തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവിന് ശിക്ഷിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ തിരുവ...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവിന് ശിക്ഷിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ജയിലിൽ സി-475 എന്ന തടവുകാരൻ നമ്പറിലാണ് അദ്ദേഹം കഴിയുന്നത്.
കോടതി വിധിക്ക് പിന്നാലെ കോട്ടയത്തുനിന്നും കനത്ത സുരക്ഷയിൽ പൂജപ്പുര ജയിലിൽ എത്തിച്ചയുടൻ തച്ചങ്കരിക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ജയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ പശ്ചാത്തലവും നിലവിലെ ശാരീരിക അസ്വസ്ഥതകളും കണക്കിലെടുത്താണ് പ്രത്യേക മെഡിക്കൽ പരിചരണം ഉറപ്പാക്കാൻ ജയിൽ അധികൃതർ ഈ തീരുമാനമെടുത്തത്. ആശുപത്രി ബ്ലോക്കിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ.
2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തേക്കാൾ 41 ലക്ഷത്തിലധികം രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്ന ആദ്യ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തച്ചങ്കരി.
അതേസമയം, വിജിലൻസ് കോടതിയുടെ വിധി ചോദ്യം ചെയ്ത് തച്ചങ്കരിയുടെ അഭിഭാഷകർ കേരള ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
Key Words : Tomin Thachankary, Jail

COMMENTS