കോട്ടയം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കള്ള് ചെത്ത് വ്യവസായ നയങ്ങളെയും സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമ...
കോട്ടയം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കള്ള് ചെത്ത് വ്യവസായ നയങ്ങളെയും സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരമ്പരാഗത കള്ളുചെത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ മുൻ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മദ്യനയത്തിൽ സർക്കാർ കാണിച്ചത് വലിയ ഇരട്ടത്താപ്പാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
വൻകിടക്കാരുടെ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ വെറും 50 മീറ്റർ ദൂരപരിധി വ്യവസ്ഥ ചെയ്തപ്പോൾ, പരമ്പരാഗത മേഖലയായ കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധി നിശ്ചയിച്ച് സർക്കാർ വിവേചനം കാണിച്ചു. തമ്പ്രാക്കളുടെ ബാറുകൾക്ക് ഇളവ് നൽകുകയും കള്ളുഷാപ്പുകളോട് ക്രൂരത കാണിക്കുകയുമാണ് ചെയ്തത്.
ഇടതുമുന്നണി യോഗങ്ങളിൽ ഈ വിഷയം സി.പി.ഐ നിരന്തരം ഉന്നയിച്ചിരുന്നതാണ്. തങ്ങൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചിരുന്നു. എന്നാൽ ശരിയാണെന്ന് സമ്മതിച്ചതല്ലാതെ കഴിഞ്ഞ അഞ്ച് വർഷക്കാലം ഈ വിഷയത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളിൽപ്പോലും സ്വന്തം അണികൾ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. പരമ്പരാഗത തൊഴിലാളികളെയും സാധാരണക്കാരെയും അവഗണിച്ചതിന്റെ ആഘാതമാണിത്. ഈ പരാജയത്തെക്കുറിച്ച് മുന്നണി നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്താൻ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Key Words : Binoy Viswam, Pinarayi Government, Toddy Shops

COMMENTS