തിരുവനന്തപുരം: 40 വർഷത്തിലേറെയായി തുടരുന്ന സുകുമാര കുറുപ്പ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്...
തിരുവനന്തപുരം: 40 വർഷത്തിലേറെയായി തുടരുന്ന സുകുമാര കുറുപ്പ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ കേരള പൊലീസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സുകുമാര കുറുപ്പ് ഹൃദ്രോഗം മൂലം വർഷങ്ങൾക്ക് മുൻപ് മരിച്ചുവെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്.
തീർപ്പാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി 3 മാസം മുൻപാണ് ക്രൈംബ്രാഞ്ച് കേസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങിയത്.
ചാക്കോയെ കൊന്ന ശേഷം ഒളിവിൽ പോയ സുകുമാര കുറുപ്പിനെ കണ്ട ഏക മലയാളിയും ഝാർഖണ്ഡിൽ നഴ്സുമായിരുന്ന ആലപ്പുഴ സ്വദേശി രത്നമ്മയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
രത്നമ്മ ജോലി ചെയ്തിരുന്ന ഝാർഖണ്ഡിലെ ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് 40 വയസ്സായിരുന്നു.
കടുത്ത ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷക്കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് കുറുപ്പുമായി ഒരുവിധ ബന്ധവുമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം ഉടൻ തന്നെ ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും.
1984 ജനുവരി 22-നാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ചാക്കോ എന്ന നിരപരാധിയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച്, താൻ മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ സുകുമാര കുറുപ്പ് ശ്രമിച്ചത്.
കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ദുരൂഹമായ കൊലപാതക കേസുകളിൽ ഒന്നാണ് 1984 ജനുവരി 21-ന് നടന്ന ചാക്കോ വധക്കേസ് (സുകുമാരക്കുറുപ്പ് കേസ്).
അബുദാബിയിൽ ജോലിലി ചെയ്തിരുന്ന സുകുമാരക്കുറുപ്പ് (യഥാർത്ഥ പേര്: ഗോപാലകൃഷ്ണ കുറുപ്പ്), താൻ കാറപകടത്തിൽ മരിച്ചുവെന്ന് വരുത്തിതീർത്ത് ഏകദേശം 30 ലക്ഷം രൂപയുടെ (3,01,616 ദിർഹം) ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടു.
വിക്കിപീഡിയ
തനിക്ക് സമാനമായ ശരീരപ്രകൃതിയുള്ള ആളെന്ന നിലയ്ക്കാണ് ഫിലിം റെപ്രസന്റേറ്റീവായ എൻ. ജെ. ചാക്കോയെ ഹരിപ്പാടിന് അടുത്തുള്ള കരുവാറ്റയിൽ വച്ച് കുറുപ്പും സംഘവും കാറിൽ ലിഫ്റ്റ് നൽകി കയറ്റുന്നത്.
കാറിൽ വച്ച് ഈതർ കലർത്തിയ മദ്യം നൽകി ബോധം കെടുത്തിയ ശേഷം ചാക്കോയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഡ്രൈവിംഗ് സീറ്റിലിരുത്തി മാവേലിക്കരയ്ക്കടുത്തുള്ള കുന്നം (ചാക്കോപ്പാടം) എന്ന സ്ഥലത്തുവെച്ച് കാറടക്കം കത്തിച്ചു.
കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹത്തിന്മേൽ സംശയം തോന്നി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, പൊള്ളലേറ്റ പ്രതികളുടെ അടയാളങ്ങളും കാറിന് സമീപത്തുനിന്ന് ലഭിച്ച തൊണ്ടിമുതലുകളും നിർണ്ണായകമായി.
കൃത്യത്തിൽ പങ്കാളികളായ സുകുമാരക്കുറുപ്പിന്റെ അളിയൻ ഭാസ്കരപിള്ള, വിശ്വസ്തനായ ഡ്രൈവർ പൊന്നപ്പൻ, പ്യൂൺ ഷാഹു എന്നിവരെ പൊലീസ് പിടികൂടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു (ഷാഹു മാപ്പുസാക്ഷിയായി).
സംഭവം നടന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രധാന പ്രതിയായ സുകുമാരക്കുറുപ്പിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്ത്, ബൊക്കാറോ, കൊൽക്കത്ത, ഉത്തർപ്രദേശ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കുറുപ്പിനെ കണ്ടതായി വാർത്തകളും മൊഴികളും വന്നിട്ടുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല.
ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളിൽ ഒരാളായി സുകുമാരക്കുറുപ്പ് തുടരുന്നു. ഈ കഥയെ ആസ്പദമാക്കി 'NH 47', 'പിന്നെയും', 'കുറുപ്പ്' തുടങ്ങിയ സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.


COMMENTS