തിരുവനന്തപുരം : സുകുമാരക്കുറുപ്പാണെന്ന് സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ട വ്യക്തി യഥാർത്ഥത്തിൽ ബ്രൂണെയിൽ കഴിയുന്ന തൃശൂർ കരുമാത്...
തിരുവനന്തപുരം : സുകുമാരക്കുറുപ്പാണെന്ന് സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ട വ്യക്തി യഥാർത്ഥത്തിൽ ബ്രൂണെയിൽ കഴിയുന്ന തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോനാണെന്നു കണ്ടെത്തി.
സുകുമാരക്കുറുപ്പെന്ന പേരിൽ പ്രചരിച്ച ചിത്രത്തിലുള്ളത് വാടക നൽകാൻ പോലും പണമില്ലാതെ ബ്രൂണെ ദാറുസ്സലാമിൽ കഴിയുന്ന ദാമോദര മേനോനാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
വൃക്കസംബന്ധമായ അസുഖങ്ങളും ഓർമ്മക്കുറവും മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇദ്ദേഹം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. വാടക കുടിശ്ശികയായതിനെ തുടർന്ന് വീട്ടുടമസ്ഥയാണ് ഇദ്ദേഹത്തെ ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തിച്ചത്.
മലേഷ്യയിലും ഓസ്ട്രേലിയയിലുമുള്ള ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് നാട്ടിലെ ബന്ധുക്കളെ ബന്ധപ്പെടുകയും, ഇദ്ദേഹത്തെ നാട്ടിലെത്തിച്ചാൽ നോക്കാമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു.
ഇദ്ദേഹത്തെ കേരളത്തിലെത്തിച്ച് അടിയന്തര ചികിത്സയും താമസസൗകര്യവും പുനരധിവാസവും ഉറപ്പാക്കാൻ നോർക്ക റൂട്ട്സും കേരള സർക്കാരും നടപടികൾ സ്വീകരിച്ചുവരുന്നു.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയാണ് നോർക്ക.


COMMENTS