ന്യൂഡൽഹി: ആവശ്യമായ ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വഴി ജർമ്മനിയിലെ മ്യൂണിക്കിലേക്ക് യാത്ര ചെയ്ത സംഭവത്ത...
ന്യൂഡൽഹി: ആവശ്യമായ ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വഴി ജർമ്മനിയിലെ മ്യൂണിക്കിലേക്ക് യാത്ര ചെയ്ത സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്. എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ മന്ത്രാലയം, വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
സെപ്റ്റംബർ 4-നാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയ സംഭവം നടന്നത്. പുലർച്ചെ 12.50-ന് അമൃത്‌സറിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെത്തിയ ഇറ്റാലിയൻ പൗരന്മാർ, ഒരു മണിക്കൂറിനുശേഷം 1.45-ഓടെ ലുഫ്താൻസ വിമാനത്തിലാണ് മ്യൂണിക്കിലേക്ക് പോയത്.
ചെറിയ വിമാനത്താവളങ്ങളിൽനിന്ന് അന്താരാഷ്ട്ര യാത്രക്കാരെ പ്രധാന വിമാനത്താവളത്തിൽ എത്തിക്കുന്ന എയർ ഇന്ത്യയുടെ 'ഹബ് ആൻഡ് സ്പോക്' സംവിധാനം വഴിയാണ് ഇവർ യാത്ര ചെയ്തത്. അമൃത്‌സറിൽ വെച്ചുതന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള ബോർഡിങ് പാസുകൾ നൽകിയിരുന്നു.
ഡൽഹിയിലെത്തിയ ശേഷം ഇവരെ ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് മാറ്റുന്നതിന് പകരം, നേരിട്ട് വിമാനം കയറേണ്ട 39-ാം ഗേറ്റിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇമിഗ്രേഷൻ പരിശോധനകൾ ഒന്നുമില്ലാതെ തന്നെ ഇവർ ലുഫ്താൻസ വിമാനത്തിൽ കയറി രാജ്യം വിടുകയായിരുന്നു. ഡൊമസ്റ്റിക്, ഇന്റർനാഷണൽ ബോർഡിങ് പാസുകൾ നൽകുന്നതിലും യാത്രക്കാരെ വഴിതിരിച്ചുവിടുന്നതിലും എയർ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
Key Words : Immigration checks, Air India

COMMENTS