരു നല്ല ബിസിനസായി കൊണ്ടു നടക്കുന്നു. ഒരു കൂട്ടര്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്നു മോചിപ്പിച്ചു പാകിസ്ഥാനില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു.

മറ്റൊരു കൂട്ടര്‍ പാകിസ്ഥാനെയും തള്ളിപ്പറഞ്ഞു സ്വതന്ത്രമായി നില്‍ക്കാന്‍ മോഹിക്കുന്നു. ആശയപരമായി മാത്രം ഭീകരത കൊണ്ടുനടക്കുന്നവര്‍ ചുരുക്കമാണ്. അതുകൊണ്ടു തന്നെ കശ്മീരി ജനതയ്ക്കിടയില്‍ വേരുണ്ടാക്കാന്‍ ഭീകരര്‍ വളരെയേറെ ശ്രമിക്കുന്നുണ്ട്. ആ വേരറുക്കുക സേനയുടെ ദൗത്യവുമാണ്. ആ നീക്കങ്ങള്‍ക്കിടയിലാണ് മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നത്.

ജമ്മു കശ്മീരിലെ പൊലീസിനെ സൈനിക വിഭാഗങ്ങള്‍ക്ക് ഇഷ്ടമല്ലെന്നത് ഒരു നഗ്നസത്യമാണ്. ചെറിയ കൈക്കൂലിക്കു വേണ്ടി പോലും എന്തു വിട്ടുവീഴ്ചയ്ക്കും മടിക്കാത്തവരാണ് പൊലീസുകാര്‍. പൊലീസിനെ ആശ്രയിക്കാന്‍ കഴിയാത്തതും പലപ്പോഴും മനുഷ്യാവകാശ ധ്വംസനത്തിന് ഇടയാക്കുന്നുണ്ട്.

ഗ്രാമീണര്‍ തന്നെയാണ് അവര്‍ക്കിയില്‍ ഭീകരര്‍ വേരുറപ്പിക്കുന്നതിനെക്കുറിച്ചു സേനയ്ക്കു വിവരം കൊടുക്കുന്നത്. കശ്മീരിലെ സൈനികര്‍ ജനോപകാരപ്രദമായ ഒരുപാടു കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. റോഡും പാലങ്ങളും നിര്‍മിക്കുക, കുട്ടികള്‍ക്കു വിദ്യാഭ്യാസ സൗകര്യമൊരുക്കുക, ചികിത്സാ സൗകര്യം നല്കുക, തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക തുടങ്ങി നമ്മള്‍ പുറത്തറിയാത്ത ഒരുപാടു സഹായങ്ങള്‍ സേന സാധാരണക്കാര്‍ക്കു ചെയ്യുന്നുണ്ട്.

അവര്‍ തന്നെയാണ് ഭീകരരെക്കുറിച്ചു സേനയ്ക്കു വിവരം കൊടുക്കുന്നതും. വിവരം കിട്ടിയാല്‍ പലപ്പോഴും സേനയ്ക്കു ഗ്രാമങ്ങള്‍ വളയേണ്ടിവരും. അവിടെ ഭീകരര്‍ സാധാരണക്കാരെ മറയാക്കും. അതു പിന്നീട് പലപ്പോഴും ഗുരുതര പ്രശ്‌നങ്ങളിലേക്കു ചെന്നെത്തുകയും ചെയ്യുന്നു. ഇതാണ് ഇപ്പോള്‍ അതിര്‍ത്തി വിട്ടുള്ള മേഖലകളില്‍ സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാശ്മീരിലെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഭീകരത വളരാന്‍ പ്രധാന കാരണമായി സൈനിക നേതൃത്വം പറയുന്നത്. തൊഴിലില്ലാത്ത യുവാക്കളെ ചെറിയ ചെറിയ വാഗ്ദാനങ്ങളില്‍ ഭീകര സംഘടനകള്‍ കുടുക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിച്ചാല്‍ കശ്മീരിലെ ഭീകരവാദം അടങ്ങുമെന്നാണ് സൈനിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ചാവേറായി വന്നു പൊട്ടിത്തെറിക്കുന്ന ഭീകരര്‍ പലപ്പോഴും മതാന്ധത ബാധിച്ചവരല്ല. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനില്‍ നിന്നുമുള്ള കൂലിപ്പടയാളികളാണ് വലിയൊരു വിഭാഗം. അവര്‍ കൊല്ലുന്ന ഇന്ത്യന്‍ സൈനികരുടെ റാങ്ക് അനുസരിച്ച് അവര്‍ക്കു പ്രതിഫലം കിട്ടും. ഇനി ഭീകരന്‍ മരിച്ചാല്‍ പ്രതിഫലം അവന്റെ വീട്ടുകാര്‍ക്കു നല്കും.

ഈ പണത്തില്‍ കണ്ണുവച്ചാണ് പാക്-അഫ്ഗാന്‍ യുവാക്കളില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ മണ്ണില്‍ ചോരചിന്താനെത്തുന്നതെന്നത് അധികം ചര്‍ച്ചചെയ്യാത്ത വിഷയം. വലിയ പാല്‍ പാത്രത്തില്‍ എകെ 47 തോക്ക് ഒളിപ്പിച്ചു വച്ചുവരെ സാധാരണക്കാരന്റെ വേഷത്തില്‍ ഭീകരര്‍ ആക്രമിക്കാനെത്തുമ്പോള്‍ പലപ്പോഴും സേനയ്ക്കു നേരിടേണ്ടി വരുന്നത് വിവരണാതീതമായ വെല്ലുവിളിയാണ്.

കശ്മീരിലെ തന്നെ സിയാച്ചിനിലെത്തുമ്പോല്‍ കഥയാകെ മാറുകയാണ്. അയ്യായിരം അടി ഉയരത്തിലെ, ലോകത്തിലെ ഏറ്റവും ഉയരത്തിലെ യുദ്ധഭൂമിയെന്ന ഖ്യാതി പതിച്ചുകൊടുത്ത ഇടം കാക്കുന്നതിന് ഇന്ത്യന്‍ സൈനകര്‍ അനുഭവിക്കുന്ന ത്യാഗത്തെക്കുറിച്ച ്അറിയുമ്പോള്‍ നാം ശിരസാ നമിച്ചുപോകും. -50 ഡിഗ്രിവരെ താപനില താഴുന്ന ഇടമാണ് സിയാച്ചിന്‍. അവിടേയ്ക്കു സ്ഥലം മാറ്റം പലപ്പോഴും പണിഷ്‌മെന്റ് പോസ്റ്റിംഗാണ്.  ഇവിടെ പ്രധാന ശത്രു തണുപ്പാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് സിയാച്ചിന്‍ തിരിച്ചുപിടിച്ചതില്‍ പിന്നെ 850 സൈനികരെങ്കിലും തണുപ്പ് അതിജീവിക്കാനാവാതെ ഇവിടെ മരിച്ചുവെന്നാണ് കണക്ക്.

സിയാച്ചിനില്‍ മൂന്നൂ മാസമാണ് ഔദ്യോഗിക പോസ്റ്റിംഗ് കാലം. അതില്‍ കൂടുതലായാല്‍ മരണം പ്രതീക്ഷിക്കാം. പക്ഷേ, ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കിടക്കേണ്ടിവരുന്നുണ്ട് സൈനികര്‍ക്ക്. അടുത്തയാള്‍ വരാതെ രക്ഷപ്പെടാനാവില്ലെന്നതു തന്നെയാണ് ഇവിടം സൈനികര്‍ക്കു തടവറയാവുന്നത്.

മൂന്നു മാസത്തിലധികം സിയാച്ചിനില്‍ പണിയെടുക്കുന്ന സൈനികര്‍ക്ക് ഡിമന്‍ഷ്യ,
ഫ്രോസ്റ്റ് ബൈറ്റ്, ഹൈ ആള്‍റ്റിറ്റിയൂഡ് പള്‍മണറി എഡിമ തുടങ്ങി പല വിധ രോഗാവസ്ഥകളാണ് നേരിടേണ്ടി വരുന്നത്. കാലാവസ്ഥ മോശമായാല്‍ ഇവിടെ ഹെലി കോപ്ടറിനു പോലും പലപ്പോഴും എത്താനാവില്ല. അതുകൊണ്ടു തന്നെ ഇവിടെയും ആഹാരം പോലും പലപ്പോഴും കിട്ടാന്‍ വൈകും. എന്നിട്ടും നമ്മുടെ സൈനികര്‍ സിയാച്ചിനില്‍ ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നു.

ഇതിനപ്പുറം അതിര്‍ത്തിയില്‍ നാമറിയാത്ത എത്രയോ ജീവിതകഥകളുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട ഭീകരതയുടെയും സൈനിക പോരാട്ടങ്ങളുടെയും നടുവില്‍ പെട്ടുപോയ സാധാരണ മനുഷ്യരുണ്ട് അതിര്‍ത്തിയില്‍. അവരുടെ ജീവിതത്തെക്കുറിച്ച് അധികമാരും പറയാറില്ല. കൃഷിയും കാലിമേയ്ക്കലുമാണ് അതിര്‍ത്തിയിലെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍. അതിര്‍ത്തി അശാന്തമായാല്‍ ഇതു രണ്ടും നടക്കാറില്ല.

പാടം ഉഴുതുകൊണ്ടു നില്‍ക്കുന്നവര്‍ ചിലപ്പോള്‍ മോര്‍ട്ടാര്‍ ഷെല്‍ തട്ടി പലതായി ചിതറിപ്പോകും. വിളഞ്ഞു പഴുത്ത പാടങ്ങള്‍ മോര്‍ട്ടാറുകളുടെ ഉഗ്രതയില്‍ കത്തിക്കരിഞ്ഞുപോകും. കന്നുകാലിക്കൂട്ടങ്ങള്‍ മേയ്ക്കാന്‍ കൊണ്ടുപോകാന്‍ പോലുമാകാതെ ആഴ്ചകളോളം പട്ടിണി കിടന്നു ചിലപ്പോള്‍ ചത്തുപോകുന്നു. അതിര്‍ത്തിയിലെ നിവാസിയും പട്ടിണി കിടന്നു മരിക്കുന്നത് പുറം ലോകം അറിയാറില്ല.

സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ അവന്‍ ഭാണ്ഡവും പൂട്ടി താത്കാലിക താവളങ്ങളിലേക്കു മാറണം. അവന്റെ കുട്ടി പഠിക്കുന്നോ, അവനു രോഗം വന്നാല്‍ യഥാസമയം ചികിത്സ കിട്ടുന്നോ എന്നൊന്നും നാം അറിയുന്നുകൂടിയില്ല.

ഉറി പട്ടണത്തിനു പുറത്തുള്ള ഒരു ഗ്രാമത്തിലെ കാഴ്ചയോടെ ഈ കുറിപ്പു നിര്‍ത്താം. ഇതാ, തൊട്ടുമുകളില്‍ കാണുന്ന മനുഷ്യര്‍ ഈ ഗ്രാമത്തിലെ അംഗങ്ങളാണ്. ഇവരുടെയെല്ലാം കാലുകള്‍ ചിതറിത്തെറിച്ചു പോയത് ശത്രു പക്ഷത്തുനിന്നുള്ള വെടിവയ്പ്പിലോ ശത്രുവിനെ ഭയന്ന് നമ്മുടെ സേന എന്നോ കുഴിച്ചിട്ട കുഴി ബോംബില്‍  ചവിട്ടിയോ ആണ്.

ഇനി പറയൂ, ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ രണ്ടു വട്ടം ഇന്ത്യ മുട്ടുകുത്തിക്കുമ്പോഴും ക്രിക്കറ്റില്‍ അവരെ അടിച്ചു നിലംപരിശാക്കുമ്പോഴും മാത്രം ഉണര്‍ന്നാല്‍ മതിയോ നമ്മുടെ ദേശീയത?
.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മരണം നിഴല്‍വിരിച്ച അതിര്‍ത്തികളില്‍