കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സി പി എം നേതാവും മുൻ നിയമസഭ സ്പീക്കറുമായ എ എൻ ഷംസീർ. മതപണ്ഡിതന്മാർ സമൂഹത്തെ പ...
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സി പി എം നേതാവും മുൻ നിയമസഭ സ്പീക്കറുമായ എ എൻ ഷംസീർ. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത് എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇസ്ലാമിക ആഘോഷ വേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ വിവാദ സർക്കുലറിനെതിരായ പ്രതിഷേധം കത്തിനിൽക്കെയാണ് ഷംസീറിന്റെ പ്രതികരണം.
എന്നാൽ, ഒറ്റവരി ഫെയ്സ്ബുക്ക് പോസ്റ്റിൽ ഏതെങ്കിലും സംഘടനയേയോ വ്യക്തിയേയോ പേരെടുത്ത് പരാമർശിച്ചിട്ടില്ല. നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളേയും സ്ത്രീകളേയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും അന്യപുരുഷന്മാർക്കൊപ്പം പ്രത്യക്ഷപ്പെടരുതെന്ന നിർദേശവുമായി കാന്തപുരം വിഭാഗം സർക്കുലർ പുറത്തിറക്കിയത്.
ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. പിന്നീട്, കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ ഈ നിലപാട് എ പി അബൂബക്കർ മുസ്‌ലിയാർ ആവർത്തിച്ചു.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനംകൊണ്ടാണ്. സ്ത്രീകൾ രംഗത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞിരുന്നു.
Key Words : AN Shamseer, Kanthapuram

COMMENTS